Mon. Dec 23rd, 2024

തിരുവനന്തപുരം: ചുമട്ടു തൊഴിലാളികളെ പ്രൊഫഷണലാക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വന്‍കിട കമ്പനികളുടെ സാധന സാമഗ്രികള്‍ കയറ്റിയിറക്കാന്‍ തൊഴിലാളികള്‍ക്കെല്ലാം പ്രത്യേക പരിശീലനം നല്‍കും. നഗരങ്ങളിലെ താമസകേന്ദ്രങ്ങളില്‍ ചുമട്ടുജോലികള്‍ ചെയ്യാന്‍ സവിശേഷ വൈദഗ്ധ്യം നേടിയ തൊഴിലാളികളെ പ്രൊഫഷണല്‍ യൂണിഫോം ധരിപ്പിച്ച രംഗത്തിറക്കാനാണ് സര്‍ക്കാരിന്റെ നീക്കം. നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷ (എന്‍എസ്ഡിസി) നുമായി സഹകരിച്ച് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് (കിലെ) നടപ്പാക്കുന്നതാണ് പരിശീലന പദ്ധതി. സംസ്ഥാന ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഇതിനു മേല്‍നോട്ടം നല്‍കും. ജിഎസ്ടി ബില്ലുകള്‍ പരിശോധിച്ച് അവയുടെ ആധികാരികത ഉറപ്പാക്കുന്നതടക്കമുള്ള പരിശീലനവും തൊഴിലാളികള്‍ക്ക ലഭ്യമാക്കും. തിരുവനന്തപുരം, കൊച്ചി തുടങ്ങിയ നഗരമേഖലകളില്‍ 45 വയസ്സിനു താഴെയുള്ള തൊഴിലാളികളെയാണ് പ്രത്യേക യൂണിഫോമും ബാഡ്ജുമൊക്കെ നല്‍കി രംഗത്തിറക്കുക. ഇവര്‍ക്ക് പാക്കേഴ്സ് ആന്‍ഡ് മൂവേഴ്സിലും പരിശീലനം നല്‍കും. പ്ലസ് ടു മിനിമം യോഗ്യതയും വയസ്സും പരിഗണിച്ചാവും ഇതിനുള്ള തൊഴിലാളികളെ തിരഞ്ഞെടുക്കുക.ഇതിനൊപ്പം പ്രാഥമിക ചികിത്സ, ട്രോമാ കെയര്‍ തുടങ്ങിയവയില്‍ അടിസ്ഥാന പരിശീലനം നല്‍കും. ഇങ്ങനെ, ചുമട്ടുതൊഴിലാളികളെ കൂടുതല്‍ സാമൂഹിക ഉത്തരവാദിത്വമുള്ളവരാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം