Fri. Nov 22nd, 2024

ഡല്‍ഹി: രാജ്യത്ത് ആരാണ് 2000 രൂപയുടെ നോട്ട് ഉപയോഗിക്കുന്നതെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. 2000 രൂപയുടെ നോട്ടുകള്‍ മാറ്റിക്കിട്ടാന്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ ആവശ്യമില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കിയതിന് പിന്നാലെയാണ് ചോദ്യവുമായി പി ചിദംബരം രംഗത്തെത്തിയത്. ‘കള്ളപ്പണം കണ്ടത്താന്‍ സഹായിക്കുന്ന 2000 രൂപയുടെ നോട്ടുകള്‍ എങ്ങനെയാണ് പിന്‍വലിക്കുന്നത്? സാധാരണ ജനങ്ങളുടെ പക്കല്‍ 2000 രൂപയുടെ നോട്ടുകളില്ല. 2016-ല്‍ അവ പുറത്തിറക്കിയതിന് പിന്നാലെ തന്നെ അവര്‍ അത് ഉപേക്ഷിച്ചിട്ടുണ്ട്. ദൈനംദിന ചെലവുകള്‍ക്ക് അത് ഉപയോഗിക്കാന്‍ സാധ്യമല്ല. അതിനാല്‍ ആരാണ് 2000 രൂപയുടെ നോട്ടുകള്‍ സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതും? നിങ്ങള്‍ക്കറിയാം’. – എന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്. ഒരു തിരിച്ചറിയല്‍ കാര്‍ഡും ആവശ്യമില്ലെങ്കില്‍, ഒരു അപേക്ഷകളും പൂരിപ്പിക്കേണ്ടതില്ലെങ്കില്‍, കള്ളപ്പണം കൈവശമുള്ള ആര്‍ക്കും നീരീക്ഷിക്കപ്പെടാതെ തന്നെ പണം മാറ്റിയെടുക്കാനാകും. അതിനാല്‍ അവര്‍ക്കും സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണം കണ്ടെത്താനാണ് നോട്ട് പിന്‍വലിക്കലെന്ന സര്‍ക്കാര്‍ വാദങ്ങള്‍ക്ക് ഇത്് തിരിച്ചടിയായിരിക്കുകയാണെന്നും പി ചിദംബരം പറഞ്ഞു. ആ മണ്ടന്‍ തീരുമാനം ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പിന്‍വലിക്കുന്നതില്‍ താന്‍ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം