Mon. Nov 25th, 2024

ണിപ്പൂരില്‍ മെയ് 3 ന് ആരംഭിച്ച കലാപം ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. കുക്കി വിഭാഗവും മെയ്‌തേയി വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലാണ് മണിപ്പൂരിനെ ഏതാണ്ട് യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നയിച്ചത്. കലാപ സാഹചര്യത്തിന് ഇടയ്ക്ക് ചെറിയ ആശ്വാസമുണ്ടായെങ്കിലും ഇക്കഴിഞ്ഞ ഞായറാഴ്ചയോടെ മണിപ്പൂര്‍ വീണ്ടും സംഘര്‍ഷഭരിതമായി. സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പോലീസുകാരുള്‍പ്പടെ പത്ത് പേരാണ് മരിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് ഇതുവരെ 80 പേരാണ് മണിപ്പൂരില്‍ കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് നിന്നും 8000-ത്തോളം പേര്‍ മിസോറാമില്‍ അഭയം തേടുകയും ചെയ്തു.

സംഘര്‍ഷഭരിതമായ മണിപ്പൂരില്‍ പോലീസിനും അര്‍ധസൈനിക വിഭാഗങ്ങള്‍ക്കും പുറമെ സൈന്യത്തില്‍ നിന്നും അസം റൈഫിള്‍സില്‍ നിന്നുമുള്ള 10,000ത്തോളം പേരെയും പലയിടത്തായി വിന്യസിച്ചിട്ടുണ്ട്. ജനജീവിതത്തെ താറുമാറാക്കിയ സംഘർഷത്തില്‍ നിരവധി വീടുകളും ക്രിസ്ത്യന്‍ പള്ളികളും കെട്ടിടങ്ങളും എല്ലാം തകർക്കപ്പെട്ടു. എന്നിട്ടും സംസ്ഥാനത്തെ സംഘര്‍ഷാവസ്ഥയെ കേന്ദ്രസര്‍ക്കാരിന് നിയന്ത്രിക്കാനാകുന്നില്ല.

കലാപം പൊട്ടിപുറപ്പെട്ടിട്ട് ഏകദേശം 25 ദിവസങ്ങള്‍ക്ക് ശേഷമാണ് മണിപ്പൂരിലേക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ എത്തുന്നത്. അമിത് ഷാ ഇംഫാലില്‍ എത്തി കൂടിക്കാഴ്ചകള്‍ തുടരുന്നതിനിടയിലും മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ആള്‍ക്കൂട്ടം മണിപ്പൂര്‍ റൈഫിള്‍സിന്റെയും ഐആര്‍ബിയുടെയും ആയുധപ്പുരകളില്‍ നിന്ന് ആയിരത്തിലധികം ആയുധങ്ങളും വെടിക്കോപ്പുകളും കൊള്ളയടിച്ചു. ഞായറാഴ്ച സൈന്യം നാല്‍പതോളം കുക്കി വംശജരെ വധിച്ചതായി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് പറഞ്ഞു. തീവ്രവാദികളായിരുന്ന 40 ഓളം കുക്കി വംശജരെ വധിച്ചുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. എന്നാല്‍ കുക്കി വംശജരെ തീവ്രവാദികളായിരുന്നുവെന്ന് മുഖ്യമന്ത്രി വിശേഷിപ്പിക്കുമ്പോള്‍, സ്വന്തം സ്വത്തുവകകള്‍ക്ക് കാവല്‍ നിന്ന തങ്ങളുടെ വിഭാഗക്കാരെ സൈന്യം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുക്കി വിഭാഗത്തിന്റെ ആരോപണം.

വര്‍ഗീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനായി കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഹമര്‍, കുക്കി, മിസോ, സോമി എന്നീ ഗോത്രവിഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് സ്ത്രീകള്‍ തിങ്കളാഴ്ച ജന്തര്‍ മന്തറിലെത്തി പ്രതിഷേധിച്ചു. ”ഞങ്ങള്‍ ഇന്ത്യക്കാരാണ്. അനധികൃത കുടിയേറ്റക്കാരല്ല. മുഖ്യമന്ത്രി ഞങ്ങളെ തീവ്രവാദികളെന്ന് വിളിക്കുന്നു. ഞങ്ങളുടെ പൂര്‍വികര്‍ സ്വാതന്ത്ര്യസമര സേനിനകളാണ്. ഉറക്കെ പറയുന്നു ഞങ്ങള്‍ ഇന്ത്യക്കാരാണ്” എന്നീ മുദ്രാവാക്യങ്ങളുമായി ദേശീയ പതാകയും പോസ്റ്ററുകളും ഉയര്‍ത്തിയായിരുന്നു അവര്‍ പ്രതിഷേധിച്ചത്.

മണിപ്പൂര്‍ ഹൈക്കോടതിയുടെ വിധിയാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് കാരണമായി മാറിയത്. മണിപ്പൂരിലെ മെയ്തി വിഭാഗത്തിന് പട്ടിക വര്‍ഗ പദവി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ ചെയ്യണമെന്നായിരുന്നു വിധി. ഇതിനെതിരെ നടന്ന ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ച് അക്രമത്തില്‍ കലാശിക്കുകയായിരുന്നു. ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗം തുല്യരായിട്ടുള്ള മണിപ്പൂരില്‍ മെയ്‌തേയികള്‍ ഹിന്ദുവിഭാഗവും കുക്കിവംശജര്‍ ക്രസിസ്ത്യാനികളുമാണ്. മണിപ്പൂരില്‍ താഴ്വരകളില്‍ താമസിക്കുന്നവരാണ് മെയ്‌തേയി വിഭാഗം. ജനസംഖയില്‍ 53 ശതമാനം വരുന്ന ഇവര്‍ക്കാണ് സര്‍ക്കാര്‍ സര്‍വീസുകളിലും രാഷ്ട്രീയത്തിലുമെല്ലാം സ്വാധിനമുള്ളത്.

മണിപ്പൂരിലെ മലനിരകളില്‍ താമസിക്കുന്നവരാണ് നാഗാക്കളും കുക്കി വംശജരും.  ഇവര്‍ ജനസംഖ്യയുടെ 40 ശതമാനത്തോളമാണുള്ളത്. മേയ്‌തേയിക്കാര്‍ക്ക് പട്ടിവവര്‍ഗ പദവി നല്‍കുന്നതോടെ പര്‍വത മേഖലകളില്‍ കഴിയുന്ന ഗോത്രവിഭാഗങ്ങള്‍ക്ക് തങ്ങളുടെ സംവരണാനൂകൂല്യം നഷ്ടപ്പെടുമെന്ന് വന്നതോടെയാണ് നാഗ, കുക്കിവംശജര്‍ മാര്‍ച്ചുമായി രംഗത്തെത്തിയത്. ഇതോടൊപ്പം തന്നെ കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നുവന്നതിന്റെ പേരില്‍ മലനിരകളില്‍ നടത്തിയ സര്‍ക്കാരിന്റെ നടപടിയും പ്രശ്‌നങ്ങള്‍ക്ക് വഴിതെളിച്ചു. നാഗാ, കുക്കി, വിഭാഗങ്ങള്‍ക്ക് പുറമെ മറ്റ് ആദിവാസി വിഭാഗങ്ങളും താമസിച്ചിരുന്ന മേഖല നിക്ഷിപ്ത വന മേഖലയായി പ്രഖ്യാപിച്ചു കൊണ്ടുള്ള സര്‍ക്കാരിന്റെ കുടിയൊഴിപ്പിക്കലും സംഘര്‍ഷത്തിന് കാരണമായി മാറുകയാണ് ചെയ്തത്.

ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ വംശീയകലാപത്തിലേക്ക് നീങ്ങിയപ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കൃത്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ല എന്ന ആക്ഷേപം നാനാഭാഗത്ത് നിന്നും ഉയര്‍ന്നു വന്നു. മണിപ്പൂരില്‍ കലാപം നടക്കുമ്പോഴും സംസ്ഥാന ഭരിക്കുന്ന പാര്‍ട്ടിയും പ്രധാനമന്ത്രിയും കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. മണിപ്പൂരില്‍ സമാധാനാന്തരീക്ഷം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നേതാക്കളും രാഷ്ട്രപതിയെ നേരില്‍കണ്ട് ആവശ്യപ്പെടുകയും ചെയ്തു. ബിജെപിയുടെ വിദ്വേഷത്തിന്റെയും അക്രമ രാഷ്ട്രീയത്തിന്റെയും ഫലമാണ് മണിപ്പൂരിലെ കലാപത്തിന് കാരണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ജനങ്ങളെ ഒന്നിപ്പിച്ച് സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നില്ലെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.

അതേസമയം, മണിപ്പൂരിലെ നിലവിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കണമെന്നും അക്രമം തുടര്‍ന്നാല്‍ മെഡലുകള്‍ തിരിച്ചേല്‍പ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി മണിപ്പൂരിലെ കായിക താരങ്ങള്‍ അമിത് ഷായ്ക്ക് കത്തെഴുതി. ഒളിമ്പിക് മെഡലിസ്റ്റ് മീരഭായി ചാനുവും ലോക ബോക്‌സിംഗ് ചാമ്പ്യന്‍ ലൈഷ്‌റാം സരിതാ ദേവിയും ഉള്‍പ്പടെ 13 കായിക താരങ്ങളാണ് ആഭ്യന്തര മന്ത്രിക്ക് കത്തെഴുതിയത്. മണിപ്പൂരിലെ സ്ഥിതിയില്‍ മാറ്റങ്ങള്‍ വന്നില്ലെങ്കില്‍, സമാധാനം പുനസ്ഥാപിക്കപ്പെട്ടില്ലെങ്കില്‍ ലഭിച്ച മെഡലുകളും അവാര്‍ഡുകളും തിരിച്ചേല്‍പ്പിക്കുമെന്ന് മീരാഭായി ചാനു പറഞ്ഞു. ഞങ്ങള്‍ യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനാണ് ആഗ്രഹിക്കുന്നത്. ഇപ്പോള്‍ കുക്കികളും മെയ്‌തേയികളും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. നിരവധി സംഭാവനകള്‍ കായിക രംഗത്ത് നല്‍കിയ മെയ്‌തേയി വിഭാഗങ്ങള്‍ക്ക് ബഹുമാനം നല്‍കുന്നില്ലെന്നും സരിതാ ദേവി പറഞ്ഞു.

സംഘര്‍ഷത്തെ തുടര്‍ന്ന് ഇംഫാലില്‍ എത്തിയ അമിത് ഷാ മണിപ്പൂരിലെ അക്രമത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പരിഗണിക്കാമെന്ന് ചര്‍ച്ചയില്‍ വ്യക്തമാക്കിയിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനും തയ്യാറാണെന്നും ഗോത്രവര്‍ഗ നേതാക്കളുമായുള്ള ചര്‍ച്ചയില്‍ അമിത് ഷാ ഉറപ്പുനല്‍കി. എന്നാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് നേതാക്കള്‍. സമാധാനം തകര്‍ക്കുന്ന ഏത് പ്രവര്‍ത്തനങ്ങളെയും കര്‍ശനമായി നേരിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കുകയും ചെയ്തു. ചര്‍ച്ചകളിലൂടെയും മറ്റും നിലവിലെ കലാപം കെട്ടടിങ്ങിയാലും മണിപ്പൂര്‍ സാധാരണഗതിയിലേക്കെത്താന്‍ കാലങ്ങളെടുക്കും.

 

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം