Sun. Apr 21st, 2024
modi sydney visit

ലോകമെമ്പാടുമുള്ള തീവ്രവലതുപക്ഷ ഭരണകൂടങ്ങള്‍ തമ്മിലൊരു സംഖ്യമുണ്ടെന്നുള്ളതൊരു വസ്തുതയാണ്

പ്രധാനമന്ത്രി നരേന്ദ്ര മോദി സിഡ്‌നിയിൽ തന്‍റെ ഓസ്‌ട്രേലിയൻ പര്യടനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി ആന്‍റണി അല്‍ബനീസുമായി ഉഭയകക്ഷി ചർച്ച നടത്തിയ അതേദിവസം തന്നെ, 2002 ലെ ഗുജറാത്ത് കലാപത്തിൽ മോദിയുടെ പങ്ക് ആരോപിക്കപ്പെടുന്ന ബിബിസി ഡോക്യുമെന്‍ററി കാൻബറയിലെ പാർലമെന്‍റ് ഹൗസിൽ പ്രദർശിപ്പിക്കുകയുണ്ടായി. ഓസ്ട്രേലിയയിലെ ഒരു കൂട്ടം നിയമനിര്‍മ്മാതാക്കളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സംഘമാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. 40 മിനിറ്റ് വരുന്ന ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനത്തിനുശേഷം പ്രമുഖര്‍ ഉള്‍പ്പെടെ പങ്കെടുത്ത പാനല്‍ ചര്‍ച്ചയും നടക്കുകയുണ്ടായി. ഓസ്‌ട്രേലിയൻ ഗ്രീൻസ് സെനറ്റർ ജോർദാൻ സ്റ്റീൽ-ജോൺ, ഡേവിഡ് ഷൂബ്രിഡ്ജ്, മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന്‍റെ മകൾ ആകാശി ഭട്ട്, സൗത്ത് ഏഷ്യൻ സോളിഡാരിറ്റി ഗ്രൂപ്പിലെ ഡോ. കല്പന വിൽസൺ എന്നിവര്‍ ചാനല്‍ ചര്‍ച്ചയിലെ പ്രധാന മുഖങ്ങളായി.

BBC DOCUMENTARY

“ഇന്ത്യയിൽ, സത്യം പറയുന്നതും ഒരു കുറ്റകൃത്യമാണ്. തീവ്രവലതുപക്ഷ സ്വഭാവമുള്ള ഭരണകൂടത്തിനു കീഴിലുള്ള ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ജീവിതാനുഭവങ്ങളുടെ സത്തയാണ് ഈ ഡോക്യുമെന്‍ററിയെന്ന്,” ഗ്രീൻസ് സെനറ്റർ ഡേവിഡ് ഷൂബ്രിഡ്ജ് അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയയില്‍ താമസിക്കുന്ന ഇന്ത്യക്കാരില്‍ പലരോടും ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ചതിലൂടെ, അവര്‍ക്ക് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിലുള്ള ഭയം വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനാല്‍ ആ ജോലിയാണ് ഇപ്പോള്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയെയും മറ്റു രാഷ്ട്രീയ നേതാക്കളെയും ഏല്‍പ്പില്പിക്കാന്‍ ശ്രമിക്കുന്നതെന്ന് മോദിയുടെ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തെ ഉന്നംവച്ച് അദ്ദേഹം പറഞ്ഞു. ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഇതിനു സമാനമായി മനുഷ്യാവകാശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ അതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിക്കാതെ ചൈനയുമായി കൈകൊടുക്കുകയുണ്ടായി. അന്നു പഠിച്ച അതേ പാഠങ്ങള്‍ ഒരിക്കല്‍ കൂടി ഓസ്ട്രേലിയ പഠിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും ഡേവിഡ്‌ ഷൂബ്രിഡ്ജ് പാനല്‍ ചര്‍ച്ചയില്‍ നല്‍കി. 

BBC DOCUMENTARY

ഡോക്യുമെന്‍ററിയില്‍ കാണുന്ന കാര്യങ്ങള്‍ കേവലം വിഷയത്തിന്‍റെ ഉപരിതലത്തില്‍ മാത്രം നില്‍ക്കുന്നതാണെന്നും യഥാര്‍ത്ഥത്തില്‍ ഗുജറാത്ത് കത്തുകയായിരുന്നുവെന്നും അവിടെ മുസ്ലീങ്ങളെ നിഷ്കരുണം തിരഞ്ഞുപിടിച്ച് വേട്ടയാടുകയായിരുന്നുവെന്നും ആകാശി ഭട്ട് അഭിപ്രായപ്പെട്ടു.

MODI AND ALBANESE

ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള കടുത്ത ഭീഷണിയാണ് ഹിന്ദുത്വം ഉയര്‍ത്തുന്നത്. അതിനെ കൃത്യമായി അഭിസംബോധന ചെയ്യേണ്ടത് ആവശ്യമാണെന്ന് മാസി സര്‍വകലാശാല പ്രൊഫസര്‍ മോഹന്‍ ദത്ത പറഞ്ഞു. 

GUJARAT RIOT

ഇന്ത്യയിലെ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ച് മോദിയുമായി സംസാരിക്കുന്നതിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി പരാജയപ്പെട്ടതിൽ ആശങ്ക പ്രകടിപ്പിച്ച ഗ്രീന്‍സ് സെനറ്റര്‍ ജോർദാൻ സ്റ്റീൽ-ജോൺ, ആ വിഷയത്തിലുള്ള തന്‍റെ നിരാശ എത്രത്തോളമെന്ന് ചര്‍ച്ചയില്‍ വിശദീകരിക്കുകയും ചെയ്തു. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയോടും വിദേശകാര്യ മന്ത്രിയോടും തങ്ങള്‍ വ്യക്തമാക്കിയ പല മനുഷ്യാവകാശ ആശയങ്ങളും ചര്‍ച്ചയില്‍ വരാത്തതിലുള്ള രോഷവും അദ്ദേഹം പ്രകടിപ്പിച്ചു. ഇന്ത്യയുമായുള്ള ബന്ധത്തെ ആഴത്തിൽ വിലമതിക്കുന്ന ഒരു രാഷ്ട്രത്തലവൻ എന്ന നിലയിൽ പ്രധാനമന്ത്രി ആന്‍റണി അല്‍ബനീസും വിദേശകാര്യ മന്ത്രി പെന്നി വോംഗും അല്പംകൂടി കാര്യങ്ങളെ വിമർശനാത്മകമായി കാണണമെന്നും ഇന്ത്യയിലെ മനുഷ്യാവകാശങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കാന്‍ തയ്യാറാവണമെന്നും ഓസ്ട്രേലിയിലെ പലരും ആഗ്രഹിക്കുന്നുണ്ടെന്ന് ജോര്‍ദാന്‍ സ്റ്റീല്‍-ജോണ്‍ കൂട്ടിച്ചേര്‍ത്തു. പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പുകളെ തുറന്നു കാണിക്കാന്‍ മോദി തന്‍റെ രാഷ്ട്രീയതന്ത്രം ഉപയോഗപ്പെടുത്തി എന്നത് ഇവിടെ വ്യക്തമാണെന്നതിനാല്‍, ഓസ്ട്രേലിയ, കാര്യങ്ങളെ സത്യസന്ധമായി സംവദിക്കേണ്ടതുണ്ടെന്നും, മുസ്ലീങ്ങളോടും ന്യൂനപക്ഷങ്ങളോടും പ്രത്യേകിച്ച് മാധ്യമ പ്രവര്‍ത്തകരോടുമൊക്കെ ഓസ്ട്രേലിയ ഏതു രീതിയിലാണ് പെരുമാറുന്നതെന്നുമുള്ള യാഥാര്‍ത്ഥ്യം ഇന്ത്യയോട് തുറന്നു സംസാരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചര്‍ച്ചയില്‍ പറഞ്ഞു.

GUJARAT RIOT

“തന്‍റെ കുടുംബവീട് തകര്‍ക്കപ്പെട്ടതിനെക്കുറിച്ച് ആകാശി ഭട്ട് പറഞ്ഞ വാചകം മാത്രം മതി ഇന്ത്യയിലെ നിയമ വാഴ്ചയെക്കുറിച്ചുള്ള ആശങ്കകള്‍ ഉന്നയിക്കുന്നതിന്. അത്തരം സംഭവങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മുന്നിലെത്തിച്ച് അദ്ദേഹത്തിന്‍റെ പ്രതികരണമറിയേണ്ടതുണ്ട്. ഇങ്ങനെയുള്ള വിഷയങ്ങളെക്കുറിച്ച് സംവദിക്കാതെ എങ്ങനെയാണ് രണ്ടു രാഷ്ട്രത്തലവന്മാര്‍ക്ക് ഒരു മേശയ്ക്കു ചുറ്റുമിരിക്കാന്‍ സാധിക്കുന്നത് ? അത് നേതൃത്വത്തിന്‍റെ പോരായ്മകളെയാണ് സൂചിപ്പിക്കുന്നത്. കാര്യങ്ങളെ വിമര്‍ശനാത്മകമായി കാണേണ്ടത് ആവശ്യമാണ്‌ ” എന്ന് ഡേവിഡ്‌ ഷൂബ്രിഡ്ജ് പറഞ്ഞു. 

TRUMB AND BOLSANARO

“ലോകമെമ്പാടുമുള്ള തീവ്രവലതുപക്ഷ ഭരണകൂടങ്ങള്‍ തമ്മിലൊരു സംഖ്യമുണ്ടെന്നുള്ളതൊരു വസ്തുതയാണ്, അവര്‍ മോദിയെ മാതൃകയായി കാണുകയും അദ്ദേഹം ചെയ്യുന്നതിനെ അവരുടെ ആഗ്രഹസാഫല്യം പോലെ കാണുകയും ചെയ്യുന്നു. അങ്ങനെയുള്ള സംഖ്യകക്ഷികളില്‍ പ്രമുഖരായിരുന്ന ട്രമ്പിനേയും ബോള്‍സനാരോയേയും വരെ ജനങ്ങള്‍ അധികാരത്തില്‍ നിന്നു താഴെയിറക്കി, ഇന്ത്യയും അത്തരത്തില്‍ തീവ്രവലതുപക്ഷ ആശയങ്ങള്‍ക്കു നേരെ മുഖം തിരിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്. സവര്‍ണ്ണ ആശയങ്ങള്‍ക്കെതിരെയുള്ള കടുത്ത ചെറുത്തുനില്‍പ്പ് ഇന്ത്യയിലെ താഴെത്തട്ടിലുള്ള ജനങ്ങളില്‍ വരെ പ്രകടമാണ്.” എന്ന് ഡോ.കല്പന വില്‍സണ്‍ പറഞ്ഞു.        

By Sabindas A C

വോക് മലയാളത്തില്‍ കണ്ടന്‍റ് റൈറ്റര്‍. മലയാളം അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തരബിരുദം നേടി