Fri. Nov 22nd, 2024

സ്വയംഭരണത്തിന് വേണ്ടിയുള്ള ലഡാക്ക് ജനതയുടെ മുദ്രാവാക്യം ഇങ്ങനെയാണ്- ‘ഹം അപ്നാ ഹക് മാംഗ്‌തേ, നഹി കിസി സേ ഭീക് മാംഗ്‌തേ’ (ഞങ്ങള്‍ യാചിക്കുകയല്ല, ഞങ്ങളുടെ അവകാശം ആവശ്യപ്പെടുകയാണ്). തങ്ങളുടെ വിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ഭാവി തലമുറയ്ക്ക് ജീവിക്കാമുള്ള ഏക മാര്‍ഗം ആറാം ഷെഡ്യൂളാണെന്നാണ് സമരക്കാര്‍ പറയുന്നത്.

 

വടക്ക് കുന്‍ലുന്‍ പര്‍വതനിരകള്‍ക്കും തെക്ക് ഹിമാലയത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ലഡാക്കിലിപ്പോള്‍ എല്ല് തുളയുന്ന തണുപ്പുകാലമാണ്. ഈ തണുപ്പിനെ വകവെക്കാതെ ലഡാക്കുകാര്‍ നിരാഹാര സമരത്തിലാണ്. കാലാവസ്ഥാ പ്രവര്‍ത്തകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ സോനം വാങ്ചുകിന്റെ 21 ദിവസത്തെ നിരാഹാര സമരത്തിലൂടെയാണ് ലഡാക്കുകാരുടെ പോരാട്ടം പൊതു സമൂഹത്തില്‍ വരുന്നത്. 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് വാങ്ചുക് തന്റെ ബാറ്റണ്‍ ലഡാക്കിലെ സ്ത്രീകള്‍ക്ക് കൈമാറി.

ആരാണ് സോനം വാങ്ചുക്?

പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തകനും വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവുമാണ് സോനം വാങ്ചുക്. എഞ്ചിനീയര്‍, ഗവേഷകന്‍ എന്നീ നിലകളിലും പ്രസിദ്ധനാണ് സോനം. സ്റ്റുഡന്റ്‌സ് എജ്യുക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ മൂവ്‌മെന്റ് ഓഫ് ലഡാക്കിന്റെ (SECMOL) സ്ഥാപക ഡയറക്ടര്‍മാരിലൊരാളായ സോനത്തിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ത്രീ ഇഡിയറ്റ്‌സ് എന്ന ബോളിവുഡ് സിനിമയിലെ ആമിര്‍ ഖാന്‍ അഭിനയിച്ച കഥാപാത്രത്തിന് രൂപം നല്‍കിയത്.

ലഡാക്കിലെ സര്‍ക്കാര്‍ സ്‌കൂളുകളെ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാക്കുന്ന ഓപ്പറേഷന്‍ ന്യൂ ഹോപ് പദ്ധതിക്ക് ചുക്കാന്‍ പിടിച്ചതും സോനം ആയിരുന്നു. ലഡാക്കില്‍ ശൈത്യകാലത്ത് ജലം സംഭരിക്കാനുള്ള ഐസ് സ്റ്റിയുപ് ടെക്‌നിക് പ്രചാരത്തിലെത്തിച്ചതിന് പിന്നിലും സോനത്തിന്റെ ആശയമായിരുന്നു. ശൈത്യകാലത്ത് വെള്ളം ത്രികോണാകൃതിയില്‍ ഐസ് കൂമ്പാരമാക്കി സംഭരിക്കാനുള്ളതായിരുന്നു ഈ ടെക്‌നിക്.

