Sat. Oct 5th, 2024

മുംബൈ: ഇന്‍സ്റ്റഗ്രാമിലെ മതപരമായ പോസ്റ്റിനെച്ചൊല്ലി മഹാരാഷ്ട്രയില്‍ സംഘര്‍ഷം. അകോലയിലെ ഓള്‍ഡ് സിറ്റി ഏരിയയിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അഹമ്മദ്നഗര്‍ ജില്ലയിലെ അകോല നഗരത്തിലും ഷെവ്ഗാവ് ഗ്രാമത്തിലുമാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമത്തിനിടെ ഇരുവിഭാഗങ്ങളില്‍പ്പെട്ട ആളുകള്‍ പരസ്പരം കല്ലെറിയുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. വര്‍ഗീയ കലാപം മറ്റ് പ്രദേശങ്ങളിലേക്ക് പടരാതിരിക്കാന്‍ 132 പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചിലയിടങ്ങളില്‍ പോലീസ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതസമയം, വ്യാജ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ അകോലയിലും ഷെവ്ഗാവിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അകോലയിലെയും ഷെവ്ഗാവിലെയും അക്രമത്തിന് പിന്നിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ പൊലീസിന് നിര്‍ദ്ദേശം നല്‍കി. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നും പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. ഗ്രാമവികസന മന്ത്രി ഗിരീഷ് മഹാജന്‍ നേരിട്ട് അകോല സന്ദര്‍ശിച്ചു. റവന്യൂ മന്ത്രി രാധാകൃഷ്ണ വിഖെ പാട്ടീല്‍ ഷെഗാവിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്തു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം