Fri. Apr 19th, 2024
2018 movie malayalam

പെരിയാറിനെ മാലിന്യത്തില്‍ മുക്കിക്കൊല്ലുന്ന കമ്പനികള്‍ക്കെതിരെ ജനകീയമായി ഉയര്‍ന്നു വന്ന സമരത്തെ അത്യന്തം അപകടകരമാം വിധത്തിലാണ്  സംവിധായകൻ  കൈകാര്യം ചെയ്തിരിക്കുന്നത്

ലയാളികളെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാനാകാത്ത വര്‍ഷമായിരുന്നു 2018. മലയാളികളെ പരസ്പര സ്നേഹത്തിന്‍റെയും പരിസ്ഥിതി സംരക്ഷണത്തിന്‍റെയും ആവശ്യകത പ്രകൃതി തന്നെ പഠിപ്പിച്ച വര്‍ഷമായിരുന്നു 2018. ’99 ലെ വെള്ളപ്പൊക്ക’ത്തിനു ശേഷം അതിനു സമാനമായ അവസ്ഥയിലൂടെ മലയാളികള്‍ കടന്നുപോയത് 2018 ലാണ്. അതുകൊണ്ടു തന്നെ അതിനെക്കുറിച്ചുള്ള ഏതൊരോര്‍മ്മയും മലയാളി മനസിനെ ആഴത്തില്‍ സ്പര്‍ശിക്കുന്നതാണ്. ഏതെങ്കിലും തരത്തില്‍ പ്രളയം ബാധിക്കാത്ത ഒരു മലയാളിയും ഇന്നത്തെ തലമുറയിലുണ്ടാകില്ല. ആ ഓര്‍മ്മകളിലേക്കുള്ള തിരിച്ചുപോക്കാണ് 2018 എന്ന ജൂഡ് ആന്‍റണി ജോസഫിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ. ‘Everyone is a hero’ എന്ന ടാഗ് ലൈനില്‍ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടുണ്ടോ ? യഥാര്‍ത്ഥത്തില്‍ മലയാളികള്‍ നേരിട്ട അനുഭവങ്ങളുടെ എത്ര ശതമാനം സ്ക്രീനിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട് ? പ്രളയത്തെ അതിജീവിച്ച കേരള ജനതയുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും പ്രവര്‍ത്തനങ്ങളെ അടയാളപ്പെടുത്താന്‍ സിനിമയ്ക്കായോ ? 

ഒരു തരത്തില്‍ നുണ പറയുന്നതിനു തുല്യം തന്നെയാണ് സത്യം പറയാതിരിക്കുന്നതും. 2018 എന്ന സിനിമ എത്ര തന്നെ സാങ്കല്പികമാണെന്ന് പറഞ്ഞാലും അതു  ഫലത്തില്‍ ഒരു യാഥാര്‍ത്ഥ്യത്തെ അധികരിച്ചുള്ള സിനിമയാണ്. അതുകൊണ്ടുതന്നെ സിനിമയെ കൊമേര്‍ഷ്യലൈസ് ചെയ്യുന്നതിന്‍റെ ഭാഗമായി ചേര്‍ക്കപ്പെട്ടിട്ടുള്ള സീനുകള്‍ക്കു പോലും യാഥാര്‍ത്ഥ്യങ്ങളുടെ ചെറിയ ആനുകൂല്യം ലഭിക്കുന്നുണ്ട്. ഇങ്ങനെയൊക്കെ ആ സമയത്ത് നടന്നിരിക്കാം എന്ന ചിന്താഗതി ഒരു സാധാരണ പ്രേക്ഷകന് വന്നാല്‍ പോലും അതിനെ തെറ്റു പറയാനാകില്ല. മലയാളിയല്ലാത്തതും പ്രളയ സമയത്ത് ഇവിടെയില്ലാതിരുന്നതുമായ ഒരാള്‍ 2018 കാണുമ്പോള്‍ അവര്‍ ഈ സിനിമയില്‍ പറയുന്നതാണ് യാഥാര്‍ത്ഥ്യമെന്നു കരുതുവാനുള്ള സാധ്യതകളേറെയാണ്. അടുത്തൊരു തലമുറ 2018 എന്ന സിനിമ കാണുമ്പോഴും ഇതേ പ്രശ്നങ്ങള്‍ ആവര്‍ത്തിക്കും. ഒടുവില്‍ ഈ ആശയങ്ങളും യാഥാര്‍ത്ഥ്യങ്ങളായി സ്ഥാവരപ്പെട്ടേക്കാം. 

എന്താണ് യഥാര്‍ത്ഥത്തില്‍ 2018 ല്‍ സംഭവിച്ചത് ? 

ന്ത്യൻ കാലാവസ്ഥനിരീക്ഷണവകുപ്പിന്‍റെ റിപ്പോർട്ട് അനുസരിച്ച് ആഗസ്റ്റ് 2018-ൽ കേരളത്തിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ 37.5% കൂടുതൽ മഴയാണ് ലഭിച്ചത്. പ്രളയദുരിതം ഏറ്റവും കൂടുതൽ ബാധിച്ച ജില്ലകളിൽ ഒന്നായ ഇടുക്കിയിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ 87.5% കൂടുതൽ മഴയാണ് ലഭിച്ചത്. [ദി ടൈംസ് ഓഫ് ഇന്ത്യ : ആഗസ്റ്റ് 17, 2018]  ഈ മഴയെല്ലാം വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലായതിനാല്‍ കേരളത്തെ അത് വലിയ വെള്ളക്കെട്ടിലേക്ക് നയിച്ചു. അപ്രതീക്ഷിതമായ ഈ പ്രളയത്തിന് പ്രധാന കാരണം ആഗസ്റ്റ് ഒന്നു മുതൽ 19 വരെ ഇടമുറിയാതെ പെയ്ത മഴയാണ്. പ്രതീക്ഷിച്ചിരുന്ന 287.6 മില്ലിമീറ്റർ മഴയെക്കാൾ ഏകദേശം മൂന്നിരട്ടി (758.6 മി.മീ) മഴയാണ് പെയ്തിറങ്ങിയത് [Study report Kerala Floods of August 2018; September 2018]. അതിനെ തുടര്‍ന്ന് ഡാമുകള്‍ തുറക്കേണ്ടി വന്നത് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും നിയന്ത്രണങ്ങള്‍ക്ക് അപ്പുറത്തേക്ക് കാര്യങ്ങളെ കൊണ്ടു ചെന്നെത്തിച്ചു. അതോടൊപ്പം ഉരുള്‍പ്പൊട്ടല്‍ പോലുള്ള പ്രകൃതി ദുരന്തങ്ങളും അവസ്ഥയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി.

On 16 August 2018, severe floods affected the south Indian state Kerala, due to unusually high rainfall during the monsoon season. It was the worst flood in Kerala in nearly a century.

ഡാമുകള്‍ കൃത്യ സമയത്ത് തുറക്കാതിരുന്നത് സര്‍ക്കാരിന്‍റെ വീഴ്ചയായിരുന്നു. എന്നാല്‍ സിനിമയില്‍ അത് കേവലം ഉദ്യോഗസ്ഥര്‍ക്കിടയില്‍ സംഭവിക്കുന്ന ഈഗോ പ്രശ്നത്തിന്‍റെ ഫലമായി മാറി. അതുപോലെ ആ വീഴ്ചയ്ക്കുശേഷം സര്‍ക്കാര്‍ സംവിധാനങ്ങളുടെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളും ഗവണ്‍മെന്‍റിന്‍റെ ഏകോപനവും പ്രളയത്തെ ശരിയായ നിലയില്‍ പ്രതിരോധിക്കുന്നതില്‍ കാരണമായിട്ടുണ്ട്. എന്നാല്‍ ഈ സംഗതിയെ സിനിമ എവിടെയും സ്പര്‍ശിക്കുന്നില്ല. മാത്രമല്ല സിനിമയില്‍ പ്രധാന ഇടങ്ങളിലെല്ലാം സര്‍ക്കാര്‍ നോക്കുകുത്തികളാകുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്.

‘EVERYONE IS A HERO’ എന്ന ടാഗ് ലൈനില്‍ എല്ലാവരെയും ഉള്‍ക്കൊള്ളിക്കാന്‍ സിനിമയ്ക്ക് സാധിച്ചിട്ടുണ്ടോ?

ത്തരമൊരു സിനിമയില്‍ പ്രാതിനിധ്യമെന്നത് വളരെ സുപ്രധാനമായ കാര്യമാണ്. പ്രളയകാലത്തെ കേരളീയരുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്‍റെ ജാതിമത – വര്‍ഗ്ഗ ലിംഗ സങ്കല്‍പ്പങ്ങള്‍ക്കപ്പുറം നില്‍ക്കുന്നതാണ്. അതിനെ കൃത്യമായി അടയാളപ്പെടുത്തുന്നിടത്തും സിനിമ പരാജയപ്പെട്ടു. സിനിമയില്‍ അങ്ങിങ്ങായി യേശുക്രിസ്തുവിന്‍റെ രൂപം പ്രത്യക്ഷപ്പെടുന്നതും, മത്സ്യത്തൊഴിലാളിലകളെ ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ മുഖ്യമായും അവതരിപ്പിക്കുന്നതും ആ തൊഴിലെടുക്കുന്ന മറ്റു മത വിഭാഗങ്ങളെ അവഗണിച്ചതിന്‍റെ ഉദാഹരണങ്ങളായി കാണാവുന്നതാണ്. അതോടൊപ്പം മലബാര്‍ മേഖലയെ ഈ സിനിമ കാര്യമാക്കുന്നതേയില്ല. സ്ത്രീകള്‍ എല്ലാവരും തന്നെ വെള്ളക്കെട്ടിനു മുന്നില്‍ അന്ധാളിച്ചു പോകുന്നതായാണ് സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇങ്ങനെ പല നിലയ്ക്ക് മലയാളികളുടെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് സിനിമ മാറി സഞ്ചരിക്കുന്നുണ്ട്. മലയാളികള്‍ പരസ്പരമുള്ള അതിരുകള്‍ മറന്നു പ്രവര്‍ത്തിച്ച കാര്യം സിനിമയില്‍ ചില പ്രത്യേക വിഭാഗങ്ങളിലേക്ക് ചുരുങ്ങുകയാണ്. ഈ യാഥാര്‍ത്ഥ്യത്തെ മറന്നുള്ള ഈ ചുരുക്കത്തെ ഒരിക്കലും നിഷ്കളങ്കമായി കാണാന്‍ കഴിയുകയില്ല. 

യഥാര്‍ത്ഥത്തില്‍ മലയാളികള്‍ നേരിട്ട അനുഭവങ്ങളുടെ എത്ര ശതമാനം സ്ക്രീനിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട് ? 

പ്രളയം അതിഭീകരമായ സാഹചര്യമായിരുന്നു കേരളത്തിലുണ്ടാക്കിയത്. പ്രളയ സമയത്ത് മലയോര പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലുകള്‍ പോലെയുള്ള പരിസ്ഥിതി പ്രശ്നങ്ങളും ഈ ഭീകരതയ്ക്ക് ആക്കം കൂട്ടുന്നുണ്ട്. പ്രളയത്തിനു സമാന്തരമായി സംഭവിച്ച ഇത്തരം കാര്യങ്ങളെ കഥയില്‍ ഉള്‍പ്പെടുത്താതിരുന്നത് സിനിമയുടെ നിര്‍മ്മാണ വേളയില്‍ കൃത്യമായി ഗവേഷണം നടത്താത്തത്തിന്‍റെ ഫലം തന്നെയാണ്. യഥാര്‍ത്ഥ ഫാക്ടുകളിലേക്ക് കടന്നു ചെല്ലാന്‍ മെനക്കെടാതെ ലഭ്യമായ വാര്‍ത്താശകലങ്ങളില്‍ നിന്നുണ്ടാക്കിയെടുത്ത കെട്ടുറപ്പില്ലാത്ത തിരക്കഥ സിനിമയുടെ വലിയ പോരായ്മ തന്നെയാണ്. ഗവേഷണത്തിലെ ഈ അപര്യാപ്തത സര്‍ക്കാര്‍ സംവിധാനങ്ങളുടെ കൃത്യമായ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ധാരണയില്ലായ്മ സീനുകളില്‍ വലിയ അളവില്‍ നിഴലിക്കുന്നുണ്ട്. അതുപോലെ കേരളത്തിന്‍റെ ഭൂപ്രകൃതിയോട് വളരെ ചേര്‍ന്നു നില്‍ക്കുന്ന ഈ സംഭവത്തെ ചിത്രീകരിക്കുമ്പോള്‍ അതിനെ കൃത്യമായി പരിഗണിക്കേണ്ടതുണ്ട്. സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരം, വ്യത്യസ്ത ഇടങ്ങളിലുള്ളവരുടെ വ്യത്യസ്ത അവസ്ഥകള്‍, കഥാപാത്രങ്ങളുടെ സഞ്ചാര ദിശ എന്നിങ്ങനെയുള്ള കാര്യങ്ങളെയെല്ലാം വളരെ ലാഘവത്തോടെയാണ് സിനിമ കൈകാര്യം ചെയ്യുന്നത്. 

2018 എന്ന സിനിമ ഒളിച്ചു കടത്തുന്ന രാഷ്ട്രീയമെന്താണ് ?

ലയാളത്തില്‍ 2018 നു മുന്‍പ് ഇതേ മട്ടില്‍ സാമൂഹിക വിഷയം കൈകാര്യം ചെയ്ത സിനിമയാണ് ആഷിക് അബുവിന്‍റെ സംവിധാനത്തില്‍ പുറത്തു വന്ന ‘വൈറസ്’. വൈറസ്സിലും പോരായ്മകളുണ്ടെങ്കിലും കേരളത്തിലെ ഒരു പബ്ലിക്‌ സെക്ടറിന്‍റെ കൂട്ടായ പ്രവര്‍ത്തനങ്ങളെ സിനിമയില്‍ അടയാളപ്പെടുത്താന്‍ വൈറസ്സിനു കഴിഞ്ഞിരുന്നു. എന്നാല്‍ 2018 എന്ന സിനിമ മെലോഡ്രാമകള്‍ കൊണ്ട് യാഥാര്‍ത്ഥ്യങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്. ടൊവിനോ തോമസ്‌, ആസിഫ് അലി എന്നിങ്ങനെയുള്ള നടന്മാരുടെ സാഹസികത കാണിച്ച് രോമാഞ്ചം കൊള്ളിക്കാനുള്ള സീനുകള്‍ക്കിടയിലൂടെ കൃത്യമായ അരാഷ്ട്രീയത സിനിമ പടച്ചു വിടുന്നുണ്ട്. 

ഏലൂര്‍-എടയാര്‍ മേഖലയിലെ പരിസ്ഥിതി പ്രശ്നങ്ങള്‍ക്കെതിരെ നടന്ന ജനകീയ സമരങ്ങളിലൊന്നായിരുന്നു പെരിയാര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പെരിയാര്‍ മലിനീകരണ വിരുദ്ധ സമരം.  ഈ സമരത്തിന്‍റെ പ്രധാന ലക്ഷ്യം പരിസ്ഥിതി സംരക്ഷണം തന്നെയായിരുന്നു. പെരിയാറിനെ മാലിന്യത്തില്‍ മുക്കിക്കൊല്ലുന്ന കമ്പനികള്‍ക്കെതിരെ ജനകീയമായി ഉയര്‍ന്നു വന്ന സമരത്തെ അത്യന്തം അപകടകരമാം വിധത്തിലാണ് സിനിമയില്‍ സംവിധായകന്‍ കൈകാര്യം ചെയ്തിരിക്കുന്നത്. തികച്ചും ജനാധിപത്യരീതിയില്‍ വര്‍ഷങ്ങളായി തുടരുന്ന സമരത്തെ സിനിമ എന്ന മാധ്യമത്തിലൂടെ അടയാളപ്പെടുത്തുമ്പോള്‍ പാലിക്കേണ്ട സാമാന്യ മര്യാദപോലും ജൂഡ് പാലിച്ചിട്ടില്ല. മറിച്ച് സമരത്തില്‍ പങ്കെടുത്തവരെ സമര വിജയത്തിനായി സ്ഫോടന സാമഗ്രികള്‍ ഉപയോഗിക്കുന്നവരായി ചിത്രീകരിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്. പ്രളയത്തിന്‍റെ അനന്തരഫലമായി ഫാക്ടറി തകര്‍ന്നതില്‍ സന്തോഷിക്കുന്നവരായി അവരെ മാറ്റുകയും ചെയ്തത് പരിസ്ഥിത്യ്ക്കു വേണ്ടി നിലകൊണ്ട ഒരു പറ്റം ജനങ്ങളോടുള്ള കടുത്ത അനീതിയാണ്. കാരണം ഫാക്ടറി തകരുന്നത് ഏലൂര്‍-എടയാര്‍ മേഖലയില്‍ കൂടുതല്‍ പാരിസ്ഥിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയേയുള്ളൂ അത് അവരുടെ സമരലക്ഷ്യത്തിനു നേരെ വിപരീതമായ കാര്യമാണ്.   

 River Pollution Periyar Kerala

ഇങ്ങനെ ഉത്തരം തരാത്ത അനേകം ചോദ്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത് സിനിമയുടെ സത്യസന്ധതയില്ലായ്മയിലേക്കാണ്. സിനിമ അതിന്‍റെ സാങ്കേതിക വശങ്ങളിലൊക്കെ മികവ് പുലര്‍ത്തുന്നുണ്ട്. അതിലൂടെ മികച്ച കാഴ്ചാനുഭവമായി സിനിമയെ അംഗീകരിക്കാവുന്നതുമാണ്. പക്ഷേ എഴുത്തിലെയും സംവിധാനത്തിലെയും വലിയ അപാകതകളെ അപ്പോഴും നമുക്ക് കണ്ടില്ലെന്നു നടിക്കേണ്ടി വരും. എങ്കിലും കിതച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമയ്ക്ക് 2018 വലിയ ആശ്വാസം തന്നെയാണ്. 

By Sabindas A C

വോക് മലയാളത്തില്‍ കണ്ടന്‍റ് റൈറ്റര്‍. മലയാളം അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തരബിരുദം നേടി