Wed. Jan 22nd, 2025

തിരുവനന്തപുരം: പിഎസ്‌സിക്കെതിരെ വീണ്ടും ചോദ്യ പേപ്പറിലെ കോപ്പിയടി ആരോപണവുമായി ഉദ്യോഗാര്‍ത്ഥികള്‍. മേയ് 25ന് നടത്തിയ മെഡിക്കല്‍ വിദ്യാഭ്യാസ നഴ്‌സിങ് അസി. പ്രഫസര്‍, 26-ന് നടത്തിയ മോട്ടോര്‍ വാഹന വകുപ്പിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്കുള്ള ചോദ്യങ്ങള്‍ സ്വകാര്യ ഗൈഡില്‍ നിന്ന് അതേപടി കോപ്പി പേസ്റ്റ് ചെയ്‌തെന്നാണ് പരാതി. ഗൈഡിന്റെ പകര്‍പ്പ് സഹിതം ഉദ്യോഗാര്‍ഥികള്‍ പിഎസ്‌സിക്ക് പരാതി നല്‍കി. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പിഎസ്‌സി അറിയിച്ചു. നേരത്തെയും ഇത്തരത്തില്‍ കോപ്പിയടി ആരോപണം വന്നിരുന്നു. വ്യവസായ പരിശീലന വകുപ്പിലെ പ്ലംബര്‍ തസ്തികയിലേക്ക് നടത്തിയ പരീക്ഷയിലെ ചോദ്യപേപ്പറില്‍ കോപ്പിയടി ആരോപണം വന്നതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. ഗൈഡിലെ തെറ്റ് ഉള്‍പ്പെടെ ചോദ്യപേപ്പറില്‍ ആവര്‍ത്തിച്ചിരുന്നു. വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചോദ്യകര്‍ത്താവിനെ കരിമ്പട്ടിയില്‍ ഉള്‍പ്പെടുന്നതിനുള്ള നടപടികള്‍ പിഎസ്‌സി സ്വീകരിക്കുന്നതിനിടയിലാണ് രണ്ടു പരീക്ഷകളില്‍ കൂടി ഇപ്പോള്‍ കോപ്പിയടി പരാതി ഉയര്‍ന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം