Mon. Dec 23rd, 2024

 2021-ൽ മാത്രം 75 ദശലക്ഷം ദരിദ്രരെ ഇന്ത്യ ലോക ദരിദ്രരിലേക്ക് ചേർത്തു

ന്ത്യയിലെ ഏറ്റവും ആദരിക്കപ്പെടുന്ന രാഷ്ട്രീയ – സാമ്പത്തികശാസ്ത്ര വിദഗ്ദ്ധനും എഴുത്തുകാരനും ബിജെപി ആ​ന്ധ്രപ്രദേശ് ഘടകം മുൻ വക്താവുമാണ്  കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍റെ ഭര്‍ത്താവ് കൂടിയായ പരകാല പ്രഭാകര്‍. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ പുസ്തകമായ ‘ ദി ക്രൂക്ക്ഡ് ടിംബര്‍ ഓഫ് മോഡേണ്‍ ഇന്ത്യ ; എസ്സേയ്സ് ഓണ്‍ എ റിപ്പബ്ലിക്ക് ഇന്‍ ക്രൈസിസ്’ എന്ന പുസ്തകം രാജ്യത്ത് ഏറെ ചൂടുപിടിച്ച ചര്‍ച്ചാവിഷയമാകുകയാണ്. മോദി ഭരണത്തിന്‍റെ റിപ്പോര്‍ട്ട്‌ കാര്‍ഡ്‌ എന്ന നിലയിലാണ് നാഷണല്‍ ഹെറാള്‍ഡ് അടക്കമുള്ള വാര്‍ത്ത മാധ്യമങ്ങള്‍ പരകാല പ്രഭാകറിന്‍റെ പുസ്തകത്തെ വിലയിരുത്തുന്നത്. കഴിഞ്ഞ മെയ് 14 ന് ബംഗളൂരുവില്‍ വെച്ചായിരുന്നു പുസ്തകത്തിന്‍റെ പ്രകാശനം നടന്നത്. കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍  ബി ജെ പിയ്ക്കേറ്റ കനത്ത പരാജയത്തില്‍ പരകാല പ്രഭാകറിന്‍റെ പുസ്തകത്തിന്‍റെ ഉള്ളടക്കത്തിന് ആഴവും വ്യാപ്തിയും കൂടുകയാണ്. 2014 മുതലുള്ള മോദി സര്‍ക്കാരിന്‍റെ ഭരണപഥത്തിലൂടെയുള്ള അന്വേഷണാത്മക സഞ്ചാരമാണ് പരകാല പ്രഭാകര്‍ തന്‍റെ പുസ്തകത്തിലൂടെ നടത്തുന്നത്. അതിലൂടെ മുന്‍കാല ഇന്ത്യയുടെ രാഷ്ട്രീയ ചിത്രത്തെ ചികഞ്ഞെടുക്കുകയും ഭാവി ഇന്ത്യയെക്കുറിച്ചുള്ള ക്രാന്തദര്‍ശനം നടത്തുകയും ചെയ്യുന്നു.

 Parakala prabhakar the crooked timber of new india.

അസ്തമിച്ച പ്രതീക്ഷകളും അബദ്ധ സാമ്പത്തിക ശാസ്ത്രജ്ഞരും

പുതിയ തുടക്കം , പുതിയ പ്രതീക്ഷ എന്നിങ്ങനെയുള്ള വാഗ്ദാനങ്ങള്‍ നല്‍കിക്കൊണ്ടാണ് മോദി ഭരണത്തിലേറിയത്. ഈ വാഗ്ദാനങ്ങളിലെ പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പരകാല പ്രഭാകറിന്‍റെ പുസ്തകം ആരംഭിക്കുന്നത്. 2014 ല്‍ തിരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് വഡോദരയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ നല്ല ദിവസങ്ങള്‍ ആഗതമായിരിക്കുന്നുവെന്നും , തിളക്കമാര്‍ന്ന ഇന്ത്യയെ സൃഷ്ടിക്കുമെന്നും മോദി പറയുന്നുണ്ട്. അതേ പ്രസംഗത്തില്‍ തന്നെ ബി ജെ പിയുടെ വരവിനെ പുതിയ പ്രതീക്ഷയെന്നും തങ്ങളുടെ വിജയം പാവപ്പെട്ടവര്‍ക്കും സമൂഹത്തില്‍ അരികുവത്കരിക്കപ്പെടുന്നവര്‍ക്കും സമര്‍പ്പിക്കുന്നു എന്നും മോദി പറഞ്ഞുവയ്ക്കുന്നുണ്ട്. മൂന്നു മാസത്തിനു ശേഷമുള്ള സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ എല്ലാ ജനവിഭാഗങ്ങളെയും സമവായത്തോടെ ഒരുമിച്ചുകൊണ്ടുപോകുമെന്ന വാഗ്ദാനവും മോദി നല്‍കുന്നു. ഇങ്ങനെ നീളുന്ന മോദി സര്‍ക്കാരിന്‍റെ ആദ്യകാല വാഗ്ദാനങ്ങളെ ഔദ്യോഗിക കണക്കുകള്‍ നിരത്തി ഖണ്ഡിക്കുകയാണ് ഡോ. പരകാല പ്രഭാകര്‍. 1990 ന് ശേഷം ഇന്ത്യയില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം ഗണ്യമായി കൂടിയ വസ്തുത പ്രഭാകര്‍ തെളിവുസഹിതംസമര്‍ത്ഥിക്കുന്നുണ്ട്. 2021-ൽ മാത്രം 75 ദശലക്ഷം ദരിദ്രരെ ഇന്ത്യ ലോക ദരിദ്രരിലേക്ക് ചേർത്തുവെന്നും 2021-22 ലെ യുഎൻഡിപി ആഗോള മാനവ വികസന സൂചികയിൽ (191 രാജ്യങ്ങളിൽ) 132-ാം സ്ഥാനത്തേക്ക് ഇന്ത്യ പിന്തള്ളപ്പെട്ടുവെന്നും പുസ്തകം കൂട്ടിച്ചേര്‍ക്കുന്നു.

ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഉയര്‍ന്ന തൊഴിലില്ലായ്മയെ ഭരണ സംവിധാനത്തിന്‍റെ മറ്റൊരു പോരായ്മയായി ഡോ. പ്രഭാകര്‍ അവതരിപ്പിക്കുന്നു. കോവിഡ് 19 ന്‍റെ വരവിനു ശേഷം ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ നിരക്ക് 8.3 ശതമാനത്തിലേക്ക് ഉയരുകയും തൊഴില്‍ വിപണിയില്‍ 2.1 ദശലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതാകുകയും ചെയ്തു. നിലവിലെ ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ നിരക്ക് പൊതുവില്‍ 7.76 ശതമാനവും യുവാക്കള്‍ക്കിടയില്‍ 22.8 ശതമാനവുമാണ്. വളരെ ആശങ്കാജനകമായ ഈ സാഹചര്യത്തെ അതിന്‍റെ ഗൗരവമൊട്ടും ചോരാതെ തന്നെ പരകാല പ്രഭാകര്‍ തന്‍റെ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നുണ്ട്.

കേന്ദ്രസര്‍ക്കാരിനെ ശരിയായ ദിശയില്‍ നയിക്കാന്‍ കെല്പുള്ള സാമ്പത്തിക വിദഗ്ദ്ധരുടെയും ഉപദേഷ്ടാക്കളുടെയും അഭാവം ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയ്ക്കുണ്ട്. രാജ്യത്തിന്‍റെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ക്കുന്ന നോട്ടു നിരോധനം പോലെയുള്ള വിനാശകരമായ നടപടികള്‍ കൈക്കൊള്ളുന്നതിലേക്ക് ദിശാബോധമില്ലാതെ  പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെ എത്തിക്കാന്‍ പാര്‍ട്ടി സ്വാധീനത്തില്‍ തലപ്പത്തേക്കു പൊന്തി വരുന്ന അഭിചാര സാമ്പത്തിക വിദഗ്ദ്ധര്‍ക്ക്  സാധിക്കുന്നു എന്നതാണ് നവ ഇന്ത്യയുടെ മുന്നേറ്റത്തെ തടഞ്ഞു നിര്‍ത്തുന്നതെന്ന് ഡോ. പരകാല പ്രഭാകര്‍ പറയുന്നു. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ സാമ്പത്തികാവസ്ഥ പടുകുഴിയിലാണെന്നും അവിടെയുണ്ടാകുന്ന നേരില്‍ ചലനങ്ങളെ പെരുപ്പിച്ചു കാണിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നുമാണ്. അതുപോലെ ഒരു വശത്ത് ആപ്പിള്‍ ഫോണിന്‍റെ  കയറ്റുമതി വര്‍ദ്ധനവിനെക്കുറിച്ചുള്ള വാള്‍സ്ട്രീറ്റ് ജേര്‍ണലിന്‍റെ വാര്‍ത്തയെ വലുതാക്കി ചിത്രീകരിക്കുമ്പോള്‍ മറു വശത്ത് ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തെക്കുറിച്ചുള്ള ഓക്സ്ഫാം റിപ്പോര്‍നെക്കുറിച്ച് കടുത്ത നിശബ്ദത പാലിക്കുകയും ചെയ്യുകയാണ് മോദി സര്‍ക്കാര്‍ എന്ന വസ്തുത പരകാല പ്രഭാകര്‍ തുറന്നെഴുതുന്നുണ്ട്.

modi amit sha

പാരമ്പര്യമായി കൃഷി ചെയ്തുകൊണ്ടിരുന്ന കര്‍ഷകര്‍ സാമ്പത്തിക നഷ്ടത്തെ തുടര്‍ന്ന് കൃഷി ഉപേക്ഷിക്കുന്നതും അതിനെ തുടര്‍ന്ന് ഉല്പാദനം  കുറയുന്നതിലൂടെ ഭക്ഷ്യവിലക്കയറ്റമുണ്ടാകുന്നതും ഗ്രാമീണ ദുരിതം അനിയന്ത്രിതമായി കൂടുന്നതിന്‍റെ കാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തില്‍ മോദി സര്‍ക്കാരിന്‍റെ  പൊള്ളത്തരങ്ങളെ ഒന്നൊന്നായി ഡോ. പരകാല പ്രഭാകര്‍ ഇഴകീറി തുറന്നു കാണിക്കുകയാണ്. 

ഓപ്പറേഷന്‍ ലോട്ടസ് 

രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങളെ കൃത്യമായി ചര്‍ച്ച ചെയ്യുകയും പരിഹാരം കണ്ടെത്തുകയുമാണ്‌ ഒരു ജനാധിപത്യ രാജ്യത്ത് നിയമ നിര്‍മ്മാണ സഭയുടെ പരമമായ ലക്ഷ്യം. ഈ അടിസ്ഥാന തത്വത്തെ അവഗണിക്കുന്ന ഇടമായി പാര്‍ലമെന്‍റ് മാറുന്നതിനെ ഡോ. പരകാല പ്രഭാകര്‍ മറ്റൊരു പ്രധാന വിമര്‍ശനമായി ഉയര്‍ത്തി കാണിക്കുന്നു. എല്ലാത്തരം കൗശലങ്ങളും ഉപയോഗപ്പെടുത്തി പ്രതിപക്ഷ എം.എല്‍.എമാരെ തങ്ങളുടെ വരുതിയില്‍ വരുത്തുകയും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന നിയമ നിര്‍മ്മാണങ്ങള്‍ക്കും നടപടികള്‍ക്കും മൗന സമ്മതം നല്‍കുകയും ചെയ്യുന്ന ഊമക്കൂട്ടമായി പാർലമെന്‍റ് ചുരുങ്ങുന്നു.

അതേസമയം, സാമൂഹികമായി ഉയര്‍ന്നു വരുന്ന എല്ലാത്തരം എതിര്‍ ശബ്ദങ്ങളുടെയും വായ മൂടികെട്ടാനുള്ള മറു വിദ്യകളും മോദി ഭരണകൂടം കൈക്കൊള്ളുന്നുണ്ട്. സാമൂഹിക രാഷ്ട്രീയ ചിന്തകരുടെയും വിമര്‍ശകരുടെയും വീടുകളില്‍ റെയ്ഡുകള്‍ നടക്കുന്നു. അന്വേഷണ ഏജന്‍സികളുടെ തലപ്പത്ത് ഭരണകൂടത്തോട് അനുസരണയുള്ളവരെ നിയമിക്കുന്നു. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ള ഉദ്യോഗസ്ഥരെ അവരുടെ സ്ഥാനങ്ങളില്‍നിന്നു നീക്കം ചെയ്യുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ,  പ്രതിപക്ഷത്തെ ഭയപ്പെടുത്താനും നിശബ്ദരാക്കാനുമുള്ള ഉപകരണമായി ഉപയോഗപ്പെടുത്തുന്നു. സാമൂഹിക മാധ്യമങ്ങളില്‍ സർക്കാരിനെ വിമർശിക്കുന്ന കമന്‍റുകള്‍ പോസ്റ്റ് ചെയ്യുന്ന പൗരന്മാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നു, സുപ്രീം കോടതി ഉൾപ്പെടെയുള്ള കോടതികൾ പൗരാവകാശങ്ങൾ പരിമിതപ്പെടുത്താനുള്ള ശ്രമത്തിൽ സര്‍ക്കാരിനോട് യോജിക്കുന്നു എന്നിങ്ങനെ നീണ്ട പട്ടിക തന്നെ ഡോ. പരകാല പ്രഭാകര്‍ വായനക്കാര്‍ക്കു മുന്നിലേക്ക് നിരത്തുന്നുണ്ട്. ഇതോടൊപ്പം തങ്ങളുടെ അനുകൂലികളെ സംരക്ഷിക്കാനും ഭരണകൂടം മറക്കുന്നില്ല എന്ന സാംഗത്യം കൂടി അദ്ദേഹം സൂചിപ്പിക്കുന്നു. അതിന് ഉദാഹരണങ്ങളായി 2002 ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനോവിനെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ബാനോവിന്‍റെ കുടുംബത്തിലെ 14 പേരെ കൊലപാതകം ചെയ്യുകയും ചെയ്ത കുറ്റവാളികളെ സംസ്ഥാന സര്‍ക്കാര്‍ മോചിപ്പിച്ചതും, 2017- ല്‍ വിവാദ ഇലക്ടറൽ ബോണ്ട് പദ്ധതി അവതരിപ്പിച്ചതും, ഭരണകക്ഷിയിലേക്കുള്ള രാഷ്ട്രീയ സംഭാവനകളെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെക്കൽ തുടരുന്നതും അദ്ദേഹം തന്‍റെ വാദങ്ങളായി നിരത്തുന്നു.

Modi in science congress

ഒരു രാജ്യം , ഒരു ഭാഷ , ഒരു മതം , ഒരു രാഷ്ട്രീയം 

ദി ക്രൂക്ക്ഡ് ടിംബര്‍ ഓഫ് മോഡേണ്‍ ഇന്ത്യ ; എസ്സേയ്സ് ഓണ്‍ എ റിപ്പബ്ലിക്ക് ഇന്‍ ക്രൈസിസ് എന്ന പുസ്തകത്തിന്‍റെ പ്രകാശനവുമായി ബന്ധപ്പെട്ട് ദി വയറിനു (THE WIRE) വേണ്ടി നടത്തിയ ഇന്‍റര്‍വ്യൂവില്‍ പുസ്തകത്തിലേക്ക് എത്തിയ തന്‍റെ ചിന്തകളെക്കുറിച്ച് കരണ്‍ ഥാപ്പറുമായി അദ്ദേഹം തുറന്നു സംസാരിക്കുന്നുണ്ട്. കടുത്ത ഭാഷയില്‍ കേന്ദ്ര സര്‍ക്കാരിനെയും ബി ജെ പിയേയും വിമര്‍ശിക്കുന്ന അദ്ദേഹം 2024 ല്‍ മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ വലിയ ദുരന്തമായിരിക്കും ഇന്ത്യയ്ക്ക് സംഭാവിക്കാനിരിക്കുന്നതെന്ന് ഓര്‍മ്മപ്പെടുത്തുന്നു. ഇനിയൊരു അവസരമുണ്ടായാല്‍ ഇന്ത്യ വളരെ വേഗത്തില്‍ ഹിന്ദു രാഷ്ട്രമെന്ന തീവ്രവലതുപക്ഷ സ്വപ്നത്തിലേക്ക് എത്തിച്ചേരുമെന്നും പരകാല പറയുന്നു.

ഇന്ത്യ അതിന്‍റെ റിപ്പബ്ലിക് ആശയങ്ങളില്‍ നിന്ന് ഏറെ വ്യതിചലിച്ചിരിക്കുന്നു. ആഭിചാര സാമ്പത്തിക വിദഗ്ദ്ധര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വിധേയപ്പെടുന്നതുവഴി അപ്രാപ്യമായ ഭരണ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നത് മോദി ഭരണത്തിന്‍റെ കഴിവില്ലായ്മയെ തുറന്നു കാണിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ജനാധിപത്യത്തിന്‍റെ നാലു സ്തംഭങ്ങളായ ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി, മാധ്യമങ്ങൾ എന്നിവയിലേക്ക് ആർഎസ്എസ് കേഡർ ക്രമാനുഗതമായി നുഴഞ്ഞുകയറുന്നതും പുസ്തകം പരിശോധിക്കുന്നു.

Parakala prabhakaran's the crppked timber of india

ഇന്ത്യയെ ഇന്ത്യയാക്കുന്നത് അതിന്‍റെ ബഹുസ്വര സ്വഭാവവും മതേതരത്വവുമാണ്. ആ ആശയങ്ങളെ കീഴ്മേല്‍ മറിക്കുന്ന ആര്‍. എസ് എസ്സിന്‍റെ ഇത്തരം നുഴഞ്ഞു കയറ്റങ്ങള്‍ തടയേണ്ടതു തന്നെയാണ്. ഭരണകൂട ഭീകരതയെ വകവെയ്ക്കാതെ തനിക്ക് പറയാനുള്ളത് വ്യക്തമായും സത്യസന്ധമായും പറഞ്ഞ പരകാല പ്രഭാകറിനെ നിരൂപകലോകം മുഴുവന്‍ പ്രശംസിക്കുകയാണ്. മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ പ്രേം പണിക്കര്‍ , കരണ്‍ ഥാപ്പര്‍ എന്നിങ്ങനെയുള്ളവര്‍ പരകാലയുടെ ധൈര്യത്തെയും നൈപുണ്യത്തെയും പ്രശംസിക്കുമ്പോഴും സുരക്ഷിതമായി ജീവിക്കാന്‍ കഴിയട്ടെ എന്നും കൂട്ടി ചേര്‍ക്കുന്നതിനെ ആകെത്തുകയില്‍ പരകാലയുടെ പുസ്തകം ഇന്ത്യയിലെ പൊതു ജനങ്ങള്‍ വായിക്കപ്പെടേണ്ടതിന്‍റെ ആവശ്യകത കൂടി വെളിവാക്കുന്നു.

 

By Sabindas A C

വോക് മലയാളത്തില്‍ കണ്ടന്‍റ് റൈറ്റര്‍. മലയാളം അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തരബിരുദം നേടി