സോനം വാങ്ചുക് Screen grab, Copy right @ AP

1993 മുതല്‍ 2005 വരെ ലഡാക്കില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മാഗസിനായ ലഡാഗ്‌സ് മെലോങ്ങിന്റെ എഡിറ്ററായിരുന്നു സോനം. 2001-ല്‍ ലഡാക്ക് സര്‍ക്കാരിന്റെ വിദ്യാഭ്യാസ ഉപദേശകനായി നിയമിതനായി. ലഡാക്കിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് ഹില്‍ കൗണ്‍സില്‍ സര്‍ക്കാര്‍ രൂപം കൊടുത്ത ലഡാക് 2025-ന്റെ ഡ്രാഫ്റ്റിങ് കമ്മിറ്റി അംഗം, കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ ഗവേണിങ് കൗണ്‍സില്‍ ഫോര്‍ എലമെന്ററി എഡ്യുക്കേഷന്‍ അംഗം, ജമ്മു കശ്മീര്‍ എഡ്യുക്കേഷന്‍ പോളിസി വിദഗ്ധ സമിതി അംഗം തുടങ്ങി നിരവധി പദവികളില്‍ സോനം പ്രവര്‍ത്തിച്ചിട്ടുണ്ട്.

2015 മുതല്‍ ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓള്‍ട്ടര്‍നേറ്റീവ്‌സ് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് സോനം വാങ്ചുക്. ഹിമാലയന്‍ ഭൂപ്രദേശങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോകുന്നത് തടയുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് സോനത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.

ലഡാക്ക് ജനതയുടെ സാമ്പത്തിക- സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് ഫാംസ്റ്റേയ്‌സ് ലഡാക്ക് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചതും സോനമായിരുന്നു. ലഡാക്കിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് പ്രദേശത്തെ ഗ്രാമീണ വീടുകളില്‍ താമസിക്കാനുള്ള സൗകര്യം ഒരുക്കുന്നതായിരുന്നു പദ്ധതി. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള പ്രചരണങ്ങള്‍, ലഡാക്കിന് സ്വയംഭരണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ എന്നിവയിലെല്ലാം എന്നും മുന്‍നിരയില്‍ സോനം വാങ്ചുകും ഉണ്ടായിരുന്നു.

എന്തിന് വേണ്ടിയാണ് ലഡാക്കിലെ സമരം?

കാര്‍ഗില്‍, ലെ ജില്ലകള്‍ അടങ്ങിയതാണ് ലഡാക്ക്. മുസ്ലീങ്ങളും ബുദ്ധമതക്കാരുമാണ് പ്രധാനമായും ലഡാക്കില്‍ ജീവിക്കുന്നത്. ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ ലെ, ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ കാര്‍ഗില്‍ എന്നീ സ്വയംഭരണ അധികാര കേന്ദ്രങ്ങള്‍ക്കായിരുന്നു കാര്‍ഗില്‍, ലെ ജില്ലകളുടെ ഭരണ ചുമതല.

എന്നാല്‍ 2019 ആഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യാനും ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളയാനും പ്രദേശത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റാനുമുള്ള നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ തീരുമാനം ലഡാക്കിന്റെ സ്വാതന്ത്രത്തെ അക്ഷരാര്‍ത്ഥത്തില്‍ അട്ടിമറിച്ചു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ലഡാക്ക് ജമ്മു കശ്മീരില്‍ നിന്ന് വിഭജിക്കപ്പെട്ടു. മാത്രമല്ല സ്വയം ഭരണാധികാരവും ലഡാക്കിന് നഷ്ടമായി. കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിന് കീഴിലാണ് ലഡാക്കിപ്പോള്‍.

സമര പ്രവര്‍ത്തകര്‍ Screen grab, Copy right @ PTI

സ്വയംഭരണപദവി എടുത്ത് കളഞ്ഞതോടെ ഭൂമി, തൊഴില്‍, തദ്ദേശീയ-ഗോത്ര സംസ്‌ക്കാരം, പാരിസ്ഥിതിക സുസ്ഥിരത തുടങ്ങിയവ നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞ സോനം വാങ്ചുക് ഉള്‍പ്പടെയുള്ളവര്‍ ഭരണഘടനാപരമായ തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിപ്പെടുന്നതിന് വേണ്ടിയാണ് സമരരംഗത്തിറങ്ങിയത്.

ലഡാക്കിന് പ്രത്യേക പദവിയും സംസ്ഥാന പദവിയും നല്‍കുക, ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ നടപ്പാക്കുക, ലഡാക്കിന്റെ ദുര്‍ബലമായ ആവാസവ്യവസ്ഥയെ സംരക്ഷിക്കുക, ലഡാക്കിനും കാര്‍ഗിലിനും പ്രത്യേക പാര്‍ലമെന്റ് സീറ്റുകള്‍ നല്‍കുക, ലഡാക്കിനായി പ്രത്യേക പബ്ലിക് സര്‍വീസസ് കമ്മീഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇപ്പോള്‍ സമരം ചെയ്യുന്നത്.

ബാള്‍ട്ടി, ബേഡ, ബോട്ട്, ബോട്ടോ, ബ്രോക്പ, ദ്രോക്പ, ഡാര്‍ഡ്, ഷിന്‍, ചാങ്പ, ഗാര, മോണ്‍, പുരിഗ്പ തുടങ്ങിയ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ ലഡാക്കിലെ ജനസംഖ്യയുടെ വലിയൊരു വിഭാഗമാണെന്നും അതുകൊണ്ട് ആറാം ഷെഡ്യൂള്‍ പദവി വേണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ലഡാക്കിന് പ്രത്യേക സംസ്ഥാന പദവി എന്നത് 1930-കള്‍ മുതല്‍ ഉയരുന്ന ആവശ്യമായിരുന്നു. ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പ്രകാരം അംഗീകരിക്കപ്പെട്ട സംസ്ഥാനങ്ങളുടെ പട്ടികയില്‍ ലഡാക്കിനെ ഉള്‍പ്പെടുത്തുമെന്ന് 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനിടെ ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ഇതുവരെ നടപ്പായിട്ടില്ല.

തദ്ദേശീയ-ഗോത്ര ജനവിഭാഗങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നതും അവരുടെ പരമ്പരാഗത സ്വയംഭരണ സംവിധാനങ്ങള്‍ തുടരാന്‍ അനുവദിക്കുന്നതിന് അവകാശം നല്‍കുന്നതുമാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍. ഭൂമി, വനം, കനാല്‍ വെള്ളം, കൃഷി, ഗ്രാമഭരണം, സ്വത്തിന്റെ അനന്തരാവകാശം, വിവാഹം, വിവാഹമോചനം, സാമൂഹിക ആചാരങ്ങള്‍ എന്നിവ സംബന്ധിച്ച വിഷയങ്ങളില്‍ ഇവര്‍ക്ക് നിയമ നിര്‍മ്മാണം നടത്താം.

2020-ലെ ലോക്കല്‍ ഹില്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും ആറാം ഷെഡ്യൂള്‍ നടപ്പാക്കുമെന്ന് ബിജെപി ആവര്‍ത്തിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും വലിയ ഭൂരിപക്ഷത്തില്‍ ബിജെപി വിജയിച്ചിട്ടും ലഡാക്ക് സംരക്ഷിക്കപ്പെടുമെന്ന വാഗ്ദാനം മാത്രം പാലിക്കപ്പെട്ടില്ല. 50 ശതമാനം ഗോത്ര വിഭാഗങ്ങള്‍ ഉണ്ടെങ്കില്‍ ആറാം ഷ്യെഡൂളില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. ലഡാക്കില്‍ ഗോത്ര വിഭാഗങ്ങള്‍ 97 ശതമാനമാണ്.

സമര പ്രവര്‍ത്തകര്‍ Screen grab, Copy right @ The Wire

2019 ല്‍ ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ ലഡാക്കില്‍ ആറാം ഷെഡ്യൂള്‍ നടപ്പാക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. കൂടാതെ ലെ അപെക്‌സ് ബോഡിയും കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സും 2024 ജനുവരി 23 ന് ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂളിന് കീഴിലുള്ള പദവിയും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകാളൊന്നും ഫലം കാണാതായതോടെയാണ് ലഡാക്കില്‍ സമരം ശക്തമായത്.

ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ എന്നിവയുടെ സംരക്ഷണം ഇല്ലാതായതോടെ പുറത്തുനിന്നുള്ള ആളുകള്‍ക്ക് ഭൂമി വാങ്ങാനും നിക്ഷേപിക്കാനും ബിസിനസ് ആരംഭിക്കാനുമുളള തുറന്ന വിപണിയായി ലഡാക്ക് മാറി. നിക്ഷേപം ഒഴുകുന്ന മണ്ണായി ലഡാക്ക് മാറിയാല്‍ അത് പരിസ്ഥിതി, ഗോത്ര ജീവിതം, സംസ്‌കാരം തുടങ്ങിയവയെ പാര്‍ശ്വവല്‍ക്കരിക്കുമെന്നും ജനങ്ങള്‍ ഭയക്കുന്നുണ്ട്.

ചൈയുടെ കടന്നുകയറ്റവും കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യങ്ങളും കാരണം ലഡാക്കില്‍ ഭൂമി നഷ്ടപ്പെടുകയാണെന്നാണ് വാങ്ചുക് പറയുന്നത്. ലഡാക്ക് ഭൂമിയുടെ തെര്‍മോമീറ്റര്‍ പോലെയാണ്. അത് നശിച്ചാല്‍ അതൊരു ആഗോള ദുരന്തമായി മാറുമെന്നും വാങ്ചുക് മുന്നറിയിപ്പ് നല്‍കുന്നു.

ലഡാക്കിന് ആറാം ഷെഡ്യൂള്‍ പദവി നല്‍കാനുള്ള കേന്ദ്രത്തിന്റെ വിമുഖത, ഖനനത്തിനും വ്യാവസായിക പദ്ധതികള്‍ക്കും ലഡാക്കിന്റെ താഴ്വരകളും ഭൂപ്രകൃതിയും തീറെഴുതിക്കൊടുക്കാന്‍ വേണ്ടിയാണെന്നാണ് സോനം വാങ്ചുക് പറയുന്നത്.

ടൂറിസവും പാരിസ്ഥിതിക പ്രശ്‌നങ്ങളും

ഹിമാനികളും ഹിമ തടാകങ്ങളും നിറഞ്ഞ ഭൂ പ്രദേശമാണ് ലഡാക്ക്. ഇവയാണ് പ്രധാനപ്പെട്ട ജലസ്രോതസ്സ്. ഹിമാനികളും അവയിലെ ജലം ഉള്‍ക്കൊള്ളുന്ന നദീതടങ്ങളും ലോകത്തിലെ തന്നെ ശീതീകരിച്ച ശുദ്ധജല സ്രോതസ്സുകളില്‍ ഒന്നാണ്. കാലാവസ്ഥാ വ്യതിയാനം കാരണം ഹിമാനികള്‍ ഉരുകുന്നത് ഈ പ്രദേശത്തെ ജല ലഭ്യതയെ സാരമായി ബാധിക്കുന്നുണ്ട്.

പരിസ്ഥിതി ലോല പ്രദേശമായ ലഡാക്കില്‍ നിരവധി ജല വൈദ്യുത പദ്ധതികളാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. ബോറാക്‌സ്, സ്വര്‍ണ്ണം, ഗ്രാനൈറ്റ്, ചുണ്ണാമ്പുകല്ല്, മാര്‍ബിള്‍ തുടങ്ങിയ ധാതുക്കളുടെ സംഭരണമുള്ള ലഡാക്കില്‍ ഖനനം ലക്ഷ്യമിട്ട് നിരവധി സ്വകാര്യ വ്യവാസയികളും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ പൊതു-സ്വകാര്യ മേഖലാ കമ്പനികളുമായി കുറഞ്ഞത് പത്ത് ധാരണാപത്രങ്ങളെങ്കിലും കേന്ദ്രം ഒപ്പുവെച്ചിട്ടുണ്ട് എന്നാണ് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടൂറിസം കാരണമുള്ള ലഡാക്കിലെ മലിനീകരണം Screen grab, Copy right @ Mongabay

