Thu. Dec 19th, 2024

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥ സംഘത്തിന്റെയും യുഎസ്, ക്യൂബ യാത്രയ്ക്ക് അനുമതി നല്‍കി വിദേശകാര്യ മന്ത്രാലയം. ജൂണ്‍ 8 മുതല്‍ 18 വരെയാണ് വിദേശ സന്ദര്‍ശനം. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ലോക കേരള സഭയുടെ പ്രവാസി സംഗമത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. ലോക ബാങ്ക് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും. സ്പീക്കര്‍ എ എന്‍ ഷംസീര്‍, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി വി പി ജോയ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം എന്നിവരും വിവിധ ഐഎഎസ് ഉദ്യോഗസ്ഥരും യാത്രയില്‍ മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ക്യൂബ സന്ദര്‍ശനത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവര്‍ മുഖ്യമന്ത്രിയെ അനുഗമിക്കും. നേരത്തെ മുഖ്യമന്ത്രിയുടെ യുഎഇ യാത്രക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. അതുപോലെ സമയത്ത് അനുമതി ലഭിക്കാത്തതിനാല്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ യുഎഇ യാത്രയും മുടങ്ങിയിരുന്നു

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം