Wed. Dec 18th, 2024

ഡല്‍ഹി: കേരളം വിട്ട് ഡല്‍ഹിയിലേക്ക് പോവുകയാണെന്ന് ബിന്ദു അമ്മിണി. സുപ്രിംകോടതിയില്‍ അഭിഭാഷകയായി എൻറോള്‍ ചെയ്തതായി ബിന്ദു അമ്മിണി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഡല്‍ഹിയിലെത്തി എന്ത് ചെയ്യുമെന്ന് പോലും ഉറപ്പില്ലാതെയാണ് പ്രത്യേക സാഹചര്യത്തില്‍ കേരളം വിട്ടുപോരാന്‍ തീരുമാനിച്ചതെന്നും എന്നാല്‍, അതിനൊക്കെ മുകളിലാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായിഅനുഭവിച്ച് കൊണ്ടിരിക്കുന്നതെന്നും അവര്‍ കുറിച്ചു. മുതിര്‍ന്ന അഭിഭാഷകനായ മനോജ് സെല്‍വന്റെ ഓഫിസാണ് ഇനി ബിന്ദു അമ്മിണിയുടെ പ്രവര്‍ത്തന മേഖല. 2011 ഫെബ്രുവരിയില്‍ അഭിഭാഷകയായി കേരള ബാര്‍ കൗണ്‍സിലില്‍ എൻറോള്‍ ചെയ്‌തെങ്കിലും 2013 ലാണ് ആക്റ്റീവ് പ്രാക്ടീസ് തുടങ്ങിയത്. 2014 മുതല്‍ കൂടുതല്‍ ശ്രദ്ധ അധ്യാപനത്തില്‍ ആയിരുന്നു. എന്നാല്‍ ബിന്ദു അമ്മിണി എന്റോള്‍മെന്റ് നിലനിര്‍ത്തുകയും കുറച്ചു മാത്രം പ്രാക്ടീസ് ചെയ്യുകയും ചെയ്തിരുന്നതായി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ബിന്ദു അമ്മിണിയുടെ ഫേസ്ബുക്കിന്റെ പൂർണ്ണരൂപം-

പ്രിയപെട്ടവരെ ഞാൻ ഇന്നലെ ആണ് ഡൽഹിയിൽ എത്തിയത്. സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട് ലീഡിങ് ലോയർ ആയ മനോജ്‌ സെൽവൻ സർ ന്റെ ഓഫീസിൽ ജോയിൻ ചെയ്തു പ്രവർത്തിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. 2011 ഫെബ്രുവരിയിൽ വക്കീൽ ആയി കേരള ബാർ കൗൺസിലിൽ എൻറോൾ ചെയ്‌തെങ്കിലും 2013 ലാണ് ആക്റ്റീവ് പ്രാക്ടീസ് തുടങ്ങിയത്. 2014 മുതൽ കൂടുതൽ ശ്രദ്ധ അദ്ധ്യാപനത്തിൽ ആയിരുന്നു.
2023 മാർച്ച്‌ മാസം വരെ. എന്നാൽ എൻറോൾമെന്റ് നിലനിർത്തുകയും കുറച്ചു മാത്രം പ്രാക്ടീസ് ചെയ്യുകയും ചെയ്തിരുന്നു. സ്ഥിരം അധ്യാപിക അല്ലാത്തതിനാൽ പ്രാക്ടീസ് ചെയ്യുന്നതിന് നിയമ പരമായ തടസ്സം ഒന്നും ഇല്ലായിരുന്നു.

എന്നാൽ പ്രേത്യേക സാഹചര്യത്തിൽ കേരളം വിട്ടു പോരാൻ തീരുമാനിക്കുകയും, ഡൽഹിയിൽ എത്തി എന്ത് ചെയ്യും എന്ന്‌ പോലും ഉറപ്പില്ലാതെ ആണ് ഇവിടെ എത്തിയത്. എന്നാൽ അതിനൊക്കെ ഒരുപാട് മുകളിൽ ആണ് ഞാൻ കഴിഞ്ഞ കുറെ വർഷങ്ങൾ ആയി അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
കേരളത്തെക്കാൾ മുകളിലാണ് ഡൽഹി എന്ന്‌ ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല. എന്നാൽ ആദിവാസി ദളിത്‌ മുസ്ലിം അതിക്രമങ്ങളിൽ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു പുരോഗമന പരം ആണ് എന്ന്‌ എനിക്ക്‌ അഭിപ്രായം ഇല്ല. അത് എന്റെ അനുഭവം കൂടി ആണ്. ഞാൻ ഒരു ഇടതു പക്ഷ ചിനന്താഗതിക്കാരി ആയിരിക്കുമ്പോൾ തന്നെ ചില കാര്യങ്ങൾ പറയാതിരിക്കാനാവില്ല.

