Tue. Nov 5th, 2024

കീവ്: കിഴക്കന്‍ നഗരമായ ബഖ്മുത്തില്‍ പ്രതിരോധം ശക്തമാക്കി യുക്രെെന്‍ സേന. കഴിഞ്ഞ പത്ത് മാസത്തോളമായി റഷ്യ ശക്തമായ മുന്നേറ്റം നടത്തുന്ന മേഖലയായ ബഖ്മുത്തില്‍ റഷ്യന്‍ സൈന്യത്തിന് അടിപതറുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. രണ്ട് കിലോമീറ്ററിലേറെ ഭാഗം റഷ്യയില്‍ നിന്ന് പൂര്‍ണമായും വീണ്ടെടുത്തതായി യുക്രെയ്ന്‍ സൈന്യം അറിയിച്ചു. റഷ്യയ്ക്ക് നിരവധി സൈനികരെ നഷ്ടമായതായാണ് യുക്രൈന്റെ അവകാശവാദം. മേഖലയില്‍ യുക്രെയ്‌ന് തിരിച്ചടികളൊന്നും ഈ ആഴ്ചയുണ്ടായില്ലെന്ന് ഡെപ്യൂട്ടി പ്രതിരോധ സെക്രട്ടറി ഹന്ന മാലിയര്‍ വ്യക്തമാക്കി. രണ്ട് കിലോമീറ്ററോളം ഭാഗത്ത് നിന്ന് റഷ്യന്‍ സൈന്യം പിന്മാറിയതായി യുക്രെയ്ന്‍ കരസേനാ മേധാവി വ്യക്തമാക്കി. റഷ്യന്‍ അതിര്‍ത്തി പ്രദേശമായ ബ്രയാന്‍സ്‌കയിലെ എണ്ണ സംഭരണ ഡിപ്പോയില്‍ യുക്രെയ്ന്‍ ആക്രമണം നടത്തിയതായി പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കി വ്യക്തമാക്കി. അതേസമയം, യുക്രെയ്ന്‍ സംഘര്‍ഷത്തിന് പരിഹാരം കാണുന്നതിനായി പ്രത്യേക പ്രതിനിധിയെ അയക്കുമെന്ന് ചൈന വ്യക്തമാക്കി. അടുത്താഴ്ച യുക്രെയിനിലും റഷ്യയിലും തങ്ങളുടെ പ്രതിനിധി സന്ദര്‍ശനം നടത്തുമെന്ന് ചൈന അറിയിച്ചു. ചൈനയുടെ യൂറേഷ്യന്‍ അഫയേഴ്സ് പ്രത്യേക പ്രതിനിധിയും റഷ്യയിലെ മുന്‍ അംബാസഡറുമായ ലീ ഹുയിയെ ആണ് ചര്‍ച്ചയ്ക്ക് അയക്കുന്നത്. ചൈനീസ് പ്രതിനിധി പോളണ്ട്, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലെത്തിയും ചര്‍ച്ചകള്‍ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം