Thu. Dec 19th, 2024

കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ ആക്രമിച്ച രോഗി പിടിയില്‍. വട്ടേക്കുന്ന് സ്വദേശി ഡോയല്‍ വാള്‍ഡിനാണ് പിടിയിലായത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ പരിക്കേറ്റ് ചികിത്സക്ക് വേണ്ടി മെഡിക്കല്‍ കോളേജിലെത്തിയ ഡോയലാണ് അതിക്രമം നടത്തിയത്. ചികിത്സ നല്‍കുന്നതിനിടെ ഇയാള്‍ മുഖത്തടിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് മെഡിക്കല്‍ കോളേജിലെ ഡോ. ഇര്‍ഫാന്‍ ഖാന്‍ നല്‍കിയ പരാതിയിലെ ആരോപണം. വനിതാ ജീവനക്കാരെ പ്രതി അസഭ്യം പറഞ്ഞുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ആശുപത്രിയിലെത്തിയത് മുതല്‍ അസ്വാഭാവികമായ നിലയിലായിരുന്നു ഡോയലിന്റെ പെരുമാറ്റം. ജീവനക്കാരോട് തട്ടിക്കയറിയ ഇയാള്‍ സെക്യൂരിറ്റി ജീവനക്കാരനെ തള്ളിമാറ്റി. ഡോക്ടറിന് നേരം അതിക്രമം നടത്തിയതിന് ശേഷവും പ്രതി ആശുപത്രിക്കുള്ളില്‍ ബഹളം വെച്ചു. ഇതോടെ ആശുപത്രി ജീവനക്കാര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം