Wed. Jan 22nd, 2025

ചാറ്റ് ജിപിടിയും ഗിറ്റ്ഹബ്ബിന്റെ കോ പൈലറ്റും കമ്പനി ഉപകരണങ്ങളിലും നെറ്റ്‌വര്‍ക്കിലും ഉപയോഗിക്കരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി ആപ്പിള്‍. കമ്പനിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ എഐ മോഡലുകളെ പരിശീലിപ്പിക്കുന്ന ഡെവലപ്പര്‍മാരുടെ പക്കല്‍ എത്തിച്ചേരാനിടയുണ്ടെന്ന ആശങ്കയെ തുടര്‍ന്നാണ് ഈ നടപടിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ ജീവനക്കാര്‍ ആരും ചാറ്റ് ജിപിടിയോ പുറത്തുനിന്നുള്ള മറ്റ് എഐ ടൂളുകളോ ഉപയോഗിക്കരുത് എന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ആപ്പിളും സ്വന്തം നിലയ്ക്ക് എഐ ടൂളുകള്‍ വികസിപ്പിക്കുന്നുണ്ട്. എന്നാല്‍ അവയുടെ ഉപയോഗം സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. ഒരു ലാംഗ്വേജ് ജനറേറ്റിങ് എഐയുടെ നിര്‍മാണ ജോലികളിലാണ് ആപ്പിളിലെ എഐ ടീമുകളെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ കമ്പനിയുടെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേസമയം, ആപ്പിളിനെ പോലെ സാംസങും കമ്പനിയ്ക്കുള്ളില്‍ ചാറ്റ് ജിപിടിയെ പോലുള്ള എഐ ടൂളുകള്‍ വിലക്കിയിട്ടുണ്ടെന്നാണ് വിവരം. സാംസങുമായി ബന്ധപ്പെട്ട സ്വകാര്യ വിവരം ചാറ്റ് ജിപിടിയിലേക്ക് അബദ്ധത്തില്‍ ചോര്‍ന്നതിന് ശേഷമാണ് സാംസങ് എഐ ടൂളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം