Fri. May 10th, 2024

ബീജിങ്: ചാരവൃത്തി ആരോപിച്ച് അമേരിക്കന്‍ പൗരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ചൈന. ഹോങ്കോങ്ങിലെ സ്ഥിരതാമസക്കാരനായ എഴുപത്തിയെട്ടുകാരനായ ജോണ്‍ ഷിങ്-വാന്‍ ലിയുങിനെയാണ് ശിക്ഷിച്ചത്. കിഴക്കന്‍ നഗരമായ സുഷൗവിലെ ഇന്റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതിയുടെ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കുറ്റാരോപണങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളും കോടതി പ്രസ്താവനയില്‍ നല്‍കിയിട്ടില്ല. 2021 ഏപ്രിലിലാണ് ലിയുങിനെതിരെ അധികൃതര്‍ നിയമപ്രകാരം നിര്‍ബന്ധിത നടപടികള്‍ സ്വീകരിച്ചത്. എന്നാല്‍ എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്ന വ്യക്തമല്ല. 2014 ല്‍ ചാരവൃത്തി വിരുദ്ധ നിയമം കൊണ്ടുവന്നതിന് ശേഷം ചൈനയില്‍ തടവിലാക്കപ്പെട്ട പതിനേഴാമത്തെ വിദേശപൗരനാണ് ലിയുങ്ങ്. ലിയുങ്ങിന്റെ വ്യക്തിഗത സ്വത്തുക്കളും കോടതി കണ്ടുകെട്ടിയിട്ടുണ്ട്. അതേസമയം, ലിയുങ്ങിന്റെ ശിക്ഷ സംബന്ധിച്ച് ബീജിങിലെ അമേരിക്കന്‍ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല. ലിയുങ്ങിനെതിരെയുള്ള ശിക്ഷാ വിധി അമേരിക്ക-ചൈന ബന്ധം കൂടുതല്‍ വഷളാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഏപ്രിലിലാണ് ചൈന ചാരവൃത്തിയുമായി ബന്ധപ്പെട്ടുള്ള കുറ്റങ്ങള്‍ കൂടുതല്‍ കടുപ്പിച്ച് നിയമത്തില്‍ ഭേദഗതി വരുത്തുന്നത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ അധികൃതര്‍ക്കല്ലാതെ കൈമാറുന്നതും നിരോധിച്ചിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം