Tue. Sep 10th, 2024

ഡല്‍ഹി: ഗുസ്തി താരങ്ങള്‍ക്കെതിരായ നടപടിയില്‍ കടുത്ത പ്രതിഷേധവുമായി യുണൈറ്റഡ് വേള്‍ഡ് റെസ്‌ലിങ് (യുഡബ്ല്യുഡബ്ല്യു). താരങ്ങളെ തടങ്കലിലാക്കിയ പോലീസ് നടപടിയില്‍ യുഡബ്ല്യുഡബ്ല്യു അപലപിച്ചു. മെഡലുകള്‍ ഗംഗയിലെറഞ്ഞുള്ള സമരപരിപാടിയിലേക്കടക്കം ഗുസ്തി താരങ്ങള്‍ പോകേണ്ടി വന്ന സാഹചര്യത്തിലാണ് യുണൈറ്റഡ് വേള്‍ഡ് റെസ്‌ലിങ് ഇടപെട്ടിരിക്കുന്നത്. താരങ്ങളുടെ പരാതിയിലെ അന്വേഷണത്തില്‍ പുരോഗതി ഇല്ലാത്തത് നിരാശപ്പെടുത്തുന്നതാണ്. ആരോപണങ്ങളില്‍ നിഷ്പക്ഷവും നീതിപൂര്‍ണവുമായ അന്വേഷണം വേണം. താരങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് യുഡബ്ല്യുഡബ്ല്യു വ്യക്തമാക്കി. കൂടാതെ 45 ദിവസത്തെ സമയ പരിധിക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താതിരുന്നാല്‍ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ സസ്‌പെന്‍ഡ് ചെയ്യുമെന്നും യുഡബ്ല്യുഡബ്ല്യു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ അധികാര ദുര്‍വിനിയോഗവും അദ്ദേഹത്തിനെതിരായ ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതികളും തുടര്‍ന്നുണ്ടായ പ്രതിഷേധവും വളരെ ഉത്കണ്ഠയോടെയാണ് യുഡബ്ല്യുഡബ്ല്യു വീക്ഷിക്കുന്നത്. ഗുസ്തി താരങ്ങളുടെ സമരത്തിന് തങ്ങളുടെ പിന്തുണ ഉറപ്പാക്കുമെന്നും യുഡബ്ല്യുഡബ്ല്യു വ്യക്തമാക്കി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം