Wed. Jan 22nd, 2025

ഡല്‍ഹി: ജന്തര്‍ മന്തറില്‍ ഇന്ന് വീണ്ടും സമരം തുടങ്ങുമെന്ന് ഗുസ്തി താരങ്ങള്‍. ഇന്നലെ ഗുസ്തി താരങ്ങള്‍ ദേശീയപതാകയേന്തി നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇന്നലെ നടന്ന പ്രതിഷേധത്തിന് പിന്നാലെ ഗുസ്തി താരങ്ങളുടെ സമരവേദി ഡല്‍ഹി പോലീസ് പൂര്‍ണ്ണമായും പൊളിച്ച് മാറ്റുകയും ചെയ്തു. സമരവേദി പൊളിച്ചു മാറ്റിയതോടെ സമരത്തിന്റെ ഭാവി അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണെങ്കിലും ജന്തര്‍ മന്തറിലെത്തി വീണ്ടും സത്യാഗ്രഹം ഇരിക്കുമെന്ന് താരങ്ങള്‍ വ്യക്തമാക്കി. അതേസമയം, ഗുസ്തി താരങ്ങള്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കലാപശ്രമം,നിയമവിരുദ്ധമായി സംഘം ചേരല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ഉദ്യോഗസ്ഥന്‍ പ്രഖ്യാപിച്ച ഉത്തരവ് ലംഘിക്കുക, സ്വമേധയാ ഉദ്യോഗസ്ഥരെ ആക്രമിക്കുക എന്നിവ പ്രകാരമാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതു കൂടാതെ പിഡിപിപി ആക്ടിലെ സെക്ഷന്‍ മൂന്നും ചുമത്തി. പോലീസ് കസ്റ്റഡിയിലെടുത്ത ഗുസ്തി താരം ബജ്റംഗ് പുനിയയെ രാത്രി ഏറെ വൈകി വിട്ടയയച്ചു. ലൈംഗിക പീഡനക്കേസില്‍ പ്രതിയായ ആള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തത് നിര്‍ഭാഗ്യകരമെന്ന് ബജ്‌റംഗ് പുനിയ പ്രതികരിച്ചു. സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വനിതാ ഗുസ്തി താരങ്ങളെ പൊലീസ് നേരത്തേ വിട്ടയച്ചിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം