Mon. Dec 23rd, 2024

ഡല്‍ഹി: ഗ്യാന്‍വാപി പള്ളിക്കേസില്‍ അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കും. ഗ്യാന്‍വാപി പള്ളിയില്‍ കണ്ടതായി പറയുന്ന ശിവലിംഗത്തിന്റെ പഴക്കം നിര്‍ണയിക്കാന്‍ ശാസ്ത്രീയ സര്‍വേ നടത്തണമെന്ന ഹൈകോടതി വിധിയെ ചോദ്യം ചെയ്യുന്ന ഹര്‍ജിയിലാണ് വാദം കേള്‍ക്കുന്നത്. ഗ്യാന്‍വാപി പള്ളിക്കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹ്‌മദിയുടെ വാദം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരുടെ ബെഞ്ചാണ് പരിഗണിച്ചത്. മേയ് 12 നാണ് കാലപ്പഴക്കം നിര്‍ണയിക്കാന്‍ ശാസ്ത്രീയ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ ജില്ലാകോടതിയുടെ വിധി തള്ളി ഹൈക്കോടതിയുടെ സര്‍വേ ഉത്തരവ് വരുന്നത്. ഹൈക്കോടതി ഉത്തരവിനുശേഷം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഗ്യാന്‍വാപി പള്ളിയാകെ സര്‍വേ നടത്തണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കാന്‍ വാരാണസി കോടതി സമ്മതിച്ചിരുന്നു. ഹിന്ദു വിഭാഗമാണ് ഈ ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് വിഷയത്തില്‍ പള്ളിക്കമ്മിറ്റി അവരുടെ മറുപടി മേയ് 19 നകം സമര്‍പ്പിക്കാനും ജില്ല കോടതി നിര്‍ദേശിക്കുകയുണ്ടായി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം