Mon. Dec 2nd, 2024

ഇംഫാല്‍: മണിപ്പൂരില്‍ ഇന്നലെ വീണ്ടുമുണ്ടായ ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥരുള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു. സെറോവ്, സുഗുനു മേഖലകളില്‍ അത്യാധുനിക ആയുധങ്ങളുമായി എത്തിയ തീവ്രവാദികള്‍ വീടുകള്‍ക്ക് തീയിടുകയും മറ്റും ചെയ്തതോടെയാണ് ആക്രമണമുണ്ടായത്. അതേസമയം, മണിപ്പുരിലെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ വംശീയകലാപത്തിന് എതിരായ പോലീസ് നടപടികളില്‍ 30 ഓളം അക്രമികളെ വകവരുത്തിയതായി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് പറഞ്ഞു. സൈനിക നടപടിയില്‍ കൊല്ലപ്പെട്ടവരെല്ലാം കുകി വിഭാഗത്തില്‍പ്പെട്ടവരാണെന്നും ബിരേന്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. തോക്കുകളും സ്നിപ്പര്‍ ഗണ്ണുകളും ഉപയോഗിച്ചാണ് അക്രമികള്‍ സാധാരണക്കാര്‍ക്കെതിരെ ആക്രമണം നടത്തുന്നത്. സംസ്ഥാനത്തിന്റെ ക്രമസമാധാനം തകര്‍ക്കും വിധത്തിലാണ് ഇവര്‍ പ്രവൃത്തിച്ചത്. ഗ്രാമങ്ങളിലെ വീടുകള്‍ക്ക് തീവെക്കുകയും, നിരായുധരായ സാധാരണക്കാര്‍ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയും ചെയ്‌തെന്നും മുഖ്യമന്ത്രി ആരോപിച്ചു. അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് മണിപ്പൂര്‍ സന്ദര്‍ശിക്കും. അക്രമങ്ങള്‍ക്ക് വഴിവെച്ച മെയ്‌തേയ് വിഭാഗത്തോടും കുക്കി വിഭാഗത്തോടും സമാധാനം പാലിക്കാന്‍ ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം