ഡല്‍ഹി: കച്ചവടക്കാര്‍ക്ക് നിര്‍ദേശവുമായി കേന്ദ്ര ഉപഭോക്തൃകാര്യാലയ മന്ത്രാലയം. ചില പ്രത്യേക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോദിക്കരുതെന്നാണ് കച്ചവടക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫോണ്‍ കോളുകളിലൂടെയും ടെക്സ്റ്റ് മെസേജുകളിലൂടെയും തട്ടിപ്പുകള്‍ നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചില സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉപയോക്താക്കളോട് അവരുടെ മൊബൈല്‍ നമ്പറുകള്‍ ചോദിക്കാറുണ്ട്. മൊബൈല്‍ നമ്പുകള്‍ നല്‍കാന്‍ തയാറാകാത്തവര്‍ക്ക് ചില്ലറ വില്‍പ്പനക്കാര്‍ സേവനം നല്‍കാന്‍ വിസമ്മതിക്കുന്നതായി നിരവധി ഉപയോക്താക്കളാണ് പരാതി നല്‍കിയത്. എന്നാല്‍ വ്യക്തിഗത കോണ്‍ടാക്റ്റ് വിവങ്ങള്‍ നല്‍കാതെ തങ്ങള്‍ക്ക് ബില്ലടിക്കാന്‍ സാധിക്കില്ലെന്നാണ് വില്‍പ്പനക്കാര്‍ പറയുന്നത്. ഇത് ഉപയോക്തൃ സംരക്ഷണ നിയമപ്രകാരം അന്യായമാണെന്നാണ് റിപ്പോര്‍ട്ട്. എന്തെങ്കിലും വിതരണം ചെയ്യാനോ ബില്‍ ജനറേറ്റ് ചെയ്യാനോ വേണ്ടി ചില്ലറ വ്യാപാരികള്‍ക്ക് ഫോണ്‍ നമ്പര്‍ നല്‍കേണ്ട ആവശ്യമില്ല. ഇത്തരത്തില്‍ നമ്പര്‍ കൈമാറുന്നതില്‍ സ്വകാര്യതയുടെ പ്രശ്‌നമുണ്ടെന്ന് ഉപഭോക്തൃകാര്യാലയ സെക്രട്ടറി പറഞ്ഞു.