ഡല്‍ഹി: സിദ്ധാരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം ഇന്ന് വൈകിട്ടോടെ ഉണ്ടായേക്കും. സത്യപ്രതിജ്ഞ നാളെ നടക്കുമെന്നാണ് സൂചന. ഇതേ തുടര്‍ന്ന് ഡല്‍ഹിയില്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആദ്യം സിദ്ധാരാമയ്യ മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ആദ്യത്തെ രണ്ട് വര്‍ഷം സിദ്ധരാമയ്യയും പിന്നീടുള്ള മൂന്ന് വര്‍ഷം ഡി കെ ശിവകുമാറും മുഖ്യമന്ത്രിയാകുക എന്നതാണ് ഫോര്‍മുല. ടേം വ്യവസ്ഥയ്ക്ക് താല്‍പര്യമില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഡി കെ ശിവകുമാര്‍. അതേസമയം, ഡി കെ ശിവകുമാറിനെ അനുനയിപ്പിക്കാനുളള ശ്രമങ്ങള്‍ ഹൈക്കമാന്‍ഡ് തുടരുകയാണ്. സിദ്ധരാമയ്യ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയാകാനില്ലെന്ന് നിലപാടിലും അദ്ദേഹം ഉറച്ച് നില്‍ക്കുകയാണ്. അതേസമയം, സിദ്ധരാമയയ്യുടെ ബെംഗളുരുവിലെ വീടിന് മുന്നില്‍ അനുകൂലികള്‍ അഹ്ലാദ പ്രകടനം തുടങ്ങി. സിദ്ധരാമയ്യയുടെ വീടിന് പൊലീസ് സംരക്ഷണം കൂട്ടി. സിദ്ധരാമയ്യ ജനകീയനായതിനാല്‍ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന ദേശീയ നേതാക്കളുടെ നീക്കത്തെ ഡി കെ ശിവകുമാര്‍ ശക്തമായി എതിര്‍ത്തു. സിദ്ധരാമയ്യ ജനകീയനാണെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ടാണ് പാര്‍ട്ടി തോറ്റുപോയതെന്ന ചോദ്യം ഹൈക്കമാന്‍ഡ് നേതൃത്വത്തിന് മുന്നില്‍ ഡി കെ ശിവകുമാര്‍ ഉയര്‍ത്തി.