ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന പൊതുതാല്‍പര്യ ഹര്‍ജി തള്ളി സുപ്രീം കോടതി. ജസ്റ്റിസ് ജെ കെ മഹേശ്വരിയും ജസ്റ്റിസ് പി എസ് നരസിംഹയും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഇത്തരം ഹര്‍ജികള്‍ എന്ത് താല്‍പര്യത്തിന്റെ പേരിലാണ് സമര്‍പ്പിക്കുന്നതെന്ന് കോടതി ചോദിച്ചു. എക്സിക്യൂട്ടീവിന്റ ചുമതല രാഷ്ട്രപതിക്കാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ മറുപടി. എന്നാല്‍ അനുച്ഛേദം 32 പ്രകാരം ഹര്‍ജി പരിഗണിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്ന് ജസ്റ്റിസ് നരസിംഹ അറിയിച്ചു. ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാത്ത ലോക്സഭാ സെക്രട്ടേറിയറ്റ് നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ പരമോന്നത നിയമനിര്‍മാണ സ്ഥാപനമായ പാര്‍ലമെന്റില്‍ ലോക്സഭയ്ക്കും രാജ്യസഭയ്ക്കുമൊപ്പം രാഷ്ട്രപതിയും ഉള്‍പ്പെടുന്നുവെന്ന് പരാമര്‍ശിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 79 നെപ്പറ്റിയും ഹര്‍ജിക്കാരന്‍ പരാമര്‍ശിച്ചു. എന്നാല്‍ ഉദ്ഘാടനവുമായി ആര്‍ട്ടിക്കിള്‍ 79ന് എന്താണ് ബന്ധമെന്ന് ജസ്റ്റിസ് മഹേശ്വരിയും ചോദിച്ചു. ഹര്‍ജിക്കാരന്റെ വാദങ്ങള്‍ കോടതിക്ക് ബോധ്യപ്പെട്ടില്ല. ഈ ഘട്ടത്തിലാണ് ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടിയത്. അതേസമയം, ഇതേ ഹര്‍ജി ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ പിന്‍വലിക്കാന്‍ അനുവദിക്കരുതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും പറഞ്ഞു.