ഇന്ത്യയിലെ ആദ്യത്തെ ജിയോതെര്‍മല്‍ പവര്‍ പ്ലാന്റ് പുഗ താഴ്വരയില്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷനുമായുള്ള കരാറും ഇതില്‍ ഉള്‍പ്പെടുന്നു. ലേയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പ്രകൃതിദത്തമായ ചൂട് നീരുറവകള്‍ക്ക് പേരുകേട്ടതാണ്. 500 മീറ്റര്‍ വരെ ഭൂമിയില്‍ തുളച്ച് സ്വാഭാവികമായി ഉണ്ടാകുന്ന ചൂടുവെള്ളം വലിച്ചെടുത്ത് അതിന്റെ നീരാവി കൊണ്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയാണിത്.

ഇന്ത്യയിലെ ആദ്യത്തെ ഗ്രീന്‍ ഹൈഡ്രജന്‍ യൂണിറ്റ് സ്ഥാപിക്കുന്നതിന് നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനുമായി മറ്റൊരു ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. സിന്ധു നദിയിലും അതിന്റെ പോഷക നദികളിലും ഏഴ് ജലവൈദ്യുത പദ്ധതികള്‍ നിര്‍മ്മിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ധാരണാ പത്രങ്ങള്‍ക്ക് പുറമെ, സോളാര്‍ പദ്ധതികള്‍ക്കായി ബിഡ്ഡുകള്‍ ക്ഷണിച്ചിട്ടുണ്ട്. കൂടാതെ വൈദ്യുതി പ്രസരണ ലൈനുകള്‍ നിര്‍മ്മിക്കാന്‍ 157 ഹെക്ടര്‍ വനഭൂമി വെട്ടിതെളിക്കാനായി ലഡാക്ക് പവര്‍ ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് അനുമതി തേടിയിട്ടുണ്ട്.

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് പ്രസംഗത്തില്‍ ലഡാക്കില്‍ ഉല്‍പ്പാദിപ്പിക്കുന്ന സൗരോര്‍ജ്ജം ഹരിയാനയിലേക്ക് എത്തിക്കുന്നതിനുള്ള ‘ഇന്റര്‍-സ്റ്റേറ്റ് ട്രാന്‍സ്മിഷന്‍ സിസ്റ്റ’ത്തിന് 8,300 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചിരുന്നു. സീതാരാമന്‍ പരാമര്‍ശിച്ച സൗരോര്‍ജ്ജ പദ്ധതി ലഡാക്കിലെ സാമൂഹികവും പാരിസ്ഥിതികവുമായ ആശങ്കകള്‍ക്ക് കാരണമായ നിരവധി വികസന പദ്ധതികളില്‍ ഒന്നാണ്.

ലേയില്‍ നിന്ന് 180 കിലോമീറ്റര്‍ തെക്കുള്ള പാങ് ഗ്രാമത്തില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സോളാര്‍ ഗ്രിഡിന് 20,000 ഏക്കര്‍ ഭൂമി ആവശ്യമാണ്. ഇതിനു വേണ്ടി പ്രദേശത്തെ ആട്ടിടയന്മാരുമായി വിലപേശല്‍ ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ട്. പദ്ധതി പ്രദേശം പശ്മിന ആടുകളുടെ മേച്ചില്‍ സ്ഥലങ്ങളാണ്. പ്രസിദ്ധമായ പശ്മിന ഷാളുകള്‍ നിര്‍മ്മിക്കുന്നത് ഈ ആടുകളുടെ രോമം ഉപയോഗിച്ചാണ്. പദ്ധതി ആടുവളര്‍ത്തി ജീവിക്കുന്നവരുടെ തൊഴിലിന് വെല്ലുവിളിയായി മാറുമെന്ന ഭയം തദ്ദേശീയര്‍ക്കുണ്ട്.

പശ്മിന ആടുകള്‍ Screen grab, Copy right @ People’s Archive of Rural India

അനിയന്ത്രിതമായ വിനോദ സഞ്ചാരമാണ് ലഡാക്ക് നേരിടുന്ന മറ്റൊരു വെല്ലുവിളി. ലഡാക്കിന് താങ്ങാവുന്നതിലുമപ്പുറമാണ് വിനോദ സഞ്ചാരികളുടെ ഒഴുക്ക്. വേനല്‍ക്കാലത്ത് പ്രദേശവാസികളേക്കാള്‍ കൂടുതല്‍ വിനോദസഞ്ചാരികളാണ് ഇവിടേക്കെത്തുന്നത്. 2022ലെ ആദ്യ എട്ട് മാസങ്ങളില്‍ 4,50,000 വിനോദസഞ്ചാരികളാണ് ലഡാക്ക് സന്ദര്‍ശിച്ചത്.

ലഡാക്കിന്റെ ദുര്‍ബലമായ പരിസ്ഥിതിയെ മനസിലാക്കാതെയുള്ള വിനോദ സഞ്ചാരികളുടെ നിരുത്തരവാദിത്വപരമായ സമീപനവും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും പ്രദേശത്തെ പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിനുമുള്ള സര്‍ക്കാര്‍ പദ്ധതികളും പ്രദേശവാസികളുടെ പ്രതിഷേധങ്ങള്‍ ശക്തമാകാന്‍ കാരണമായി മാറിയിട്ടുണ്ട്.

സ്വയംഭരണത്തിന് വേണ്ടിയുള്ള ലഡാക്ക് ജനതയുടെ മുദ്രാവാക്യം ഇങ്ങനെയാണ്- ‘ഹം അപ്നാ ഹക് മാംഗ്‌തേ, നഹി കിസി സേ ഭീക് മാംഗ്‌തേ’ (ഞങ്ങള്‍ യാചിക്കുകയല്ല, ഞങ്ങളുടെ അവകാശം ആവശ്യപ്പെടുകയാണ്). തങ്ങളുടെ വിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ഭാവി തലമുറയ്ക്ക് ജീവിക്കാമുള്ള ഏക മാര്‍ഗം ആറാം ഷെഡ്യൂളാണെന്നാണ് സമരക്കാര്‍ പറയുന്നത്. ഗോത്ര ഭൂരിപക്ഷ പ്രദേശമെന്ന നിലയില്‍ ആറാം ഷെഡ്യൂള്‍ ലഡാക്കിന്റെ അവകാശമാണ്. അതുകൊണ്ടാണ് യോഗങ്ങളിലും പ്രതിഷേധങ്ങളിലും ഹം അപ്നാ ഹക് മാംഗ്‌തേ, നഹി കിസി സേ ഭീക് മാംഗ്‌തേ എന്ന മുദ്രാവാക്യം ലഡാക്കുകാര്‍ ഉയര്‍ത്തുന്നത്.

FAQs

ആരാണ് സോനം വാങ്ചുക്?

പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തകനും വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവുമാണ് സോനം വാങ്ചുക്. എഞ്ചിനീയര്‍, ഗവേഷകന്‍ എന്നീ നിലകളിലും പ്രസിദ്ധനാണ് സോനം. സ്റ്റുഡന്റ്‌സ് എജ്യുക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ മൂവ്‌മെന്റ് ഓഫ് ലഡാക്കിന്റെ (SECMOL) സ്ഥാപക ഡയറക്ടര്‍മാരിലൊരാളായ സോനത്തിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ത്രീ ഇഡിയറ്റ്‌സ് എന്ന ബോളിവുഡ് സിനിമയിലെ ആമിര്‍ ഖാന്‍ അഭിനയിച്ച കഥാപാത്രത്തിന് രൂപം നല്‍കിയത്.

എന്താണ് ആറാം ഷെഡ്യൂള്‍?

തദ്ദേശീയ-ഗോത്ര ജനവിഭാഗങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നതും അവരുടെ പരമ്പരാഗത സ്വയംഭരണ സംവിധാനങ്ങള്‍ തുടരാന്‍ അനുവദിക്കുന്നതിന് അവകാശം നല്‍കുന്നതുമാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍.

Quotes

“ഭരണഘടന ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയാൽ,അത് ആദ്യം കത്തിക്കുന്നത് ഞാനായിരിക്കും- ഡോ. ബിആർ അംബേദ്കർ

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.