Wed. Jan 22nd, 2025

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ ചൂട് കൂടാനാണ് സാധ്യത. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രിസെല്‍ഷ്യസ് വരെയും കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ 36 ഡിഗ്രിസെല്‍ഷ്യസ് വരെയും, കണ്ണൂര്‍,മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ 35 ഡിഗ്രിസെല്‍ഷ്യസ് വരെയും താപനില ഉയരുമെന്നാണ് കലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കളക്ടര്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം, മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള ജില്ലയില്‍ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യയുണ്ട്. ചൂട് കൂടുന്നതിനാല്‍ പകല്‍ 11 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങളാല്‍ അവശത അനുഭവിക്കുന്നവര്‍ ഈ സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതെ ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നു. കാട്ടുതീ വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം