Sat. Oct 12th, 2024
wrestlers protest

ബാബറി മസ്ജിദ് തകര്‍ക്കല്‍, ദാവൂദ് ഇബ്രാഹിമിനെ സഹായിക്കല്‍, കൊലപാതക കുറ്റസമ്മതം, വെടിവയ്പ്, ഗുസ്തി താരങ്ങളുടെ ലൈംഗിക പരാതി എന്നീ കുറ്റകൃത്യങ്ങളില്‍ ആരോപണവിധേയനായ ബ്രിജ് ഭൂഷനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് രാജ്യാഭിമാനം ഉയര്‍ത്തിയ കായിക താരങ്ങളെ അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.

രാജ്യത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തി, അന്ന് അഭിമാനത്തോടെ നെഞ്ചിലണിഞ്ഞ മെഡലുകള്‍ ഇന്ന് നെഞ്ചോട് ചേര്‍ത്തുപിടിച്ച് പൊട്ടിക്കരയുകയാണ് ഗുസ്തി താരങ്ങള്‍. മെയ് 30 ന് വൈകാരികമായ നിമിഷങ്ങള്‍ക്കാണ് ഗംഗാതീരം സാക്ഷ്യം വഹിച്ചത്. ഒരായുസിന്റെ മുഴുവന്‍ അധ്വാനഫലമായി ലഭിച്ച അന്താരാഷ്ട്ര മെഡലുകള്‍ ഉള്‍പ്പടെയുള്ളവയാണ് തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് താരങ്ങള്‍ ഗംഗയിലൊഴുക്കാന്‍ കൊണ്ടു പോയത്. രാജ്യത്തിന്റെ കായിക ചരിത്രത്തില്‍ ഇന്നേ വരെ സംഭവിക്കാത്ത കാര്യങ്ങളായിരുന്നു ഹരിദ്വാറില്‍ നടന്നത്. മെഡലുകള്‍ ഒഴുക്കാന്‍ തീരുമാനിച്ച അസാധാരണമായ സമരരീതിയില്‍ നിന്നും താരങ്ങളെ പിന്തിരിപ്പിച്ചത് കര്‍ഷക നേതാക്കളാണ്. സമരത്തിന്റെ തുടക്കം മുതല്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയും ആശ്വാസവുമായി എത്തിയത് കര്‍ഷക നേതാക്കളും സംഘടനകളുമായിരുന്നു. നിങ്ങള്‍ക്കൊപ്പം ഇന്ത്യയിലെ ജനങ്ങളുണ്ടെന്ന ഉറപ്പ് നല്‍കിയാണ് കര്‍ഷക നേതാക്കള്‍ താരങ്ങളെ അനുനയിപ്പിച്ചത്. 

WrestlersProtest

എന്നാല്‍ അഞ്ച് ദിവസത്തിനകം ബ്രിജ് ഭൂഷനെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാന്‍ തിരിച്ചെത്തുമെന്ന മുന്നറിയിപ്പ് നല്‍കിയാണ്  താരങ്ങള്‍ തീരുമാനത്തില്‍ നിന്നും പിന്മാറിയത്. ഈ സമയത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ ബ്രിജ് ഭൂഷനെതിരെ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ കര്‍ഷകരുടെ പങ്കാളിത്തത്തോടെ ശക്തമായ സമരം ആരംഭിക്കുമെന്ന ഉറപ്പ് നോതാക്കളും നല്‍കി. രാകേഷ് ടിക്കായത്തും നരേഷ് ടിക്കായത്തും ഉള്‍പ്പെടെയുള്ള കര്‍ഷക നേതാക്കള്‍ ഹരിദ്വാറിലെത്തിയാണ് താരങ്ങള്‍ക്ക് പിന്തുണ അറിയിച്ചത്. ”ഗംഗയില്‍ ഒഴുക്കാന്‍ പോയ മെഡലുകള്‍ താരങ്ങള്‍ രാകേഷ് ടികായത്തിന് നല്‍കി. ഇതാണ് ഗുസ്തി താരങ്ങളുടെ നിലപാട്” എന്ന് ബ്രിജ് ഭൂഷണ്‍ വിമർശനം ഉന്നയിക്കുകയും ചെയ്തു.  ആരോപണം തെളിയിക്കാനായാല്‍ തൂങ്ങി മരിക്കാന്‍ തയാറാണെന്നും തെളിവുണ്ടെങ്കില്‍ കോടതിയില്‍ ഹാജരാക്കാന്‍ താരങ്ങളോട് ബ്രിജ് ഭൂഷണ്‍ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. മെഡലുകള്‍ ഒഴുക്കികളയുന്ന തീരുമാനത്തിലേക്ക് വരെ താരങ്ങള്‍ എത്തിയതോടെ രാജ്യാന്തര ഒളിമ്പിക്സ്  കമ്മിറ്റിയും യുണൈറ്റഡ് വേള്‍ഡ് റെസ്‌ലിംഗും താരങ്ങള്‍ക്ക് പിന്തുണയുമായെത്തി. താരങ്ങളോടുള്ള സര്‍ക്കാര്‍ സമീപനം അപലപനീയമെന്ന് രാജ്യാന്തര ഒളിമ്പിക്സ്  കമ്മിറ്റിയും യുണൈറ്റഡ് വേള്‍ഡ് റെസ്ലിങും വിമര്‍ശിച്ചു. 45 ദിവസത്തിനകം തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഗുസ്തി ഫെഡറേഷന്റെ അഫിലിയേഷന്‍ റദ്ദാക്കുമെന്ന് യുഡബ്ല്യുഡബ്ല്യു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

haridwar wrestling womens

ലൈംഗികാരോപണക്കേസില്‍ ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധം ഒരു മാസം പിന്നിട്ടിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുള്‍പ്പടെ എട്ട് പേരാണ് ബ്രിജ് ഭൂഷനെതിരെ ലൈംഗികാരോപണക്കേസ് നല്‍കിയിരിക്കുന്നത്.

wrestling protest

സമരത്തില്‍ നിന്നും ഒരടി പോലും പിന്നോട്ട് പോകാതെ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് നീങ്ങിയ താരങ്ങളെ കേന്ദ്രസര്‍ക്കാരും ഡല്‍ഹി പോലീസും പല തരത്തിലാണ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചത്. രാജ്യത്തെ കായികതാരങ്ങളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സമരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. മെയ് 28 ന് പാര്‍ലമെന്റിലേക്ക് പ്രതിഷേധം നടത്താനിരുന്ന താരങ്ങളെ ബാരിക്കേഡുകള്‍ കൊണ്ട് തടയുകയും റോഡിലിട്ട് വലിച്ചിഴച്ച് കൊണ്ടുപോയി അറസ്റ്റ് ചെയ്യുകയും സമരപ്പന്തല്‍ പൊളിച്ച് നീക്കുകയും ചെയ്തു. സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ, വിനേഷ് ഫോഗട്ട് എന്നീ താരങ്ങളെ മണിക്കൂറുകള്‍ക്ക് ശേഷമാണ് ഡല്‍ഹി പൊലീസ് വിട്ടയച്ചത്. ബാബറി മസ്ജിദ് തകര്‍ക്കല്‍, ദാവൂദ് ഇബ്രാഹിമിനെ സഹായിക്കല്‍, കൊലപാതക കുറ്റസമ്മതം, വെടിവയ്പ്, ഗുസ്തി താരങ്ങളുടെ ലൈംഗിക പരാതി എന്നീ കുറ്റകൃത്യങ്ങളില്‍ ആരോപണവിധേയനായ ബ്രിജ് ഭൂഷനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് രാജ്യാഭിമാനം ഉയര്‍ത്തിയ കായിക താരങ്ങളെ അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.

wrestling haridwar

ലൈംഗികാരോപണമുന്നയിച്ച് ബ്രിജ് ഭൂഷനെതിരെ പരാതി നല്‍കിയെങ്കിലും വിഷയത്തില്‍ സുപ്രീംകോടതി ഇടപെട്ടതോടെയാണ് ഡല്‍ഹി പോലീസ് ബ്രിജ് ഭൂഷനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ വരെ തയ്യാറായത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും സമരത്തില്‍ നിന്നും പിന്മാറാത്ത താരങ്ങളെ പല മാര്‍ഗങ്ങലൂടെ ഡല്‍ഹി പോലീസ് ദ്രോഹിക്കുകയാണ്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്തിമ റിപ്പോര്‍ട്ട് ഉടന്‍ തന്നെ കൈമാറുമെന്നാണ് പോലീസ് പറയുന്നത്. അസാധാരണമായ സമരമുറകളുമായി ഗുസ്തി താരങ്ങള്‍ തെരുവിലിറങ്ങിയിട്ടും നരേന്ദ്ര മോദി സര്‍ക്കാര്‍ ഇപ്പോഴും മൗനം പാലിക്കുകയാണ്. 

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം