ഡല്‍ഹി: രാജ്യത്ത് വിനിമയത്തിലുള്ള നോട്ടുകളുടെ മൂല്യവും എണ്ണവും 2022-23-ല്‍ യഥാക്രമം 7.8 ശതമാനവും 4.4 ശതമാനവും വര്‍ദ്ധിച്ചതായി ആര്‍ബിഐ. ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2021-22ല്‍ യഥാക്രമം 9.9 ശതമാനവും 5 ശതമാനവുമായിരുന്ന വര്‍ദ്ധന. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍, 500, 2,000 രൂപ നോട്ടുകളുടെ മൊത്തം വിഹിതം മാര്‍ച്ച് 31-ലെ കണക്ക് പ്രകാരം മൊത്തം ബാങ്ക് നോട്ടുകളുടെ 87.9 ശതമാനമാണ്. ഒരു വര്‍ഷം മുമ്പുള്ള കണക്കില്‍ 87.1 ശതമാനമായിരുന്നു ഇത്. വിനിമയത്തിലുള്ള കറന്‍സിയുടെ 37.9 ശതമാനവും 500-ന്റെ നോട്ടുകളാണെന്നാണ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. 19.2 ശതമാനം വിഹിതവുമായി 10 രൂപയുടെ ബാങ്ക് നോട്ടുകളാണ് എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. മാര്‍ച്ച് അവസാനത്തിലെ കണക്ക് പ്രകാരം മൊത്തം 25,81,690 കോടി രൂപയുടെ മൂല്യം വരുന്ന 5,16,338 ലക്ഷം നോട്ടുകളാണ് 500 രൂപയുടേതായി ഉണ്ടായിരുന്നത്.