കമ്പം: തമിഴ്നാട് കമ്പത്തെ ജനവാസമേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പനെ പിടികൂടാനുള്ള തമിഴ്നാട് വനം വകുപ്പിന്റെ ദൗത്യം ഇന്നുണ്ടായേക്കില്ല. കുങ്കി ആനകള്‍ ഉള്‍പ്പെടെ എത്താന്‍ വൈകുന്നതാണ് നടപടി വൈകുന്നത്. ആനമലയില്‍ നിന്ന് മൂന്ന് കുങ്കിയാനകളെ ഉടന്‍ കമ്പത്ത് എത്തിക്കുമെന്ന് ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ശ്രീനിവാസ റെഡ്ഢി അറിയിച്ചു. ജനവാസ മേഖലയിലിറങ്ങി പരാക്രമം സൃഷ്ടിച്ച അരിക്കൊമ്പനെ ആകാശത്തേക്ക് വെച്ച് വെടിവെച്ചും മറ്റും തിരികെ കാട്ടിലേക്ക് കയറ്റിവിടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ആനയെ നിരീക്ഷിക്കാന്‍ അതിര്‍ത്തിയില്‍ പ്രത്യേക സംഘത്തെയും തമിഴ്നാട് നിയോഗിച്ചിട്ടുണ്ട്. പോലീസ് – റവന്യൂ- അഗ്നിശമന സേന അംഗങ്ങള്‍ സംയുക്തമായാണ് ആനയെ നിരീക്ഷിക്കുന്നത്. ആന ജനവാസ കേന്ദ്രത്തില്‍ തുടര്‍ന്നാള്‍ ജന ജീവിതത്തെ ബാധിക്കുമെന്നും വനം വകുപ്പ് ചൂണ്ടിക്കാട്ടുന്നു. അരിക്കൊമ്പന്‍ ദൗത്യത്തിന്റെ ഭാഗമായി കമ്പം മേഖലയില്‍ നിരോധനാജ്ഞ ഉള്‍പ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്. മേഘമല സിസിഎഫിനാണ് ദൗത്യത്തിന്റെ ചുമതല.