ഡൽഹി: തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യം വെച്ച് സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 50% സംവരണമടക്കമുള്ള പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി. ദരിദ്ര കുടുംബത്തിലെ സ്ത്രീകൾക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപയുടെ ധനസഹായം ബാങ്ക് അക്കൗണ്ടുകൾ വഴി ലഭ്യമാക്കും. അംഗനവാടി, ആശാ വർക്കർമാർ എന്നിവരുടെ ശമ്പളം വർദ്ധിപ്പിക്കും. രാജ്യത്തെ എല്ലാ ജില്ലകളിലും സാവിത്രി ഭായി ഫുലെയുടെ പേരിൽ വനിത ഹോസ്റ്റലുകൾ ഒരുക്കും. സ്ത്രീകൾക്ക് നിയമ സഹായം ഉള്‍പ്പെടെ ലഭ്യമാക്കാന്‍ പഞ്ചായത്ത് തലത്തില്‍ സംവിധാനം തുടങ്ങിയവയാണ് മഹിളാ ന്യായ് ഗ്യാരണ്ടി എന്ന പേരിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലെ ധുലെയില്‍ നടന്ന മഹിളാ റാലിയിലായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. യുവാക്കളെ ലക്ഷ്യം വെച്ച് കോൺഗ്രസ് നേരത്തെ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ സര്‍ക്കാര്‍ സര്‍വീസില്‍ ഒഴിഞ്ഞു കിടക്കുന്ന 30 ലക്ഷം തൊഴിലവസരങ്ങളില്‍ 90 ശതമാനവും ഉടന്‍ നികത്തും. ബിരുദ ഡിപ്ലോമധാരികള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ സ്റ്റൈപ്പന്റ് നല്‍കും. രാജ്യത്തെ തൊഴില്‍ റിക്രൂട്ട്‌മെന്റുകളെ ബാധിക്കുന്ന തരത്തില്‍ ചോദ്യപ്പേപറുകള്‍ ചോരുന്നത് തടയാന്‍ ഇടപെടല്‍ നടത്തും. തൊഴില്‍ സാമൂഹ്യ സുരക്ഷ മെച്ചപ്പെട്ട ജോലി സാഹചര്യവും സാമൂഹ്യ സുരക്ഷയും തൊഴിലാളികള്‍ക്ക് ഉറപ്പാക്കും. ജില്ലാ തലങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കാന്‍ 5000 കോടി നീക്കിവയ്ക്കും തുടങ്ങിയവയാണ് യുവാക്കളെ ലക്ഷ്യം വെച്ച് പ്രഖ്യാപിച്ചത്.