അതിനർത്ഥം ഞാൻ ആന്റി മാർക്സിസ്റ്റ്‌ ആണ് എന്നല്ല. ഒരു കമ്മ്യൂണിസ്റ്റ്‌കാരി ആയി ഇരിക്കുന്നത് സിപിഎം എന്നോട് എന്ത് സമീപനം സ്വീകരിച്ചു എന്നത് അടിസ്ഥാനപ്പെടുത്തി അല്ല. ഇപ്പോഴും കേരളത്തിൽ സിപിഎം നെ പിന്തുണക്കുന്ന ആളാണ്‌ ഞാൻ. ഞാൻ പാർട്ടി മെമ്പർ അല്ല. എനിക്ക്‌ ശരി അല്ല എന്ന്‌ തോന്നുന്ന കാര്യങ്ങൾ പറയാൻ അവകാശം ഉള്ള ഒരു ഇന്ത്യൻ പൗരയാണ്. എന്നെ ആക്രമിക്കുന്നവരുടെ ഒപ്പം മാർക്സിസ്റ്റ്‌ സൈബർ പോരാളികളും ഉണ്ട്. ഞാൻ എന്റെ ശരികൾക്കൊപ്പം ആണ്. തെറ്റാണ് എന്ന്‌ ബോധ്യപ്പെട്ടാൽ അത് തിരുത്താൻ സന്നദ്ധയുമാണ്. എനിക്ക്‌ ശരി എന്ന്‌ തോന്നുന്നത് മാത്രം ആണ് ഞാൻ ചെയ്‌ത് കൊണ്ടിരിക്കുന്നത്.

കേരളത്തിൽ എന്നെ മാറ്റിനിർത്തുന്നതിൽ സർക്കാർ, സിപിഎം, സിപിഐ, ലിബറൽ സ്പേസിൽ നിൽക്കുന്ന ചിലർ, കോൺഗ്രസ്‌ തുടങ്ങി എല്ലാവരും ഉണ്ട്. പാർട്ടികൾക്ക് അതീതമായി ചിന്തിക്കുന്നവരുടവയും, ലിബറൽ സ്പേസിൽ തന്നെ ഉള്ള ചിലരുടെയും പുതു തലമുറയിൽ പെട്ടവരുടെയും മറ്റും സ്നേഹം ഞാൻ അനുഭവിച്ചറിഞ്ഞതാണ്. പിന്തുണക്കുന്നവരുടെ സ്നേഹം തിരസ്കരിച്ചിട്ടല്ല ഞാൻ കേരളം വിട്ടത്. ആ സ്നേഹം കൂടെ കൂട്ടിയിട്ടാണ് പോന്നത് 💚 ലോകത്തിന്റെ ഏത് കോണിൽ ആണെങ്കിലും ഇടപെടേണ്ട വിഷയങ്ങളിൽ ഇടപെടുകയും ചെയ്യും.
കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജിലെ ജോലിക്കുള്ള ഇന്റർവ്യൂവിനു പങ്കെടുക്കാം എന്ന്‌ വിചാരിച്ചിരുന്നതാണ്. ഒന്നും ശരി ആയില്ല എങ്കിൽ തിരിച്ചു വീണ്ടും പഴയ ജോലി തുടരേണ്ടതായി വന്നേക്കുമോ എന്നൊരു ആശങ്ക ഉണ്ടായിരുന്നു. പക്ഷേ അവിചാരിതമായ കാരണങ്ങളാൽ ഇന്റർവ്യൂവിനു പങ്കെടുക്കാൻ കഴിഞ്ഞില്ല. പക്ഷേ മെയ്‌ 15 നു തൃശൂർ ഗവണ്മെന്റ് ലോ കോളേജിൽ ഇന്റർവ്യൂ ഉണ്ടായിരുന്നു. പങ്കെടുക്കേണ്ട എന്ന്‌ ഉറച്ച തീരുമാനം എടുത്തു.

കേരളം വിട്ട് പോകുന്നു എന്ന്‌ തീരുമാനം എടുത്തപ്പോൾ വിദേശത്തുള്ള സ്റ്റുഡന്റസ്, സുഹൃത്തുക്കളിൽ ചിലർ അവിടെ എത്താൻ പറഞ്ഞിരുന്നു.
ഞാൻ ഒരിക്കലും പ്രതീക്ഷിച്ച ഒരു ഓഫർ ആയിരുന്നില്ല അത്. ഏപ്രിൽ മാസത്തിൽ തന്നെ ദളിത് ടൈംസ് എന്ന മാധ്യമത്തിൽ ഞാൻ ജോയിൻ ചെയ്തിരുന്നു. ശമ്പളം ഇല്ല എങ്കിലും അക്കോമഡേഷൻ ലഭിച്ചിരുന്നു. മറ്റ് ഒരുപാട് പിന്തുണയും. ഞാൻ വക്കീൽ എന്ന നിലയിൽ പ്രൊഫഷൻ ശരിക്കും തുടങ്ങുന്നതെ ഉളളൂ. ഇതുവരെ നിയമ ഉപദേശം ആണ് കൂടുതൽ നൽകിയിരുന്നത്. കുറച്ചു കേസുകൾ നടത്തിയിട്ടുമുണ്ട്.

പ്രിയ സുഹൃത്തായ adv. Jayakrishnan U പ്രൊഫഷനിൽ പിടിച്ചു നിൽക്കാൻ പിന്തുണച്ചിട്ടുണ്ട്. ഇത്‌ വരെ ഉള്ള എന്റെ എക്സ്പീരിയൻസ്ന് ഒരുപാട് മുകളിൽ ആണ് ഇനിയുള്ള നാളുകൾ. ആ വഴിയിലേക്ക്‌ എത്താൻ ഒരുപാട് ശ്രമിക്കേണ്ടത് ഉണ്ട് എന്ന്‌ മനസ്സിലാക്കി കൊണ്ട് ഞാൻ ഡൽഹിയിൽ എന്റെ അഭിഭാഷക വൃത്തി തുടങ്ങുന്നു. തുടക്കം മാത്രം 🙏🏽
പിന്തുണക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും ഹൃദയത്തിൽ നിന്നും സ്നേഹം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം