Sun. May 12th, 2024

പാകിസ്താനിലെ സ്‌കൂളില്‍ അതിക്രമിച്ച് കയറി തോക്കുധാരികളായ അക്രമികള്‍ വെടിയുതിര്‍ത്തു. ആക്രമണത്തില്‍ ഏഴ് അധ്യാപകര്‍ കൊല്ലപ്പെടുകയും ചില സ്‌കൂള്‍ ജീവനക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനോട് അതിര്‍ത്തി പങ്കിടുന്ന പാകിസ്താന്റെ ഖുറാം മേഖലയിലാണ് ആക്രമണമുണ്ടായത്. അക്രമികള്‍ സ്റ്റാഫ് റൂമില്‍ കയറിയാണ് വെടിയുതിര്‍ത്തത്. പരീക്ഷ നടക്കുന്ന സമയമായതിനാല്‍ അധ്യാപകരെല്ലാം സ്‌കൂളിലുണ്ടായിരുന്നു. കൊല്ലപ്പെട്ടവരെല്ലാം ഷിയാ വിഭാഗത്തില്‍പ്പെട്ടവരാണെന്നും ഷിയാ വിഭാഗത്തെ ലക്ഷ്യമിട്ട് പ്രദേശത്ത് അക്രമങ്ങള്‍ തുടര്‍ച്ചയായി സംഭവിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഖുറാം മേഖലയില്‍ ഭൂരിഭാഗവും ഷിയാ ഗോത്ര വിഭാഗത്തില്‍പ്പെട്ടവരാണ്. ഷിയ – സുന്നി വിഭാഗീയത മേഖലയില്‍ ശക്തമാണ്. ഇതേ സ്‌കൂളിലെ സുന്നി മുസ്ലിം വിഭാഗത്തില്‍പ്പെട്ട അധ്യാപിക കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. റോഡില്‍ വച്ചാണ് അധ്യാപകയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഇതിന് പ്രതികാരമായാണോ ഷിയ വിഭാഗത്തിലുള്ള അധ്യാപകരെ വെടിവച്ച് കൊന്നതെന്ന് സംശയിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. അതേസമയം, സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ആക്രമണമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ മേഖലയില്‍ പോലീസ് സുരക്ഷ ശക്തമാക്കി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം