Wed. Jan 22nd, 2025

ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യുണൈറ്റഡ്, ആംആദ്മി, ശിവസേന, എന്‍സിപി, എസ്പി, ആര്‍ജെഡി സിപിഐ, സിപിഎം, മുസ്ലിംലീഗ്, ജാര്‍ക്കണ്ട് മുക്തി മോര്‍ച്ച, നാഷണല്‍ കോണ്‍ഫറന്‍സ്, കേരളാ കോണ്‍ഗ്രസ് എം, ആര്‍എസ്പി, രാഷ്ട്രീയ ലോക്ദള്‍, വിടുതലൈ ചിരുതൈഗല്‍ കച്ചി, എംഡിഎംകെ അടക്കം 19 പാര്‍ട്ടികള്‍ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് ചൂണ്ടിക്കാട്ടി സംയുക്ത പ്രസ്താവനയിറക്കി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ പൂര്‍ണമായും മാറ്റിനിര്‍ത്തി കൊണ്ട് പ്രധാനമന്ത്രി പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌ക്കരണം. ജനാധിപത്യത്തിനെതിരായ നേരിട്ടുള്ള ആക്രമണമാണ് ഇതെന്നും രാഷ്ട്രപതിയാണ് രാജ്യത്തിന്റെ മേധാവി. പാര്‍ലമെന്റിന്റെ അഭിവാജ്യ ഘടകവുമാണ്. രാഷ്ട്രപതിയില്ലാതെ പാര്‍ലമെന്റിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. എന്നിട്ടും രാഷ്ട്രപതിയെ മാറ്റി നിര്‍ത്തി പ്രധാനമന്ത്രി ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നു. മെയ് 28-ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. ലോക്‌സഭ സെക്രട്ടറി ജനറല്‍ എംപിമാര്‍ക്ക് ഓദ്യോഗികമായി കത്തയച്ചു തുടങ്ങി. ലോക്‌സഭാ സ്പീക്കറുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ദിരം ഉദ്ഘാടനം ചെയ്യുമെന്നാണ് കത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം