Sat. Oct 12th, 2024

മുംബൈ: ഐപിഎല്ലില്‍ ഇന്ന് ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന്റെ യുവപേസര്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. അര്‍ജുന്‍ തെണ്ടുല്‍ക്കറിനെ പട്ടി കടിച്ചതിനെ തുടര്‍ന്നാണ് മത്സരത്തിനിറങ്ങില്ല എന്ന വാര്‍ത്തകള്‍ പുറത്തു വരുന്നത്. ലഖ്‌നോ അവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച വിഡിയോയിലാണ് ഇക്കാര്യം പറയുന്നത്. ഐപിഎല്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇരു ടീമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ലഖ്നോ താരങ്ങളുമായുള്ള ഗ്രൗണ്ടിലെ കൂടിക്കാഴ്ചക്കിടെയാണ് അര്‍ജുന്‍ കൈക്ക് പട്ടിയുടെ കടിയേറ്റ വിവരം പറയുന്നത്. വിരലിന് മുറിവുള്ളതിനാല്‍ പരിശീലന സെഷനില്‍ താരം ബൗള്‍ ചെയ്തിരുന്നില്ല. ലഖ്നോ താരങ്ങളായ യുധ്വീര്‍ സിങ്ങുമായും മൊഹ്സിനുമായി നടത്തുന്ന കുശലാന്വേഷണങ്ങള്‍ക്കിടെയാണ് ഒരു ദിവസം മുമ്പ് തന്റെ ഇടത് കൈയില്‍ പട്ടി കടിച്ചെന്നും മുറിവുണ്ടെന്നും താരം വെളിപ്പെടുത്തിയത്. ‘മുംബൈയില്‍ നിന്നെത്തിയ കൂട്ടുകാരന്‍’ എന്ന തലക്കെട്ടോടെയാണ് വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. കാര്യമായ പരിക്കുകളൊന്നുമില്ലെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അര്‍ജുന്‍ പറയുന്നത് വിഡിയോയില്‍ കാണാം. സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മകന്‍ ഈ ഐപിഎല്‍ സീസണിലാണ് അരങ്ങേറ്റം കുറിക്കുന്നത്. ഇതുവരെ നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിക്കറ്റാണ് താരം നേടിയത്. നിലവില്‍ 12 മത്സരങ്ങളില്‍നിന്ന് 14 പോയന്റുമായി മുംബൈ ഇന്ത്യന്‍സ് മൂന്നാമതാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം