കാസര്‍ഗോഡ്: കാസര്‍ഗോഡെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികിത്സ സംബന്ധിച്ചുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി സുപ്രീംകോടതി. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികിത്സ സഹായധനം അടക്കം സുപ്രീം കോടതി വിധി നടപ്പാക്കിയില്ലെന്ന് ചൂണ്ടികാട്ടി ഇരകളായവര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി തീര്‍പ്പാക്കവെയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഇതുസംബന്ധിച്ച നടപടികള്‍ നിരീക്ഷിക്കണം. കൂടാതെ കേസുമായി ബന്ധപ്പെട്ട രേഖകള്‍ കേരള ഹൈക്കോടതിയിലേക്ക് മാറ്റാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി. അതേസമയം, ഇരകളായവരുടെ സഹായധനവിതരണം സംബന്ധിച്ച് കാര്യങ്ങളില്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ സുപ്രീം കോടതി തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ഇരകള്‍ക്കുള്ള സഹായധനം പൂര്‍ണ്ണമായി വിതരണം ചെയ്‌തെന്ന് ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചിരുന്നു.