Tue. Nov 5th, 2024

തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുകയോ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നാശം വരുത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ ശിക്ഷാ നടപടിയുമായി സര്‍ക്കാര്‍. അഞ്ചു വര്‍ഷത്തിന് മുകളില്‍ ശിക്ഷ ഉറപ്പാക്കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യണമെന്നാണ് നിര്‍ദേശം. നിയമ, ആഭ്യന്തര, ആരോഗ്യ സെക്രട്ടറിമാര്‍ കൂടിക്കാഴ്ച നടത്തിയശേഷമാണ് കരട് ബില്‍ തയാറാക്കിയത്. 2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും ആക്ടില്‍ നിയമവകുപ്പും ആഭ്യന്തരവകുപ്പും നിര്‍ദേശിച്ച മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി കരട് ബില്‍ ബന്ധപ്പെട്ട മന്ത്രിമാരുടെ അഭിപ്രായത്തിനായി സമര്‍പ്പിച്ചു. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം കരട് ബില്‍ പരിഗണിക്കും. ശിക്ഷാ കാലാവധി കൂട്ടാനും വിചാരണ വേഗത്തിലാക്കാനും തീരുമാനിച്ചതായാണ് വിവരം. നിലവിലെ നിയമത്തിലെ സെക്ഷന്‍ നാല് അനുസരിച്ച് ആരോഗ്യസ്ഥാപനങ്ങളിലോ ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയോ ആക്രമണം നടത്തിയാല്‍ മൂന്നു വര്‍ഷംവരെ തടവും 50,000 രൂപ വരെ പിഴയുമാണ് പരമാവധി ശിക്ഷ. ഏഴു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപയില്‍ കുറയാത്ത പിഴയും ഈടാക്കാനാണു നീക്കം. അതേസമയം, ഗുരുതരമായ കുറ്റകൃത്യമാണെങ്കില്‍ പത്തുവര്‍ഷം വരെ ശിക്ഷയും ഒരു ലക്ഷംരൂപയില്‍ കുറയാത്ത പിഴയും വേണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആവശ്യം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം