Wed. Jan 22nd, 2025

ജാ തി ചിലർക്ക് കയ്ക്കുന്നതും ചിലർക്ക് മധുരിക്കുന്നതുമായ ഒരു യാഥാർത്ഥ്യമാണ്. അത് ചിലർക്ക് അവരുടെ കഴിവിന്റെയോ പ്രയത്നത്തിന്റെയോ പേരിലല്ലാതെ ഒട്ടനവധി അവകാശങ്ങളും ആനുകൂല്യങ്ങളും നൽകിയപ്പോൾ മറ്റു ചിലർക്ക് തങ്ങൾക്ക് നിർണയിക്കാനാവാത്ത, തിരുത്താനാവാത്ത സ്വന്തം ജന്മത്തിന്റെ പേരിൽ അടിച്ചമർത്തലുകളും അസമത്വങ്ങളും അപമാനവും നൽകി. അപമാനവീകരിക്കപ്പെട്ട ഒരു ജനതയുടെ തിരുത്താനാവാത്ത വിധിയാണ് അവർണ്ണ ജാതി എന്ന് അവരെത്തന്നെ ബോധ്യപ്പെടുത്താനും അത് അംഗീകരിച്ച് നൂറ്റാണ്ടുകളോളം അടിമ ജീവിതം നയിപ്പിക്കാനും കഴിഞ്ഞു എന്നതാണ് ഇന്ത്യയിലെ ചാതുർവർണ്യത്തിന്റെ വിജയം.

പ്രാദേശിക സാഹചര്യങ്ങൾക്ക് അനുസരിച്ച് ജാതി അതിന്റെ ഭീകരത വെളിപ്പെടുത്തി പടർന്നു പന്തലിച്ചും ചിലയിടങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും വേരറ്റു പോകാതെ ഇന്നും നിലനിൽക്കുന്നു. അപമാന ബോധത്താൽ മനുഷ്യനെ മറ്റേതൊരു മൃഗത്തിനും പിന്നിലാക്കുന്ന, അടിമ ബോധം കൊണ്ട് ശ്വാസംമുട്ടിക്കുന്ന, ജീവിതം വഴിമുട്ടിക്കുന്ന ജാതി എന്ന സാമൂഹിക ദുരന്തത്തോട് എതിരിട്ട, സ്വന്തം ‘വിധി’ സ്വയം നിർണയിച്ച, ഒരു ധിഷണാശാലിയുടെ അതിജീവനക്കുറിപ്പുകൾ ആണ് 2020 ൽ പുറത്തിറങ്ങിയ പ്രൊഫസർ കുഞ്ഞാമന്റെ ‘എതിര്’. വ്യവസ്ഥിതിയോട്, രാഷ്ട്രീയത്തോട്, വിദ്യാഭ്യാസ സംവിധാനങ്ങളോട് എതിര് നിന്ന സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് പൊരുതിയ, കേരളത്തിലെ ദളിത് വിഭാഗങ്ങൾക്കും എല്ലാ മനുഷ്യസ്നേഹികൾക്കും പ്രചോദനാത്മകമായ അസാധാരണ ജീവിതമാണ് പ്രൊഫസർ കുഞ്ഞാമന്റെ എതിര് എന്ന കൃതിയിലുള്ളത്.

വസൂരി പോലെ ഉന്മൂലനം ചെയ്തു എന്ന് മലയാളി വീമ്പു പറയുന്ന ജാതി കേരള സമൂഹത്തിൽ, രാഷ്ട്രീയത്തിൽ, സർവകലാശാലകളിൽ, നിയമനങ്ങളിൽ അങ്ങനെ അതിന് പിടിമുറുക്കാൻ കഴിയുന്ന എല്ലാ ഇടങ്ങളിലും എങ്ങനെ വേരാഴ്ത്തിയിരിക്കുന്നു എന്ന വാസ്തവം ഈ കൃതി നമുക്ക് കാണിച്ചു തരും. മലയാളി ചർച്ച ചെയ്യേണ്ട, എതിര് എന്ന കൃതി മുന്നോട്ടുവയ്ക്കുന്ന ജാതി വിമർശനം, ഇടതുപക്ഷ വിമർശനം, എഴുത്തുകാരന്റെ തന്നെ നിലപാടുകളിലെ വൈരുദ്ധ്യങ്ങൾ, ഹൈന്ദവ വർഗീയതയോടും അതിനെ അധികാരത്തിലേറാനുള്ള ടൂളാക്കി മാറ്റുന്ന ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയോടും പുലർത്തുന്ന അപകടകരമായ നിശബ്ദത, ആർ എസ് എസ് സാംസ്കാരിക സംഘടനയാണെന്ന പുതു നിലപാട് എന്നിവയെ വിമർശനാത്മകമായി പരിശോധിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.

നവോത്ഥാന കേരളത്തിലെ ദളിതർ

ജയമോഹന്റെ ‘നൂറ് സിംഹാസനങ്ങളി’ലെ ധർമ്മപാലന്റെ നായാടി ജീവിതം പോലെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നുണ്ട് ‘എതിരി’ലെ പ്രൊഫസർ കുഞ്ഞാമന്റെ ജീവിതവും. പട്ടാമ്പിക്കടുത്ത് വാടാനം കുറുശിയിൽ അയ്യപ്പന്റെയും ചെറോണയുടെയും മകനായി ഒരു ചാളയിലായിരുന്നു ജനനം. ദാരിദ്ര്യവും അടിച്ചമർത്തപ്പെട്ട ജാതിയും പരസ്പരം ഊട്ടി വളർത്തിയ ജീവിതം. രാത്രി പുസ്തകം വായിക്കാൻ ഇരിക്കുമ്പോൾ ആകെയുള്ള മണ്ണെണ്ണ വിളക്ക് അമ്മ അടുക്കളയിലേക്ക് കൊണ്ടുപോകെ ഇരുട്ടിൽ മുങ്ങിപ്പോകുന്ന ഒരു കുട്ടി. എച്ചിലെടുത്തും അത് തിന്നുമുള്ള ജീവിതം.

ജന്മിമാരുടെ വീട്ടിൽ കഞ്ഞി പാത്രത്തിൽ കൊടുക്കില്ല. തൊടിയിൽ മണ്ണ് കുഴിച്ച് ഇലയിട്ട് ഒഴിച്ചുകൊടുക്കുകയാണ് പതിവ്. അതിന്റെ വിവരണം ഇങ്ങനെയാണ്  “പതിന്നാല് വയസ്സുള്ളപ്പോഴാണ്, വീടിനടുത്തുള്ള ഒരു ജന്മിയുടെ വീട്ടിൽ കഞ്ഞിക്ക് ചെന്നു. മണ്ണിൽ കുഴിച്ച് കഞ്ഞി ഒഴിച്ച് തന്നു. അവിടെ ഭയങ്കരനായ ഒരു പട്ടിയുണ്ടായിരുന്നു. എന്നോടൊപ്പം അവനോടും ചെന്ന് കുടിക്കാൻ പറഞ്ഞു വീട്ടുകാർ. കുഴിയുടെ അടുത്തേക്ക് എത്തിയ പട്ടി കഞ്ഞി കുടിക്കാനുള്ള ആർത്തിയിൽ എന്നെ കടിച്ചു മാറ്റി. തിരിഞ്ഞുനോക്കുമ്പോൾ ഒരു മനുഷ്യനും പട്ടിയും തമ്മിലുള്ള ബന്ധമായിരുന്നില്ല അത്. രണ്ട് പട്ടികളുമായുള്ള ബന്ധമായിരുന്നു. രണ്ടു പട്ടികൾ കഞ്ഞിക്ക് വേണ്ടി മത്സരിക്കുന്നു. പട്ടി കടിച്ച മുറിവിൽ നിന്ന് ചോര വന്നപ്പോൾ ദേഷ്യം അല്ല തോന്നിയത്. എന്റെ അവസ്ഥയിലുണ്ടായിരുന്ന മറ്റൊരു ജീവി എന്ന അനുതാപം മാത്രം.”

ഭക്ഷണമായിരുന്നു അന്നത്തെ പ്രധാന പ്രശ്നം. തന്നെ പഠിപ്പിച്ച മലയാളം അധ്യാപകന്റെ വീട്ടിൽ ചെന്നപ്പോൾ അവർ കഴിച്ചതിന്റെ ബാക്കി ഭക്ഷണത്തിൽ കുറച്ചു വെള്ളം ഒഴിച്ച് അദ്ദേഹത്തിന്റെ ഭാര്യ നൽകിയതിന് ആ അധ്യാപകൻ ഭീകരമായി മർദ്ദിച്ച കാര്യം അദ്ദേഹം ഓർക്കുന്നുണ്ട്. “കുട്ടികൾക്ക് ഭയവും ബഹുമാനവും ഉണ്ടായിരുന്ന ഒരു അധ്യാപകൻ ഉണ്ടായിരുന്നു മൂന്നാം ക്ലാസിൽ. അദ്ദേഹം എന്നെ പേര് വിളിക്കില്ല, പാണൻ എന്നാണ് വിളിക്കുക. ബോർഡിൽ കണക്കെഴുതി “പാണൻ പറയടാ “എന്ന് പറയും. സഹികെട്ട് ഒരിക്കൽ ഞാൻ പറഞ്ഞു, “സാർ എന്നെ ജാതിപ്പേര്  വിളിക്കരുത്. കുഞ്ഞാമൻ എന്ന് വിളിക്കണം” “എന്താടാ നിന്നെ ജാതിപ്പേര് വിളിച്ചാൽ” എന്ന് ചോദിച്ച് ചെകിട്ടത്താഞ്ഞടിച്ചു. അയാൾ നാട്ടിലെ പ്രമാണിയാണ്. ‘എവിടെടാ പുസ്തകം’ എന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ കഞ്ഞി കുടിക്കാനാണ് വന്നത്, പഠിക്കാനല്ല എന്നായി പരിഹാസം. അടിയേറ്റു വീങ്ങിയ കവിളുമായാണ് വീട്ടിലെത്തിയത്.”

സ്വാതന്ത്ര്യാനന്തര കേരളത്തിലെ ജീവിതമാണിത്. ആ അധ്യാപകന്റെ മർദ്ദനം അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായി. കഞ്ഞി കുടിക്കാനല്ല  പഠിക്കുന്നത് എന്ന് മനസ്സിലായി. തുടർച്ചയായി വായന തുടങ്ങി. വാടാനം കുറുശ്ശിയിലെ വായനശാലയിൽ നിന്ന് പുസ്തകം എടുത്തു വായിക്കും. പത്താം ക്ലാസ് കഴിഞ്ഞ് കോളേജിൽ ചേർന്ന് നാട്ടിലെത്തിയപ്പോൾ വീടിനടുത്തുള്ള ചായക്കടയിൽ ഇരുന്നവർ “കോളേജ് ഒന്ന് കണ്ടു അല്ലേ” എന്ന് ചോദിച്ചു ചിരിച്ചു.

കോളേജിൽ ചേർന്നു കഴിഞ്ഞതിനുശേഷം തുടർച്ചയായി വായിച്ചത് അടിച്ചമർത്തപ്പെട്ട സാമൂഹികാവസ്ഥയിൽ നിന്ന് രക്ഷപ്പെടാനായിരുന്നു. കോളേജിൽ ചേരാനും തുടർന്ന് പഠിക്കാനും സഹായിച്ച ഓരോരുത്തരെയും അദ്ദേഹം ഓർക്കുന്നുണ്ട്. പ്രീഡിഗ്രിക്ക് ക്ലാസ് ഉണ്ടായിരുന്നു. പ്രീഡിഗ്രി ഫലം അറിഞ്ഞു എന്ന് പറഞ്ഞപ്പോൾ ഏത് സബ്ജക്ടാണ് പോയത് എന്നായിരുന്നു അധ്യാപികയായിരുന്ന ജന്മിയുടെ മകൾ ചോദിച്ചതത്രേ. ഡിഗ്രിക്ക് പഠിക്കുമ്പോൾ കഥയും ലേഖനങ്ങളും എഴുതുമായിരുന്നു. അന്ന് രണ്ട് സീനുള്ള നാടകം എഴുതി കോളേജിൽ അവതരിപ്പിച്ചു. അത് ശ്രദ്ധിക്കപ്പെട്ടു. ജനകീയ സാംസ്കാരിക പ്രസ്ഥാനക്കാരും മറ്റും അന്വേഷിച്ചു വന്നു. എന്നാൽ അത് പിന്നീട് അപകടം ആകുമോ എന്ന് ഭയന്ന് ആ നാടകം നശിപ്പിച്ചു കളയുകയായിരുന്നു.

വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയായിരുന്നു നാടകത്തിന്റെ പ്രമേയം. കഥാപാത്രമായ ഒരു പോലീസ് കോൺസ്റ്റബിൾ പാവപ്പെട്ട കുടുംബത്തെ ഉപദ്രവിക്കേണ്ട കർത്തവ്യം അയാളിൽ ഏൽപ്പിക്കപ്പെട്ടപ്പോൾ യൂണിഫോം ഊരി ജോലിയിൽ നിന്ന് അയാൾ പുറത്തുവരുന്നതായിരുന്നു പ്രമേയം.

എം എ ക്ക് വിക്ടോറിയ കോളേജിൽ പഠിക്കുമ്പോൾ ഒന്നാമൻ ആയിരുന്നു. എങ്കിലും ദാരിദ്ര്യം ആയിരുന്നു സഹപാഠി എന്ന് അദ്ദേഹം ഓർക്കുന്നു. കോളേജിന് പുറത്ത് വന്ന ശേഷമാണ് ചെരിപ്പിടാൻ തുടങ്ങിയത്. സഹപാഠിയായ ഒരു പെൺകുട്ടി തന്റെ റൂംമേറ്റിനോട് ആരാണ് കൂടെ താമസിക്കുന്നത് എന്ന് ചോദിച്ചപ്പോൾ “കുഞ്ഞാമൻ ആണ് “എന്ന മറുപടി കേട്ട്”ദാറ്റ്ബെഗ്ഗർ” എന്ന് തന്നെക്കുറിച്ച് പറഞ്ഞ കാര്യവും ഓർമ്മക്കുറിപ്പുകളിലുണ്ട്.

1974 ലാണ് എം എ പാസ്സാകുന്നത്. സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം റാങ്ക് ഉണ്ടായിരുന്നു. കെ ആർ നാരായണന് ശേഷം ഒന്നാം റാങ്ക് കിട്ടിയ ദളിത് വിദ്യാർത്ഥി എന്നൊക്കെ പത്രത്തിൽ വാർത്ത വന്നു. റാങ്ക് കിട്ടിയപ്പോൾ അനുമോദിക്കാൻ പാലക്കാട്ട് വലിയൊരു സമ്മേളനം നടന്നു. മന്ത്രി എം എൻ ഗോവിന്ദൻ നായരും ടി കെ ദിവാകരനും പങ്കെടുത്തു. അന്ന് കിട്ടിയ സ്വർണ മെഡൽ പാലക്കാട്ട് നിന്ന് വാടാനംകുറുശ്ശിയിൽ എത്തിയതിന്റെ പിറ്റേന്ന് തന്നെ പണയം വയ്ക്കേണ്ടി വന്ന കാര്യവും ഓർമ്മിക്കുന്നു.

കേരളം രാഷ്ട്രീയമായും സാമൂഹികമായും മുന്നോട്ടു പോയിക്കൊണ്ടിരുന്നു എന്ന് നാം പറയുന്ന ഒരു കാലത്തെക്കുറിച്ചുള്ള വിവരണംനോക്കുക. “ഞങ്ങളുടെ ജന്മി വിരമിച്ച ആർമി മേജർ ആണ്. അദ്ദേഹത്തിന് ധാരാളം കത്ത് വരും. ഒരു മണിക്ക് സ്കൂൾ വിട്ടാൽ ഞാൻ പോസ്റ്റ് ഓഫീസിൽ ചെന്ന് ഈ കത്തുകൾ എല്ലാം ശേഖരിച്ച് അവിടെ കൊണ്ട് കൊടുക്കും. അപ്പോൾ കുറച്ചു കഞ്ഞി കിട്ടും. അത് കഴിച്ചാണ് വയർ നിറയ്ക്കുക. അവരുടെ കോമ്പൗണ്ടിൽ എത്തുന്നതിനുമുമ്പ് ഷർട്ട് ഊരണം. മുടി ചിന്നിച്ചിതറണം.” നവോത്ഥാന കേരളത്തിലെ സ്വാതന്ത്ര്യാനന്തര കാഴ്ചകളാണ് ഇവ.

കേരളത്തിലെ സർവ്വകലാശാലകളും ജാതിയും

എം എ കഴിഞ്ഞ് സിഡിഎസി ൽ  “ആദിവാസി പ്രശ്നങ്ങൾ കേരളത്തിൽ” എന്ന വിഷയത്തിൽ എം ഫിൽ ന് ചേരുമ്പോൾ ഡോ. കെ എൻ രാജ് ആയിരുന്നു ഗൈഡ്. വ്യക്തിപരമായി ഡോക്ടർ രാജിന് തന്നെ ഇഷ്ടമായിരുന്നുവെങ്കിലും പിന്നീട് തെറ്റിപ്പിരിയേണ്ടി വന്ന കാര്യവും ഓർമ്മക്കുറിപ്പുകളിൽ എം കുഞ്ഞാമൻ പറയുന്നുണ്ട്.  നിലവിലുള്ളത് വരേണ്യ വർഗ്ഗത്തിന്റെ സാമ്പത്തികശാസ്ത്രമാണ് എന്ന വിമർശനത്തിന് “യൂ ആർ ക്വസ്റ്റിനിംഗ് ദി ഹൈറാർക്കി വാട്ട് യു ക്യാൻ യൂ ഡു” എന്ന ഡോ. രാജിന്റെ ചോദ്യത്തിന് എം കുഞ്ഞാമന്റെ മറുപടി ഇങ്ങനെയായിരുന്നു. “അങ്ങനെ ഉയരത്തിൽ നിന്ന് സംസാരിക്കരുത്. നിങ്ങൾ പ്രായോഗികമായി വലിയ ആളുകളാണ്. എന്നാൽ ഭരണഘടനാപരമായി നിയമവിധേയരാണ്. ഞങ്ങൾക്ക് വ്യവസ്ഥിതിയോട് എതിർപ്പുണ്ട്. അത് അവസരം കിട്ടുമ്പോൾ പ്രകടിപ്പിക്കും. ഭവിഷ്യത്തോർത്ത് പ്രകടിപ്പിക്കാതിരിക്കില്ല. താങ്കൾ ബ്രിട്ടീഷ് ഭരണകാലത്തെ ജഡ്ജിയുടെ മകനാണ്. താങ്കൾ ഇങ്ങനെ ഉയർന്നുവന്നത് അനുകൂല സാഹചര്യങ്ങളിൽ നിന്നാണ്. ഞാനൊക്കെ ഭക്ഷണം കഴിക്കാതെ ഇരന്നിരുന്ന് നിങ്ങളെപ്പോലുള്ളവരുടെ അടി കൊണ്ടുവന്നവരാണ്. അതുകൊണ്ടുതന്നെ എനിക്ക് നിങ്ങളെപ്പോലുള്ളവരോട് എതിർപ്പുണ്ട്. എനിക്ക് ആ എതിർപ്പ് പ്രകടിപ്പിച്ചേ കഴിയൂ. അതെന്റെ ധാർമികവും സാമൂഹികവുമായ ഉത്തരവാദിത്തമാണ്. താങ്കൾക്ക് അത് ഇഷ്ടമല്ലെങ്കിൽ ഓക്കേ എന്ന് മാത്രമേ പറയാനാകൂ. താങ്കൾ എന്റെ സ്ഥാനത്തായിരുന്നുവെങ്കിൽ സ്കൂൾ ഫൈനൽ പരീക്ഷ പാസാകില്ലായിരുന്നു. ഞാൻ താങ്കളുടെ സ്ഥാനത്തായിരുന്നുവെങ്കിൽ ഒരു നോബൽ സമ്മാന ജേതാവായേനെ. ഈ വ്യത്യാസം നമ്മൾ തമ്മിലുണ്ട്.” അവഗണനയിൽ നിന്ന് കിട്ടിയ ആർജ്ജവം കൊണ്ടാണ് ഇത്തരത്തിൽ ശക്തമായി പ്രതികരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത്.

സിഡിഎസിൽ ഗവേഷണ വിദ്യാർത്ഥിയായിരിക്കെ തന്നെ കേരള സർവകലാശാലയിൽ ലക്ചറർ തസ്തികയ്ക്ക് അപേക്ഷിച്ചു. 32 അപേക്ഷകരിൽ ഒന്നാം റാങ്ക് എം കുഞ്ഞാമന് ആയിരുന്നു. എന്നാൽ നിയമിച്ചില്ല. മറ്റൊരാൾക്കായിരുന്നു നിയമനം. അന്വേഷിച്ചപ്പോൾ അത് പൊതു ഒഴിവാണ് എസ് സി/എസ് ടി കാർക്ക് അപേക്ഷിക്കാൻ പാടില്ലായിരുന്നു എന്നായിരുന്നു സർവകലാശാലയുടെ വിശദീകരണം. എന്നാൽ നിങ്ങൾ എന്തിനായിരുന്നു കുഞ്ഞാമന് ഒന്നാം റാങ്ക് നൽകിയത് എന്ന സി ഒ പരമൻ എം എൽ എ യുടെ ചോദ്യത്തിന് അത് മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് എന്നായിരുന്നു സർവകലാശാലയുടെ മറുപടി.

ഇക്കാര്യം അന്ന് മുഖ്യമന്ത്രിയായിരുന്ന എ കെ ആൻറണിയെ കണ്ട് പറഞ്ഞപ്പോൾ “ഞാൻ നിങ്ങൾക്ക് ജോലി തരാൻ ഇരിക്കുകയാണോ? യൂണിവേഴ്സിറ്റി സ്വന്തം നിയമമുണ്ടാക്കുന്ന സ്ഥാപനമാണ്. അവർ നിയമം ഉണ്ടാക്കുന്നു. നടപ്പാക്കുന്നു” എന്ന തട്ടിക്കയറിക്കൊണ്ടുള്ള മറുപടിയായിരുന്നു ആന്റണി പറഞ്ഞത്. ഈ വിഷയം പത്രങ്ങളിൽ വന്നു. നീലലോഹിതദാസൻ നാടാർ നിയമസഭയിൽ ഉന്നയിച്ചു. അന്ന് നീലലോഹിതദാസൻ നാടാർ വലിയ മാടമ്പികളെ ചോദ്യം ചെയ്യുന്ന പിന്നാക്കക്കാരനാണ്. സഭയിലെ എസ് സി, എസ് ടി കാരായ എംഎൽഎമാരുടെ ക്ഷേമസമിതിക്ക് അർദ്ധ ജുഡീഷ്യൽ അധികാരം ഉണ്ട്. അധികാരികളെ വിളിച്ചുവരുത്തി ചോദിക്കാം. ഈ കമ്മിറ്റി സർവകലാശാല അധികൃതരെ വിളിച്ചുവരുത്തി ചോദിച്ചപ്പോൾ അവർ പറഞ്ഞത് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്നാണ്. എന്നാൽ സർക്കാർ ഒരു സൂപ്പർ ന്യൂമററി തസ്തിക ഉണ്ടാക്കി എം കുഞ്ഞാമനെ അതിൽ നിയമിച്ചു.

സർവകലാശാലകളിലെ അധ്യാപിക തസ്തികകൾ സ്റ്റാറ്റ്യൂട്ടറി തസ്തികകളാണ്. പുതിയ തസ്തിക വരാൻ ഒന്നരവർഷം എടുത്തു. സർവകലാശാല ഇക്കണോമിക്സ് വകുപ്പിൽ സൂപ്പർ ന്യൂമററി തസ്തിക ഉണ്ടാക്കി അത് പട്ടികജാതി വർഗ്ഗത്തിന് സംവരണം ചെയ്തിട്ടാണ് ഒന്നാം റാങ്കുകാരനായിരുന്ന എം കുഞ്ഞാമന് സർവ്വകലാശാല ഉത്തരവയച്ചത്.

സംവരണം എന്ന് കേൾക്കുമ്പോൾ സംവരണ വിരുദ്ധർ ഉയർത്തുന്ന പ്രധാന ആക്ഷേപം മെറിറ്റ് അട്ടിമറിക്കപ്പെടും എന്നതാണ്. എന്നാൽ ഇവിടെ ഒന്നാം റാങ്ക് നേടിയിട്ടും ഒരു പട്ടിക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥി തന്റെ ജാതിയുടെ മാത്രം പേരിൽ ആ ഉദ്യോഗത്തിന് അനർഹനായി തീരുന്നു. അതായത് പൊതു (ജനറൽ) വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിക്കുമ്പോൾ പട്ടിക വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. പക്ഷേ ഒന്നാം റാങ്ക് നേടിയാലും അവരെ നിയമിക്കില്ല. കാരണം മുഖ്യധാരയുടെ ‘പൊതു’ വിഭാഗത്തിൽ ഒരിക്കലും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗം വരുന്നില്ല എന്നതാണ്. നിങ്ങൾക്ക് മെറിറ്റ് ഉണ്ടെങ്കിലും നിങ്ങൾ ജന്മം കൊണ്ട് അധ:കൃതനാണെങ്കിൽ നിങ്ങൾക്ക് ഉദ്യോഗം കിട്ടില്ല എന്ന് തന്നെ. നിങ്ങൾ ഒന്നാം റാങ്ക് നേടിയാലും പൊതു വിഭാഗത്തിന്റെ മുൻ വാതിൽ വഴി നിങ്ങൾക്ക് പ്രവേശനം കിട്ടില്ല. “ചണ്ഡാലൻ സിംഹാസനത്തിന് പുറകിലൂടെ മാത്രം വരണമെന്ന് അധീശ നിയമം ഇവിടെ കൃത്യമായി പാലിക്കപ്പെട്ടു” എന്നാണ് എം കുഞ്ഞാമൻ ഈ വിഷയത്തെക്കുറിച്ച് പറയുന്നത്.

തന്നെപ്പോലുള്ളവർ സർവകലാശാലയിലും ഗവേഷണത്തിലും വരുന്ന കാലത്ത് അവിടെ മാടമ്പി ഭരണമായിരുന്നു എന്ന് എം കുഞ്ഞാമൻ ഓർക്കുന്നു. കുറച്ചെങ്കിലും മാനുഷിക സമീപനം സ്വീകരിച്ചത് പി ജി യെയും ജി സുധാകരനെയും പോലുള്ളവരാണ്. കേരള യൂണിവേഴ്സിറ്റിയിൽ നായന്മാരെയും ക്രിസ്ത്യാനികളെയും എതിർക്കാൻ പാടില്ല എന്നൊരു സ്ഥിതിയുണ്ടായിരുന്നു. ഇത്തരം മാടമ്പി സ്വഭാവത്തിന് മാറ്റം വരുന്നത് സുധാകരനെ പോലുള്ള വ്യക്തികൾ സിൻഡിക്കേറ്റ് അംഗമായി വരുന്നതോടെയാണ്.

എം കുഞ്ഞാമൻ യുജിസി അംഗവും റീഡറും ആയിരുന്നപ്പോൾ യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റിൽ പ്രൊഫസർ പോസ്റ്റിന് അപേക്ഷിച്ചു. പക്ഷേ അദ്ദേഹത്തെ തിരഞ്ഞെടുത്തില്ല. പകരം ഒരു പ്രമുഖ കോൺഗ്രസുകാരനെ നിയമിച്ചു. ജാതിയായിരുന്നു പ്രശ്നം. അതിന്റെ പേരിൽ എം കുഞ്ഞാമൻ സർവകലാശാല കമ്മിറ്റികളിൽ നിന്നെല്ലാം രാജിവച്ചു. ഡോ ബി ഇക്ബാൽ വി സിയായി വന്നപ്പോൾ ഈ വിഷയത്തിലെ അനീതി ബോധ്യപ്പെട്ട് അതിൽ ഇടപെടുകയും അങ്ങനെ യുജിസിയുടെ കരിയർ അഡ്വാൻസ്മെൻറ് സ്കീം പ്രകാരം എം കുഞ്ഞാമന് പ്രൊഫസർ ആയി സ്ഥാനക്കയറ്റം കിട്ടുകയും ചെയ്തു. കരിയറിന്റെ തുടക്കം മുതൽ തനിക്ക് നേരിടേണ്ടിവന്ന വിവേചനം ഇവിടെയും തുടർന്നുപോന്നു. ദളിത് എന്ന ഘടകമാണ് എവിടെയും തനിക്കെതിരായത്.

ദളിത് വിഭാഗത്തിൽപ്പെട്ടവരോട് ഉത്തരവാദിത്തപ്പെട്ടവരിൽ നിന്നുള്ള അവഗണനകൾ അതിരൂക്ഷമായിരുന്നു. വിദ്യാർത്ഥി പ്രവേശനവും അധ്യാപക നിയമനവും മുതൽ സർവകലാശാലകളിൽ ജാതി ഇടപെടൽ തുടങ്ങുന്നു. സംവരണം പാലിക്കണം എന്ന നിബന്ധന വന്നതിനുശേഷം ആണ് പലയിടങ്ങളിലും ദളിതർക്ക് കയറാനായത്. അതുവരെ അവർക്ക് ഓച്ഛാനിച്ചു നിൽക്കേണ്ടി വന്നു. റിസർച്ച് ഗൈഡാവാൻ സന്നദ്ധത അറിയിച്ചു അധ്യാപകൻ ഗവേഷണ വിദ്യാർത്ഥിക്ക് സമ്മതപത്രം നൽകണം. ഇത് വെച്ച് വേണം വിദ്യാർത്ഥിക്ക് അപേക്ഷിക്കാൻ. വിദ്യാർത്ഥി ദളിതനാണ് എന്നറിഞ്ഞാൽ പലരും കത്ത് കൊടുക്കില്ല. കേരളത്തിൽ ഇങ്ങനെ കത്ത് കൊടുക്കാത്ത ധാരാളം ഗൈഡുകൾ ഉണ്ടായിരുന്നതായി തനിക്കറിയാം എന്ന ഗുരുതരമായ ആരോപണവും എം കുഞ്ഞാമൻ ഉന്നയിക്കുന്നുണ്ട്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ എൻ എസ് എസ്, എസ്എൻഡിപി, മുസ്ലിം സംഘടനകൾ, ക്രൈസ്തവ സഭകൾ എന്നിവയുടെ കീഴിലാണ്. ഈ നാല് സാമൂഹിക വിഭാഗങ്ങളിൽ നിന്നാണ് വൈസ് ചാൻസിലർമാർ വരുന്നത്. അല്ലാതെ വിദ്യാഭ്യാസ വിചക്ഷണന്മാരോ രാഷ്ട്രീയ നേതാക്കളോ അല്ല. ഈ ശക്തികളാണ് അക്കാദമിക മേഖലയെ നിയന്ത്രിക്കുന്നത് എന്നും എം കുഞ്ഞാമൻ ചൂണ്ടിക്കാട്ടുന്നു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് സമുദായ സമവാക്യങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അദ്ദേഹം ഇങ്ങനെ വ്യക്തമാക്കുന്നു. “ഞാൻ ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന ആളാണ്. ഇവിടുത്തെ അധികാര ഘടന പഴഞ്ചനാണ്. മൂല്യങ്ങൾ പലതും ഫ്യൂഡൽ ആണ്. ഉന്നത വിദ്യാഭ്യാസരംഗത്ത് പാർശ്വവൽകൃത സാമൂഹിക വിഭാഗങ്ങളിൽ നിന്ന് കൂടുതൽ പേർ എത്തുന്നുണ്ട്. പക്ഷേ ബ്രാഹ്മണർ തുടങ്ങിയ മേലാളന്മാർക്കാണ് കൂടുതൽ പ്രാതിനിധ്യം. അവരാണ് നയങ്ങൾ തീരുമാനിക്കുന്നത്. 40 വർഷത്തിലേറെ ഞാൻ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിരുന്നു. അതുകൊണ്ട് എനിക്ക് നയപരമായ കാര്യങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞു എന്ന് അർത്ഥമില്ല. കേരളത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നാല് സാമൂഹിക വിഭാഗങ്ങളാണ് 68% കോളേജുകളും നിയന്ത്രിക്കുന്നത്. ക്രിസ്ത്യൻ, മുസ്ലീം, ഈഴവർ, നായർ. സർക്കാർ പണം കൊടുത്തു കൊണ്ടിരിക്കുന്ന ഏജൻസി മാത്രം. ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുറമ്പോക്കിൽ കുടിൽകെട്ടി ജീവിക്കുന്ന ഒരു ചാത്തനാണ് ഞാൻ. എന്നെപ്പോലുള്ളവർ അവിടെയെന്നും ചാത്തനും പുലയനുമാണ്. ഇവിടെ ഞങ്ങൾക്ക് മുഖ്യധാരയിൽ നിൽക്കാൻ പറ്റില്ല.” ഇങ്ങനെ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന സങ്കീർണമായ പല പ്രശ്നങ്ങളും തുറന്നു ചർച്ച ചെയ്യാനുള്ള പ്ലാറ്റ്ഫോമാക്കി ഗ്രന്ഥകർത്താവ് എതിര് എന്ന കൃതിയെ മാറ്റുന്നുണ്ട്.

പ്രീണനത്തിനും പദവിക്കും വഴങ്ങാത്ത അധ്യാപകൻ

കേരള സർവകലാശാലയിൽ ഡോ. ബി ഇക്ബാൽ വിസി ആയിരിക്കെ വകുപ്പ് മേധാവി ആകാനുള്ള അവസരം വേണ്ടെന്നു വയ്ക്കുകയായിരുന്നു. യുജിസി അംഗമായിരിക്കെ യുജിസി സെക്രട്ടറിയുടെ നിയമനം വന്നു. അഞ്ച് അംഗ ഇൻറർവ്യൂ ബോർഡിൽ പ്രൊഫ. കുഞ്ഞാമനും ഉണ്ടായിരുന്നു. അന്ന് മഹാരാഷ്ട്ര സ്വദേശി ഡോ.സാം ഗൂർഗേയെ ആണ് അദ്ദേഹം തിരഞ്ഞെടുത്തത്. മറ്റ് അംഗങ്ങൾ മറ്റൊരാളെയും. തങ്ങളുമായി യോജിച്ചു പോകണം എന്ന മറ്റ് അംഗങ്ങളുടെ ആവശ്യത്തിന് പ്രൊഫ. കുഞ്ഞാമന്റെ മറുപടി ഇതായിരുന്നു. “നിയമിക്കപ്പെടുന്ന ആൾക്ക് അക്കാദമിക്, ഫിനാൻസ്, ജനറൽ അഡ്മിനിസ്ട്രേഷൻ, എന്നീ മേഖലകളിൽ വൈദഗ്ദ്ധ്യം ഉണ്ടായിരിക്കണം. ഇങ്ങനെ നോക്കുമ്പോൾ ഡോക്ടർ സാം ഗൂർഗേ ആയിരുന്നു അനുയോജ്യൻ. സന്ദർഭവശാൽ അദ്ദേഹം ദളിതനും ആയിരുന്നു; ആ പരിഗണനയിലല്ല അദ്ദേഹത്തെ തീരുമാനിച്ചതെങ്കിലും. ഇതുവരെ ഒരു ദളിതൻ യൂജിസി ചെയർമാനോ സെക്രട്ടറിയോ ആയിട്ടില്ല. അപൂർവമായേ അത്തരം ആളുകൾ വരാറുള്ളൂ. “പക്ഷേ മറ്റ് അംഗങ്ങൾ സമ്മർദ്ദം ചെലുത്താൻ തുടങ്ങി. “നിങ്ങൾ മറ്റേയാളെ നിയമിച്ചു കൊള്ളൂ. പക്ഷേ ഞാൻ വിയോജനക്കുറിപ്പ് എഴുതും.” എന്ന് പറഞ്ഞ് പ്രൊഫസർ കുഞ്ഞാമൻ കേരളത്തിലേക്ക് മടങ്ങി. ഒത്തു പോകണമെന്ന യുജിസി ചെയർമാന്റെ നിർബന്ധത്തിന് രാജിക്കത്തിലൂടെയാണ് അദ്ദേഹം മറുപടി നൽകിയത്.

കേരള സർവകലാശാലയിൽ ജോലി ചെയ്യുന്ന കാലത്ത് ബിഎസ്പി കാരായ നാലഞ്ചു പേർ വീട്ടിൽ ചെന്ന് കണ്ട കാര്യം ഇങ്ങനെ വിവരിക്കുന്നു.”പണം ഞങ്ങൾക്ക് പ്രശ്നമല്ല. ഞങ്ങൾക്ക് നല്ല പണ്ഡിതന്മാരെ വേണം. സാറിന് സർവകലാശാലയിൽ കിട്ടുന്നതിന്റെ പതിന്മടങ്ങ് സൗകര്യം തരാം. പാർട്ടിയിൽ വരണം. അക്കാദമിക്കായ കാര്യങ്ങൾ നോക്കിയാൽ മതി.” അന്ന് യുപി ഭരിക്കുന്നത് ബിഎസ്പിയാണ്. മായാവതിയാണ് മുഖ്യമന്ത്രി. അക്കാദമിക് രംഗത്ത് പ്രവർത്തിക്കുന്ന ആൾ സെക്ടേറിയൻ ആകുന്നത് ശരിയല്ല എന്ന് തോന്നിയതുകൊണ്ട് “പണം നിങ്ങൾക്ക് പ്രശ്നമല്ല എന്നത് നിങ്ങളുടെ ആത്മധൈര്യത്തെ കാണിക്കുന്നു. പക്ഷേ അതൊന്നും എന്നെ സ്വാധീനിക്കുന്ന കാര്യങ്ങളല്ല.” എന്ന മറുപടിയാണ് നൽകിയത്.

തുൽജാപൂർ ക്യാമ്പസ്സിലായിരിക്കുമ്പോൾ കേരളത്തിന് പുറത്തെ ഏതെങ്കിലും സംസ്ഥാനത്തുനിന്ന് ബിഎസ്പി ടിക്കറ്റിൽ രാജ്യസഭാംഗമാക്കാം എന്ന വാഗ്ദാനവുമായി ബിഎസ്പിക്കാർ വീണ്ടും സമീപിച്ചിരുന്നു. എന്നാൽ പ്രൊഫസർ കുഞ്ഞാമൻ മുൻ നിലപാടിൽ ഉറച്ചുനിന്നു. വ്യവസ്ഥിതിയോടുള്ള പ്രതിഷേധമാണ് സ്ഥാനമാനങ്ങളിൽ നിന്ന് മാറിനിൽക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. വിവേചനം ഇല്ലാത്ത സാമൂഹിക വ്യവസ്ഥിതിയെ കുറിച്ചാണ് ചിന്തിക്കേണ്ടത്. അല്ലാതെ ഒരു ദളിത് എംപി കൂടി ഉണ്ടാവുകയല്ല വേണ്ടത് എന്നും ദളിത് പ്രസിഡണ്ടും ചീഫ് ജസ്റ്റിസ് ഉണ്ടായിട്ടും അത് വ്യവസ്ഥിതിയെ പൊളിച്ചെഴുതാൻ സഹായിച്ചില്ല എന്നും കുറിക്കുന്നു.

ശക്തമായ ഇടതുപക്ഷ വിമർശനം

മാർക്സിസ്റ്റ് പ്രത്യയശാസ്ത്രവുമായും ഇടതുപക്ഷത്തിന്റെ സമുന്നത നേതാക്കളായ ഇഎംഎസ്, വിഎസ് അച്യുതാനന്ദൻ, പി ഗോവിന്ദപിള്ള, തോമസ് ഐസക് എന്നിവരുമായും അടുത്തിടപഴകിയിരുന്ന, ഇടതുപക്ഷ അനുഭാവിയായിരുന്ന പ്രൊഫസർ കുഞ്ഞാമൻ നടത്തുന്ന ഇടതുപക്ഷ വിമർശനത്തെ അതിന്റേതായ ഗൗരവത്തിൽ എടുക്കുകയും ചർച്ച ചെയ്യുകയും ചെയ്യേണ്ടതുണ്ട്. കേരള സർവകലാശാലയിൽ അധ്യാപകനായ സമയത്തും ഗവേഷകനായിരിക്കുമ്പോഴും എകെജി സെൻററിൽ പോവുകയും അവിടത്തെ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

ഇഎംഎസിന്റെ മുന്നിൽവച്ച് തന്നെ പാർട്ടിയെ, നയങ്ങളെ വിമർശിക്കുമായിരുന്നു അദ്ദേഹം. ഇഎംഎസ് അക്കാദമിക്കായ വ്യക്തി കൂടിയായിരുന്നു എന്നും നമ്മുടെ വിമർശനങ്ങൾക്ക് സാമൂഹികമായ വീക്ഷണത്തിൽ നിന്ന് പ്രതികരിക്കുമായിരുന്നു എന്നും പ്രൊഫസർ കുഞ്ഞാമൻ ഓർക്കുന്നുണ്ട്. എകെജി സെന്ററിലെ അന്നത്തെ ചർച്ചകളെക്കുറിച്ചുള്ള വിവരണം ഇങ്ങനെയാണ്- “ചർച്ചകളിലും സെമിനാറുകളിലും ഇഎംഎസും ഉണ്ടാകും. ഒരു പ്രാവശ്യം ചർച്ചയിൽ ഞാൻ പങ്കെടുത്തില്ല. ഉച്ചയ്ക്ക് ഊണിന് പിരിഞ്ഞ് ഞാൻ മാറി നിൽക്കുകയാണ്. ഇഎംഎസും വിഎസ് അച്യുതാനന്ദനും അരികെ വന്നു. എന്താണ് ചർച്ചയിൽ പങ്കെടുക്കാതിരുന്നത് എന്ന് ഇ എം എസ് ചോദിച്ചു. ഞാൻ പറഞ്ഞു “ഞാൻ സഖാവിന്റെ പാർട്ടിയെ വിമർശിക്കുന്ന ആളാണ്. സഖാവിനെയും വിമർശിക്കും.” അദ്ദേഹം അപ്പോൾ പറഞ്ഞത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. “വിമർശിക്കണം വിമർശനത്തിലൂടെയാണ് മാർക്സിസം വളരുന്നത്. എന്നെയും വിമർശിക്കണം. വിമർശിക്കപ്പെടാതിരിക്കാൻ ഞാൻ ദൈവമല്ല.” – ഇഎംഎസിന് അദ്ദേഹത്തിന്റെ നയങ്ങളെ വിമർശിക്കാമായിരുന്നു. സത്യത്തിൽ ഇഎംഎസ് ആണ് എന്റെ ശരിയായ അധ്യാപകൻ.”

എകെജി സെൻററിൽ നടന്നിരുന്ന ചർച്ചകൾ രാഷ്ട്രീയം മാത്രമല്ല അക്കാദമികം കൂടിയായിരുന്നു. താൻ എകെജി സെൻറർ എന്ന സർവകലാശാലയിൽ പഠിക്കുകയും കേരള സർവകലാശാലയിൽ പഠിപ്പിക്കുകയും ആയിരുന്നു എന്നാണ് ആ കാലത്തെ അദ്ദേഹം ഓർത്തെടുക്കുന്നത്.

“പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ രണ്ട് ധാരകളാണ് ഉണ്ടായിരുന്നത്. അംബേദ്കറിസവും മാർക്സിസവും. ഇവ സമാന്തര ആശയങ്ങളാണ് ഒരിക്കലും ഒന്നിക്കില്ല. ഇന്ത്യൻ അവസ്ഥയിൽ ഇവ വേർപിരിയുന്നത് സ്വാഭാവികമാണ്. ഡോ. ബി ആർ അംബേദ്കറോട് ഉള്ള കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സമീപനം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. 1952 ലെ ആദ്യ പൊതു തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും സോഷ്യലിസ്റ്റ് പാർട്ടിയും ഒന്നിച്ചാണ് അംബേദ്കറെ ബോംബെ നിയോജക മണ്ഡലത്തിൽ പരാജയപ്പെടുത്തിയത്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ദളിത് വിരുദ്ധ സമീപനം അംബേദ്കറിൽ നിന്ന് തുടങ്ങിയതാണ്. അംബേദ്കറെ ഉൾക്കൊള്ളാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഒരിക്കലും കഴിയില്ല.”

കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ നിന്ന് തനിക്കുണ്ടായ അനുഭവത്തെ ഇങ്ങനെ വിവരിക്കുന്നു.” ദലിത് ആദിവാസി വിഭാഗങ്ങളിൽ നിന്ന് ധിഷണാശാലികളായ വ്യക്തികൾ കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ ഒരിക്കലും ഉയർന്നു വന്നിട്ടില്ല. എനിക്ക് തന്നെ പലപ്പോഴും ഏറ്റുമുട്ടേണ്ടി വന്നിട്ടുള്ളത് കമ്മ്യൂണിസ്റ്റുകാരുമായാണ്…ഞാൻ ഇടതുപക്ഷത്തോടൊപ്പം നിന്ന് ജനകീയ ആസൂത്രണത്തെ പിന്തുണച്ചിരുന്ന കാലത്താണ് പ്രൊഫസർ തസ്തിയിൽ നിന്ന് എന്നെ തഴഞ്ഞത്. നമുക്ക് ഒരു ചായ്‌വുള്ള ഒരു പ്രത്യയശാസ്ത്രം ആണിത്. പക്ഷേ അവർ കൂടെ നിന്ന് ഇങ്ങനെ ചെയ്യും. നമുക്ക് ശത്രു ഉണ്ടാകും. അത് ഓപ്പൺ ആകുന്നതാണ് നമുക്ക് നല്ലത്. എന്നാൽ ശത്രു എന്ന് പറയാതെ അവർ ശത്രുത കാണിക്കും. അതുകൊണ്ട് ഇവരെ വിശ്വസിക്കാൻ കൊള്ളില്ല. മറ്റുള്ളവർ തുറന്നു പറയും, തങ്ങൾ ദളിതർക്ക് ഒപ്പം അല്ല എന്ന്. പക്ഷേ കമ്മ്യൂണിസ്റ്റുകാർ ദലിതർക്ക് തരില്ല എന്ന് പറയില്ല. പക്ഷേ അവർ തരില്ല.”

ഭൂപരിഷ്കരണത്തെക്കുറിച്ച് അംബേദ്കറുടെ നിലപാട് മേലാളർ നയിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളുടേതിനേക്കാൾ വിപ്ലവകരമായിരുന്നു എന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. “ഭൂമിയെക്കുറിച്ച് ഏറ്റവും നല്ല ധാരണയുണ്ടായിരുന്ന ചിന്തകൻ അംബേദ്കർ ആയിരുന്നു. രാജ്യത്തുള്ള മൊത്തം കൃഷി ഭൂമിയും ദേശസാൽക്കരിച്ച് ഭരണകൂടത്തിന്റെ ഉടമസ്ഥതയിൽ കൊണ്ടു വന്ന് കർഷകർക്ക് വീതിച്ചു കൊടുക്കണമെന്നും കൂട്ടുകൃഷി സമ്പ്രദായം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിപ്ലവകരമായ ഈ ആശയങ്ങൾ ആരും കേട്ട് എന്നുപോലും നടിച്ചില്ല. ദളിതർ ഭൂമി ആവശ്യപ്പെടാൻ ബൂർഷ്വാ കമ്മ്യൂണിസ്റ്റ് പാർട്ടികൾ അനുവദിക്കില്ല. അത്തരം നീക്കങ്ങളെ അവർ അടിച്ചമർത്തും. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഭയം അവരുടെ അടിത്തറ നഷ്ടപ്പെടും എന്നതാണ്. കഴിവുള്ളവരെ അവർ തളർത്തും. പാർട്ടിക്ക് വിശ്വസ്തരായവരെ അവർക്ക് ഇഷ്ടമാണ്. ഇഎംഎസിനു മുന്നിലൊക്കെ ഞാനീ വിഷയം അവതരിപ്പിച്ചിട്ടുണ്ട്. ഇവർക്ക് ഒരു തന്ത്രം ഉണ്ട്. ഭൂപരിഷ്കരണത്തെക്കുറിച്ച്, ദലിത് ആദിവാസി ഭൂമി അന്യാധീനപ്പെടുത്തുന്നതിനെ കുറിച്ച് പറഞ്ഞാൽ അവർ പ്രതികരിക്കില്ല. ചെയ്യേണ്ടതെല്ലാം ഞങ്ങൾ ചെയ്യുന്നുണ്ട്. അത് ഇനി പുന:പരിശോധിക്കേണ്ടതില്ല എന്നാണ് പാർട്ടി നിലപാട്. ദളിതരിൽ നിന്ന് അഭിപ്രായങ്ങൾ ഉയർന്നു വരരുത് എന്നൊരു നിർബന്ധം ഉണ്ടായിരുന്നു പാർട്ടിക്ക്. അടിസ്ഥാന സമീപനങ്ങളെ ഒന്നും വിമർശിക്കരുത്. അത് അണികളെ നിലനിർത്താൻ കൂടിയാണ്.”

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ മതേതര ജാതിവിരുദ്ധ നിലപാട് വ്യാജമാണെന്നും അവരെ സംബന്ധിച്ച് ദളിതർ സമ്മതിദാന ജീവികൾ ആണെന്നും, അതിലപ്പുറം അവരുടെ പ്രശ്നങ്ങൾക്ക് പ്രാധാന്യവും ഇല്ല പരിഹാരവും ഇല്ല എന്ന ആരോപണവും ഉന്നയിക്കുന്നു. ദലിത് വിഭാഗക്കാരും കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ ഉണ്ട് എന്നതിനെ വലിയ കാര്യമായി ഉയർത്തിപ്പിടിക്കാൻ കഴിയില്ലെന്നും പാർട്ടികളിലുള്ള ദളിതരും ആദിവാസികളും കരിയർ രാഷ്ട്രീയക്കാരായതിനാൽ അവർ സർവ്വവ്യാപികളാണ് എന്ന വിമർശനവും ഉയർത്തുന്നുണ്ട്. ദളിത് പ്രസ്ഥാനങ്ങളുടെയും നേതാക്കളുടെയും ഉദ്ദേശശുദ്ധിയെയും ചോദ്യം ചെയ്യുന്നു. സ്വന്തം കാര്യം നേടാൻ വ്യത്യസ്ത രാഷ്ട്രീയകക്ഷി നേതാക്കളുമായി യോജിക്കുന്ന ദളിത് നേതാക്കളെക്കുറിച്ചും പറയുന്നുണ്ട്.

കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ നേതൃതലത്തിൽ ഒരു ദളിതൻ പോലും വരാത്തതിനെയും അതിനുള്ളിലെ സവർണ്ണ മേധാവിത്തത്തെയും രൂക്ഷമായി വിമർശിക്കുന്നുണ്ട് പ്രൊഫസർ കുഞ്ഞാമൻ. 1925ൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായി 100 വർഷം കഴിഞ്ഞിട്ടും ഒരു ദളിതനെ നേതൃസ്ഥാനത്ത് കൊണ്ടുവരാൻ മാർക്സിസ്റ്റ് പാർട്ടിക്ക് കഴിയാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യം ഉന്നയിക്കുന്നു. കോൺഗ്രസും എന്തിന് ബിജെപി പോലും ദളിത് ആദിവാസി വിഭാഗത്തിൽ നിന്നുള്ള നേതാക്കന്മാരെ ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട് എന്നും ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഞങ്ങൾ ഇവരുടെ ആളുകളാണ് എന്ന് വീമ്പ് പറയുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾ അത് ചെയ്യാത്തത് ബൂർഷ്വാ ജാതീയ നേതൃത്വമാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളെ നിയന്ത്രിക്കുന്നത് എന്നതുകൊണ്ടാണ് എന്ന ഗുരുതരമായ ആരോപണവും ഉന്നയിക്കുന്നു.

“മലബാറിലെ ഏറ്റവും വലിയ ഫ്യൂഡൽ കുടുംബത്തിൽ നിന്നുള്ള ആളായിരുന്നു ഇഎംഎസ് നമ്പൂതിരിപ്പാട്. നമ്പൂതിരിപ്പാട് എന്നത് എടുത്തു കളയാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല. ഉയർന്ന ജാതിക്കാർക്ക് ജാതി എപ്പോഴും മേൽക്കോയ്മയുടെ അടയാളം ആയിരിക്കും. താഴ്ന്ന ജാതിക്കാർക്ക് അത് അപമാനത്തിന്റെയും അപകർഷതയുടെയും. പ്രായോഗികാര്‍ത്ഥത്തില്‍ ഇഎംഎസ് ദളിതർക്ക് എതിരായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് മനസ്സിലാക്കാനുള്ള, പരിശോധിക്കാനുള്ള അവസരം എനിക്ക് ഉണ്ടായിട്ടില്ല. പക്ഷേ, എന്തുകൊണ്ട് നമ്പൂതിരിപ്പാട്? സഖാവ് നമ്പൂതിരിപ്പാട്? സഖാവ് നായനാർ? സഖാവ് എസ് ആർ പി? സഖാവ് ആണെന്ന് പറയുമ്പോഴും നായരും പിള്ളയും ഒക്കെ ഇവർക്ക് വേണം. അത് അവർ അവരുടെ മേൽക്കോയ്മ കാണിക്കാൻ തന്നെയാണ് ഉപയോഗിച്ചിരുന്നത്. ഞാൻ അതിന് അക്കാദമിക്കായ വ്യാഖ്യാനമാണ് കൊടുക്കുന്നത്. ഉയർന്ന ജാതിക്കാർ നായർ, പിള്ള, നമ്പൂതിരി എന്നിവ നിലനിർത്തുന്നത് മേൽക്കോയ്മ കാണിക്കാൻ വേണ്ടി തന്നെയാണ്. ഇന്ത്യയിലെ മാർക്സിസ്റ്റുകാർ ജാതിയിൽ നിന്ന് മുക്തരല്ല. അവർ ജാതിയെ പ്രത്യക്ഷമായും പരോക്ഷമായും ഉപയോഗപ്പെടുത്തുന്നു. ഇല്ല എന്ന് പറയുന്നത് അവരുടെ സത്യസന്ധത ഇല്ലായ്മയെ കാണിക്കുന്നു.”

ഭാഷയിൽ പോലും ഇത്തരത്തിലുള്ള മേൽക്കോയ്മകൾ നിലനിർത്താൻ കമ്മ്യൂണിസ്റ്റുകാർ ശ്രമിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “പ്രകാശ് കാരാട്ട് നന്നായി മലയാളം സംസാരിക്കും. സുഗമമായി. ഞാൻ പ്രകാശിനെ കാണുമ്പോഴൊക്കെ സംസാരിക്കുന്നത് മലയാളത്തിലാണ്, ബോധപൂർവ്വം. പക്ഷേ അദ്ദേഹം കേരളത്തിൽ വരുമ്പോൾ സംസാരിക്കുന്നത് ഇംഗ്ലീഷിലാണ്. ഒരു മലയാളി ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ വേറൊരു മലയാളി അത് മലയാളത്തിലേക്ക് തർജ്ജമ ചെയ്യുന്നു. ഇംഗ്ലീഷ് പറയുന്നതിൽ സാമൂഹികമായ സുപ്പീരിയോറിറ്റിയുടെ അംശം ഉണ്ട്. ഇതൊക്കെ ഒരുതരം മേൽക്കോയ്മ സ്ഥാപിക്കാനാണ് ഉപയോഗപ്പെടുത്തുന്നത്.”

ഇന്ത്യയിൽ കമ്മ്യൂണിസ്റ്റുകാർ ജാതിയെ ഉപരിതല പ്രതിഭാസമായി കാണുന്നതു കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നു. “മറ്റ് സമൂഹങ്ങളിൽ ഉത്പാദന ബന്ധങ്ങളാണ് സാമൂഹിക ബന്ധങ്ങളെ നിശ്ചയിച്ചിരുന്നത്. ഇന്ത്യയിലാകട്ടെ സാമൂഹിക ബന്ധങ്ങളാണ് ഉത്പാദന ബന്ധങ്ങളെ നിശ്ചയിച്ചിരുന്നത്. ആർക്ക് ഭൂസ്വത്ത് അവകാശം പാടില്ല, ആർക്ക് ഏത് ജോലി ചെയ്യാം, വരുമാനത്തിന്റെ വിതരണം ഇതെല്ലാം ഇവിടെ സാമൂഹികമായാണ് നിശ്ചയിക്കപ്പെട്ടത്. മറ്റു രാജ്യങ്ങളിലും സമൂഹങ്ങളിലും അങ്ങനെയായിരുന്നില്ല ഈ വ്യത്യാസം ഇവിടെ കമ്മ്യൂണിസ്റ്റുകാർ അംഗീകരിക്കുന്നില്ല.”

1957ൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നടപ്പിലാക്കിയ ഭൂപരിഷ്കരണം എങ്ങനെ അട്ടിമറിക്കപ്പെട്ടു എന്ന് ‘അട്ടിമറിക്കപ്പെട്ട ഭൂപരിഷ്കരണം’ എന്ന അധ്യായത്തിൽ പ്രൊഫസർ എം കുഞ്ഞാമൻ വിശദീകരിക്കുന്നുണ്ട്. ഭൂപരിഷ്കരണം കൃഷിഭൂമിയെക്കുറിച്ചുള്ളതായിരുന്നു അല്ലാതെ കുടികിടപ്പവകാശത്തെക്കുറിച്ച് ആയിരുന്നില്ല. എന്നാൽ പാട്ടക്കാരന് ഭൂമി കൊടുക്കലാണ് ഫലത്തിൽ സംഭവിച്ചത്. ഭൂ പരിധിയിൽ നിന്ന് തോട്ടങ്ങളെയും മതസ്ഥാപനങ്ങളെയും ഒഴിവാക്കിയപ്പോൾ അധികം ഭൂമി കിട്ടാനില്ലാതായി. അതുകൊണ്ടുതന്നെ ഭൂരഹിത കർഷക തൊഴിലാളികൾക്ക് ഭൂമി ലഭിച്ചില്ല.എന്നാൽ കൈയേറ്റക്കാർക്ക് ഭൂമി കിട്ടുകയും ചെയ്തു.

“കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ നയപരമായ പ്രശ്നം മാത്രമല്ല ഭൂപരിഷ്കരണം അട്ടിമറിക്കപ്പെടാൻ കാരണം. അവരുടെ നേതൃത്വത്തിന്റെ സാമൂഹിക പശ്ചാത്തലം കൂടിയാണ്. നേതൃത്വം തന്നെ ജന്മി കുടുംബങ്ങളിൽ നിന്ന് വന്നവരായിരുന്നു. അവർക്കേ നേതൃത്വത്തിലേക്ക് വരാൻ കഴിയുമായിരുന്നുള്ളൂ. അന്നും ഇന്നും. ഫ്യൂഡൽ ജന്മിമാർക്ക് ഭൂമി നഷ്ടപ്പെടാതെ,  ഭൂരഹിതരായ മണ്ണിൽ പണിയെടുക്കുന്നവർക്ക് ഭൂമി ലഭിക്കാതെ, ഭൂപരിഷ്കരണം നടപ്പിലാക്കിയതിന് പിന്നിൽ വർഗ്ഗ താൽപര്യമാണ് പ്രവർത്തിച്ചത്. മേലാളവർഗ്ഗങ്ങളുടെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിച്ചു കൊണ്ടാണ് ഭൂപരിഷ്കരണം നടപ്പാക്കിയത്.

“പരമ്പരാഗത കർഷക തൊഴിലാളികൾ വെറും കൂലിപ്പണിക്കാരായി തീരുന്ന സാമൂഹിക പരിണാമമാണ് കേരളത്തിൽ നടപ്പാക്കിയ ഭൂപരിഷ്കരണങ്ങളുടെ ഫലമായി സംഭവിച്ചത് എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. കേരളത്തിലെ ദളിത് ആദിവാസി വിഭാഗങ്ങളെ ലക്ഷ്യമാക്കി അസംഖ്യം വികസനക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കിയ ശേഷവും ഈ ജനവിഭാഗങ്ങൾ ഇന്നും സ്ഥിരമല്ലാത്ത കൂലിപ്പണി ചെയ്തു ജീവിക്കുന്നുവെന്നും സമൂഹത്തിലെ ഏറ്റവും ദുർബല വിഭാഗങ്ങളായി തുടരുന്നുവെന്നും വ്യക്തമാക്കുന്നു. കൂടുതൽ വരുമാനമുള്ള തൊഴിൽ രംഗങ്ങളിൽ ഈ വിഭാഗങ്ങളുടെ പങ്കാളിത്തം ഏറ്റവും കുറവാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്ന കാര്യവും ചൂണ്ടിക്കാട്ടുന്നു.

നിലപാടുകളിലെ വൈരുദ്ധ്യം

എതിര് എന്ന കൃതിയിൽ പ്രൊഫസർ കുഞ്ഞാമൻ എടുക്കുന്ന പല നിലപാടുകളും, അദ്ദേഹത്തിന്റെ തന്നെ മുൻ നിലപാടുകൾക്ക് വിരുദ്ധമാണെന്ന് കാണാം. കേരളം ഇന്ന് അനുഭവിക്കുന്ന സാമ്പത്തിക സാമൂഹിക പ്രതിസന്ധികളുടെ അടിസ്ഥാന കാരണം ഭൂപരിഷ്കരണത്തിന്റെ വികലമായ നടപ്പാക്കലാണെന്നും മേലാള വർഗ്ഗത്തിന്റെ സാമ്പത്തിക താത്പര്യങ്ങൾ സംരക്ഷിച്ചു കൊണ്ടാണത് നടപ്പിലാക്കിയത് എന്നുമുള്ള രൂക്ഷമായ ആരോപണം ഉന്നയിക്കുന്ന അദ്ദേഹം ഏറ്റവും നല്ല സാമൂഹിക അവസ്ഥയായി കാണുകയും അംഗീകരിക്കുകയും ചെയ്യുന്നത് മുതലാളിത്തത്തെയാണ് എന്നത് വളരെ വിചിത്രമാണ്.

“നവ മുതലാളിത്തം ദളിതന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്, ഗുണം ചെയ്തിട്ടുണ്ട്. മുതലാളിത്തം ലാഭത്തിനുവേണ്ടി എന്തിനെയും പ്രമോട്ട് ചെയ്യും. മുതലാളിത്തം പക്ഷേ താത്വികമായി ജാതിയതയ്ക്ക്,  മതത്തിന് എതിരാണ്. ശരിക്കും മുതലാളിത്തമാണ് ഏറ്റവും നല്ല സാമൂഹിക അവസ്ഥ. അവിടെ ആർക്കുവേണമെങ്കിലും പ്രവേശിക്കാം. അത് അസമത്വം സൃഷ്ടിക്കുന്നുണ്ട്. പക്ഷേ, അസമത്വം നവ സാമ്പത്തിക ക്രമത്തിന്റെ സൃഷ്ടിയല്ലല്ലോ. ഭൂതകാലത്തല്ലേ അത് രൂക്ഷമായിരുന്നത്” എന്നു പറഞ്ഞുകൊണ്ട് മുതലാളിത്തത്തെ വലിയ രീതിയിൽ ന്യായീകരിക്കുന്നു.

മുതലാളിത്തത്തിന്റെ ഏറ്റവും വലിയ വിജയം അത് ചരിത്രപരമായ പാഠങ്ങൾ ഉൾക്കൊണ്ട് ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തി എന്നതും അതിന്റെ അടിസ്ഥാന ഘടകം വ്യക്തിയുടെ സ്വാതന്ത്ര്യവും അതിനനുസരിച്ചുള്ള പ്രവർത്തനവുമാണെന്നും വ്യക്തമാക്കുന്നു. സ്വകാര്യ സ്വത്ത് ഏതാനും വ്യക്തികളുടെ കയ്യിൽ കേന്ദ്രീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു സാമ്പത്തിക സാമൂഹിക വ്യവസ്ഥയെ പിന്തുണയ്ക്കുന്ന ഒരാൾ തന്നെയാണ് സ്വകാര്യ വ്യക്തികളുടെ കൈവശമുണ്ടായിരുന്ന ഭൂസ്വത്ത് ഭൂപരിഷ്കരണത്തിലൂടെ കർഷക തൊഴിലാളികൾക്ക് വിതരണം ചെയ്തതിലെ അപാകതകളുടെ പേരിൽ, ആദ്യമായി അധികാരത്തിലേറിയ, മത സമുദായിക ശക്തികളുടെ പ്രക്ഷോഭങ്ങളുടെ പേരിൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു സർക്കാരിനെ വലിയ രീതിയിൽ വിമർശിക്കുന്നത്. അസമത്വം നവ സാമ്പത്തിക ക്രമത്തിന്റെ സൃഷ്ടിയല്ലല്ലോ എന്ന് പറയുന്ന സാമ്പത്തിക വിദഗ്ദ്ധൻ കൂടിയായ എം കുഞ്ഞാമൻ നമ്മുടെ രാജ്യത്തെ പത്ത് അതിസമ്പന്നരുടെ ആസ്തി രാജ്യത്തിന്റെ മൊത്തം ആസ്തിയുടെ പകുതിയിലേറെയാണെന്നും രാജ്യത്തിന്റെ ദേശീയ സമ്പത്തിന്റെ അറുപത് ശതമാനത്തിലധികം ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ കൈവശമാണെന്നുള്ള കാര്യം മനഃപൂർവ്വം മറച്ചുവയ്ക്കുന്നു.

“സാമ്പത്തിക പ്രചോദനം മാത്രമല്ല മനുഷ്യപ്രവർത്തനത്തെ നയിക്കുന്ന ഏക പ്രചോദനം. സാമ്പത്തിക അധികാരം മാത്രമാണ് ഒരേയൊരു അധികാരം എന്ന്  മനുഷ്യസമൂഹത്തെപ്പറ്റി പഠിക്കുന്ന ഒരു വിദ്യാർത്ഥിക്കും സമ്മതിക്കാൻ ആവില്ല” എന്ന നിലപാടായിരുന്നു അംബേദ്കർക്ക് ഉണ്ടായിരുന്നത്. അതുകൊണ്ട് അദ്ദേഹം സോഷ്യലിസ്റ്റുകളോട് ചോദിച്ച ചോദ്യം “ആദ്യം സാമൂഹ്യ പരിഷ്കരണം കൊണ്ടുവരാതെ നിങ്ങൾക്ക് സാമ്പത്തിക പരിഷ്കരണം നടത്താനാവുമോ” എന്നാണ്. എന്നാൽ അതിന് കടകവിരുദ്ധമായ നിലപാടാണ്  പ്രൊഫസർ കുഞ്ഞാമനുള്ളത്. സമൂഹത്തിൽ അടിസ്ഥാന മാറ്റം വരണമെങ്കിൽ സാമ്പത്തിക അടിത്തറയിൽ മാറ്റം ഉണ്ടാകണം എന്ന നിലപാടാണ് അദ്ദേഹത്തിൻ്റേത്. ദലിത് ചേമ്പർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയെ പരാമർശിച്ചുകൊണ്ട് സമ്പത്ത് നിയന്ത്രിക്കാൻ കഴിഞ്ഞാൽ ജാതി ഇല്ലാതാകും ദളിതൻ അടിച്ചമർത്തപ്പെടേണ്ടി വരുന്നത് സമ്പത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ടതു കൊണ്ടായിരുന്നു. ദലിത് മുതലാളിമാർക്ക് യാതൊരു വിവേചനവുമില്ല.” എന്ന കണ്ടെത്തൽ നടത്തുന്നു.

എല്ലാ ദളിതരും എല്ലാ ആദിവാസികളും അങ്ങനെ ജാതിയുടെയും മതത്തിന്റെയും പേരിൽ വിവേചനം നേരിടുന്ന എല്ലാവരും മുതലാളിമാരായി മാറുന്ന , അങ്ങനെ വിവേചനം ഇല്ലാതായി മാറുന്ന ഒരു ഉട്ടോപ്പിയയാണ് പ്രൊഫ. കുഞ്ഞാമൻ സ്വപ്നം കാണുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടെങ്കിൽ ജാതിയും സമുദായവും മതവും അപ്രസക്തമാകും എന്ന് മറ്റൊരിടത്തും പറയുന്നുണ്ട്. പറയുന്ന കാര്യങ്ങളിൽ ഭാഗികമായ ശരി ഉണ്ടാവാം. എന്നാൽ സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഇത് പൂർണമായും ശരിയാണെന്ന് ആർക്കും പറയാനാവില്ല.

മുതലാളിത്തത്തിന്റെ ഏറ്റവും നല്ല ഗുണമായി പ്രൊഫസർ കുഞ്ഞാമൻ കാണുന്നത് അത് വ്യക്തിസ്വാതന്ത്ര്യം അനുവദിക്കുന്നു എന്നതാണ്. എന്നാൽ നവ ലിബറൽ നയങ്ങൾ പിന്തുടരുന്ന ഇന്ത്യയിൽ സ്വാതന്ത്ര്യം എന്ന അവകാശം പ്രായോഗികതലത്തിൽ എത്രത്തോളം ലഭ്യമാകുന്നുണ്ട് എന്നുള്ള കാര്യം വിശകലനം ചെയ്യാവുന്നതേയുള്ളൂ.രാജ്യത്ത് വ്യക്തിസ്വാതന്ത്ര്യത്തിന് പ്രഥമ പരിഗണന നൽകുന്ന ഒരു ഭരണഘടന നിലനിൽക്കുമ്പോൾ തന്നെ വ്യക്തിസ്വാതന്ത്ര്യത്തെയും ഭരണഘടനയെ തന്നെയും ഇല്ലാതാക്കാൻ ശ്രമിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളാണ് നിലനിൽക്കുന്നത് എന്ന യാഥാർത്ഥ്യം കാണാതിരിക്കാനാവില്ല.

ഇന്ത്യയിൽ വലിയൊരു മാറ്റത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നത് നവ ലിബറൽ സാമ്പത്തിക ക്രമം വന്നതോടെയാണ് എന്ന് പ്രൊഫ. കുഞ്ഞാമൻ പറയുന്നു.”അതുവരെ ഉല്പാദകന്റെ സ്വത്വമാണ് ഉത്പന്നത്തിന്റെ സ്വത്വം നിശ്ചയിച്ചിരുന്നത്. അതൊരു ഫ്യൂഡൽ സംവിധാനം കൂടിയായിരുന്നു. നവ ലിബറൽ സാമ്പത്തിക ക്രമം വന്നപ്പോൾ ഉത്പാദകന്റെ സ്വത്വത്തിന് പ്രാധാന്യമില്ല. ഉത്പന്നത്തിന്റെ ഗുണത്തിനാണ് പ്രാധാന്യം എന്ന് വന്നു. ഉത്പന്നം എന്നത് വളരെ മതേതരമായ ഒന്നാണ്.”- ഈ വാദം ഇന്ത്യൻ സാഹചര്യത്തിൽ നിലനിൽക്കുന്നതേയല്ല.

ബ്രാഹ്മിൻ സാമ്പാർ പൊടിയും കെ പി നമ്പൂതിരീസ് ടൂത്ത് പേസ്റ്റും വിപണി കയ്യടക്കുമ്പോൾ പുലയ സാമ്പാർ പൊടിയും ഈഴവ ടൂത്ത് പേസ്റ്റുമൊന്നും വിപണിയിൽ എത്താത്തതിന്റെ കാരണം എന്തെന്ന് കൂടി പ്രൊഫസർ കുഞ്ഞാമൻ വ്യക്തമാക്കണം. മാർക്സിനോട് ചേർന്ന് നിൽക്കെ തന്നെ മുതലാളിത്തത്തെ പുൽകുക, സവർണ്ണ മേധാവിത്തത്തെ എതിർക്കുമ്പോൾ തന്നെ സവർണർ അല്ല ദളിതർക്ക് എതിരെ നിൽക്കുന്നതെന്നും പിന്നാക്കക്കാരാണെന്നും സ്ഥാപിക്കുക, അംബേദ്കറോട് ചേർന്നുനിൽക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ പല നിലപാടുകൾക്കും കടകവിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുക എന്നിങ്ങനെ നിലപാടുകളിലെ വൈരുദ്ധ്യം കൊണ്ട് സമ്പന്നമാണ് എതിര് എന്ന കൃതി.

ഹൈന്ദവ വർഗീയതയോടുള്ള അപകടകരമായ നിശബ്ദത

ഇന്ത്യയിൽ മൂലധന ശക്തികൾക്ക് ആധിപത്യം ഉറപ്പാക്കാൻ എല്ലാ സൗകര്യവും ചെയ്തു കൊടുക്കുന്ന, ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ തമ്മിലടിപ്പിച്ച് അധികാരത്തിൽ തുടരുന്ന ഒരു രാഷ്ട്രീയകക്ഷിക്ക് ഭരണഘടനയുടെ ആധാരശിലകളായ ജനാധിപത്യം, ഫെഡറലിസം, മതേതരത്വം, സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നിവയെല്ലാം ഉന്മൂലനം ചെയ്യപ്പെടേണ്ട സങ്കല്പങ്ങളാണ്. മാധ്യമങ്ങളിലൂടെ, വിദ്യാഭ്യാസത്തിന്റെ കാവിവൽക്കരണത്തിലൂടെ, സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും അവരത് ചെയ്തുവരുന്നുണ്ട്. മത രാഷ്ട്രം സൃഷ്ടിക്കാൻ ഏതറ്റം വരെയും പോകുന്ന, അപരനാണ് തന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് ജനങ്ങളെ പഠിപ്പിക്കുന്ന, ആ അപരർ മുസ്ലീങ്ങളും ദളിതുകളുമാണെന്ന് ചൂണ്ടിക്കാണിക്കുന്ന, അവർക്ക് നേരെ അക്രമം ഒഴിച്ചുവിടുന്ന, ഒരു ഭരണകക്ഷിക്കെതിരെ ഒരക്ഷരം പറയാൻ പ്രൊഫ.കുഞ്ഞാമന് നാവ് പൊന്താത്തത് എന്തുകൊണ്ടാവും?

ആഗോളീകരണത്തിന്റെ വരവോടെ ഇന്ത്യയിൽ വർഗീയതയും നവ ചാതുർവർണ്യവും ബലപ്പെടുകയാണ് ചെയ്തത് എന്ന വാദത്തെ തള്ളിക്കളയുന്ന അദ്ദേഹം ദളിതർക്ക് എതിരെ അതിക്രമം നടക്കുന്നുണ്ട് എന്ന് സമ്മതിക്കുന്നുണ്ട്. യുപിയിലും ബീഹാറിലും ഒക്കെ ദളിതരായ കർഷക തൊഴിലാളികളെ അടിച്ചമർത്താൻ പിന്നാക്കക്കാരുടെ സേനകൾ ഉണ്ട് എന്ന് എഴുതുന്നുമുണ്ട്. അതിൽ വാസ്തവമുണ്ട്. പക്ഷേ രാജ്യവ്യാപകമായി ദളിതർക്കെതിരെ അക്രമം അഴിച്ചുവിടുന്നതും മതന്യൂനപക്ഷങ്ങളെയും ദളിതരെയും എതിർ ചേരിയിൽ നിർത്തി പോരടിപ്പിക്കുന്നതും അതിന്റെ ഗുണഭോക്താക്കളായി മാറി അധികാരത്തിലേറുകയും അധികാരം നിലനിർത്തുകയും ചെയ്യുന്നതും ബിജെപി യും സംഘപരിവാർ സംഘടനകളുമാണെന്ന് ഒരിടത്തും പരാമർശിക്കുക പോലും ചെയ്യുന്നില്ല എന്നത് മതേതര വിശ്വാസികളിൽ ഞെട്ടലുണ്ടാക്കും,

“ഹിന്ദുത്വ ശക്തികളുടെ പുനർ ആവിർഭാവത്തോടെ അംബേദ്കറിസം പ്രത്യയശാസ്ത്രമായി ഉപയോഗിക്കുന്ന ദളിത് വിദ്യാർത്ഥി സംഘടനകൾക്ക് പുതിയ ഊർജ്ജം കൈവന്നിട്ടുണ്ട്. ഹിന്ദുത്വ ശക്തികളുടെ തിരിച്ചുവരവ് ദളിതരുടെ ശക്തി കൂട്ടുകയാണ് ചെയ്തത്. ഇവരുടെ എതിർപ്പിനു കരുത്തേറിയിട്ടുണ്ട്.” ഈ വരികൾ വായിച്ചാൽ ഹിന്ദുത്വ ശക്തികളുടെ തിരിച്ചുവരവ് ദളിതർക്ക് നല്ല കാലംവരുന്നു എന്നതിന്റെ സൂചനയാണെന്ന തോന്നലാണ് വായനക്കാരിൽ ഉണ്ടാക്കുക.

ഇന്ത്യയിലെ ഇടതുപക്ഷ പാർട്ടികളെ അവരുടെ നയങ്ങളുടെയും നിലപാടുകളുടെയും പേരിൽ പേരെടുത്ത് പറഞ്ഞ് വിമർശിക്കുന്ന എം കുഞ്ഞാമൻ ജാതിയുടെയും മതത്തിന്റെയും പേരിൽ കലാപങ്ങൾ സൃഷ്ടിക്കുന്ന, സാധാരണക്കാരുടെ ജീവിതം നരക തുല്യമാക്കുന്ന ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയെക്കുറിച്ച് ഒന്നോ രണ്ടോയിടത്തു മാത്രമേ പരാമർശിക്കുന്നുള്ളൂ എന്നതും അതുപോലും വിമർശിക്കാൻ വേണ്ടിയല്ല എന്നതും പ്രത്യേകം ശ്രദ്ധിക്കണം. ദളിതർക്ക് എതിരെ സംഘപരിവാറും ബിജെപിയും നടത്തുന്ന അതിക്രമങ്ങളെ, മുൻകൂട്ടി ആസൂത്രണം ചെയ്ത കലാപങ്ങളെ, അറസ്റ്റുകളെക്കുറിച്ചൊന്നും എതിര് എന്ന കൃതിയിൽ പരാമർശങ്ങൾ പോലുമില്ല. ഗോധ്ര കലാപത്തിന്റെ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാതെ സംസ്ഥാന സർക്കാരും പോലീസും ദളിത് മുസ്ലിം മേഖലകളിലെ നിഷ്കളങ്കരായ മനുഷ്യരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയതിനെതിരെ കുറിച്ചൊന്നും അദ്ദേഹം അറിഞ്ഞിട്ടു പോലുമില്ലെന്ന് തോന്നും എതിര് എന്ന കൃതി വായിച്ചാൽ.

അംബേദ്കർക്ക് ഹിന്ദുമതത്തോടോ അത് നിലനിർത്തുന്ന അസമത്വങ്ങളോടോ വിവേചനങ്ങളോടോ അതിലൂടെ നേടുന്ന രാഷ്ട്രീയ അധികാരത്തോടോ സന്ധി ചെയ്യാനാവുമായിരുന്നില്ല. ഇന്ത്യയിൽ അധ്വാനിക്കുന്ന വർഗ്ഗത്തിന്റെ രണ്ട് ശത്രുക്കളായി അംബേദ്കർ വിശ്വസിച്ചത് മുതലാളിത്തവും ബ്രാഹ്മണ്യവും ആണെന്നാണ്. വിവേചനം നേരിടുന്ന എല്ലാ ദളിതരും ആദിവാസികളും മുതലാളിമാർ ആയാൽ തീരുന്ന നീതി രാഹിത്യം മാത്രമേ ഇന്ത്യയിലുള്ളൂ എന്ന് വിശ്വസിക്കുന്ന പ്രൊഫസർ എം കുഞ്ഞാമൻ മനഃപൂർവ്വം മറച്ചുവെക്കുന്ന ചില യാഥാർത്ഥ്യങ്ങളുണ്ട്.

“ഇന്ന് ആധുനിക മുതലാളിത്തത്തിന്റെ ദയാരഹിതമായ മുന്നേറ്റത്തിന് ശക്തമായ പ്രതിബന്ധം ആദിവാസികളാണ്. അടിസ്ഥാന സൗകര്യ വികസനത്തിനും ഖനന കോർപ്പറേറ്റുകൾക്കുമായി ആദിവാസി ഭൂമി കൈമാറാൻ ഒപ്പിട്ട ഇന്ത്യൻ ഭരണകൂടത്തിനെതിരെ ആഭ്യന്തര യുദ്ധത്തിൽ കുറയാത്ത പോരാട്ടമാണ് അവർ നടത്തുന്നത്. നർമ്മദ താഴ്വരയിൽ വലിയ അണക്കെട്ടുകൾക്കെതിരെ ദശാബ്ദങ്ങൾ നീണ്ട സമരത്തിന്റെ നട്ടെല്ലാണ് ഈ ആദിവാസി വിഭാഗങ്ങൾ. അവർ മധ്യ ഇന്ത്യയിലെ വനങ്ങളിൽ സർക്കാർ വിന്യസിച്ച പതിനായിരക്കണക്കിന് വരുന്ന അർദ്ധ സൈനികർക്കെതിരെ പോരാടുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാവോയിസ്റ്റ്)ജനകീയ വിമോചന ഗറില്ല സേനാ അണികളിൽ നല്ല പങ്കുവരുന്നു.” (‘ജാതി ഉന്മൂലന’ത്തിന്റെ അവതാരികയിൽ അരുന്ധതി റോയ്.)

രാജ്യത്തെയും അതിന്റെ ഭരണഘടനയെയും തകർത്തു കളയുന്ന മതഭീകരവാദത്തെ കണ്ടില്ലെന്ന് നടിക്കുന്ന, എന്നാൽ അതിനെതിരെ പ്രതിരോധം തീർക്കുന്ന ഇടതുപക്ഷത്തിനെതിരെയുള്ള ഏകപക്ഷീയമായ വിമർശനങ്ങൾ ദലിത് ആദിവാസി വിഭാഗങ്ങൾക്ക് ഒട്ടും ഗുണകരമാവില്ല എന്ന തിരിച്ചറിവ് വളരെ പ്രധാനമാണ്.

ആർ എസ് എസിനെ  സാംസ്കാരിക സംഘടനയാക്കുന്ന ഉദാരത

കുട്ടിക്കാലം മുതൽ ജാതിയുടെ പേരിലുള്ള വിവേചനങ്ങൾ അനുഭവിച്ചു വന്ന, അതിനോട് പൊരുതി തന്റേതായ ഇടം കണ്ടെത്തിയ, ഒരാൾ ഇടതുപക്ഷത്തെയും കോൺഗ്രസിനെയും തഴഞ്ഞ് വിവേചനങ്ങളും അസമത്വങ്ങളുമില്ലാത്ത സാംസ്കാരിക ഭൂമിക ഒരുക്കുന്ന സംഘടനയായി ആർഎസ്എസിനെ കാണുന്നത് ആ മനുഷ്യൻ എത്തിച്ചേർന്ന രാഷ്ട്രീയ ദുരന്തത്തെ കാണിക്കുന്നു. മറ്റു മതങ്ങളിലും സമുദായങ്ങളിലും ഒക്കെ ഉള്ളതുപോലുള്ള ഒരു സാംസ്കാരിക സംഘടനയാണ് ആർഎസ്എസ് എന്നും ഇത്തരം സംഘടനകൾ മുസ്ലീങ്ങൾക്കിടയിലും ദളിതർക്കിടയിലും പ്രവർത്തിച്ചുവരുന്നു എന്നും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ എം കുഞ്ഞാമൻ പറയുന്നു. രാജ്യത്ത് ബ്രാഹ്മണിക്കൽ ഹിന്ദൂയിസം ഇല്ലാതായെന്നും അതിന് കാരണക്കാരൻ നരേന്ദ്രമോദി ആണെന്നും അദ്ദേഹം പറയുന്നുണ്ട്.

ആർഎസ്എസിനെക്കുറിച്ചോ അതിന്റെ ഘടനയെക്കുറിച്ചോ പഠിച്ചിട്ടില്ലെങ്കിലും അതൊരു സാംസ്കാരിക സംഘടനയാണെന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ട്! ഈ നിലപാടിൽ പുതുമ ഒന്നുമില്ല എന്നും എതിര് എന്ന കൃതിയിൽ അനുവർത്തിച്ചുവരുന്ന നിലപാട് തന്നെയാണ് ഇതൊന്നും ആ കൃതി സൂക്ഷ്മമായി വായിച്ചവർക്ക് മനസ്സിലാകും. പലപ്പോഴും അധികാരത്തിലേറാനും അത് നിലനിർത്താനുമായി ബിജെപിയും സംഘപരിവാർ സംഘടനകളും പയറ്റിയിരുന്ന തന്ത്രങ്ങൾ തന്നെയാണ് എതിര് എന്ന കൃതിയിലും കണ്ടെത്തലുകളായി പ്രത്യക്ഷപ്പെടുന്നതെന്ന് കാണാം.

ഭൂരിപക്ഷത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ന്യൂനപക്ഷമാണെന്ന്, (പ്രാദേശിക ഭേദമനുസരിച്ച് ഈ ന്യൂനപക്ഷം മുസ്ലിങ്ങളായും ക്രിസ്ത്യാനികളായും ദളിതരായും പിന്നോക്കകാരായും രണ്ടുകൂട്ടർ ചേർന്ന ഗ്രൂപ്പുകളായും മാറാം) ഇപ്പോൾ പിന്നാക്ക വിഭാഗങ്ങളാണ് ദളിതരുടെ പ്രശ്നം എന്ന കണ്ടെത്തൽ കുഞ്ഞാമൻ നടത്തുന്നുണ്ട് “ദളിതരും പിന്നോക്കക്കാരും തമ്മിലാണ് യഥാർത്ഥ പ്രശ്നം. അല്ലാതെ ദളിതരും സവർണ്ണരും തമ്മിലുള്ള സംഘർഷം അല്ല” എന്ന് പറയുന്നു. ഇപ്പോൾ പിന്നാക്കക്കാരാണ് സമ്പത്ത് കയ്യടക്കി വെച്ചിരിക്കുന്നത് എന്നു പറഞ്ഞുകൊണ്ട് പിന്നാക്ക ദളിത്‌ അപരവൽക്കരണം നടത്തുന്നു.

മുസ്ലിം പിന്നാക്ക വിഭാഗങ്ങളെയും മുസ്ലിം ദളിത് വിഭാഗങ്ങളെയും തമ്മിലടിപ്പിച്ച് യു പിയിലും ഗുജറാത്തിലും ഒക്കെ ബിജെപി ഇത്തരത്തിൽ തങ്ങളുടെ ലക്ഷ്യം സാധിച്ചിട്ടുണ്ട്. ബിജെപി അപരവൽക്കരണം നടത്തുന്നത് അധികാരം നേടാൻ വേണ്ടിയാണെങ്കിൽ അതേ നിലപാട് എം കുഞ്ഞാമൻ എടുക്കുന്നത് ബിജെപിയോടുള്ള അനുഭവം തുറന്നു പ്രകടിപ്പിക്കാൻ വേണ്ടി തന്നെയാണ്. കൃതിയിലെടുത്ത നിലപാടുകളുടെ തുറന്നുപറച്ചിലായി അഭിമുഖത്തിലെ വാക്കുകളെ കണ്ടാൽ മതി.

രാജ്യത്തെ കലാപഭൂമിയാക്കുന്ന, മത സൗഹാർദ്ദത്തിൽ ജീവിക്കുന്ന മനുഷ്യർക്കിടയിൽ സാമുദായിക സ്പർധ വളർത്തുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്ന, മൂലധന ശക്തികൾക്ക് രാജ്യത്തെ വിറ്റ് തുലക്കുന്ന, ജാതിയും മതവും ഉപയോഗിച്ച് അധികാരം പിടിക്കാൻ ഏത് കുത്സിത പ്രവർത്തിയും ചെയ്യാൻ മടിക്കാത്ത, ഒരു രാഷ്ട്രീയപാർട്ടിക്ക് വെള്ളവും വളവും ഇട്ടുകൊടുക്കുന്ന ഒരു മതസംഘടന സാംസ്കാരിക സംഘടനയാണെന്ന് പറയുന്ന എം കുഞ്ഞാമന്റെ വാക്കുകൾ ഒട്ടും നിഷ്കളങ്കമല്ല. ഇതിനെതിരെ മതേതര വിശ്വാസികളിൽ നിന്ന് വലിയ എതിർപ്പ് ഉയർന്നു വരേണ്ടതാണ്.

എതിര് എന്ന കൃതിയുടെ അവസാന അധ്യായത്തിന്റെ പേര് ‘അപൂർണം’ എന്നാണ്. സ്വന്തം ജീവിതത്തോടും അനുഭവങ്ങളോടും താൻ ജീവിച്ച കാലത്തോടും തികഞ്ഞ സത്യസന്ധത പുലർത്തുന്ന എഴുത്താണ് എം കുഞ്ഞാമൻ്റേത്. എങ്കിലും അത് പലതലത്തിൽ അപൂർണ്ണവും വസ്തുതകളെ മറച്ചുപിടിക്കുന്നതുമാണ്. നിലപാടുകളിലെ വൈരുദ്ധ്യങ്ങളും, മത വർഗീയ പാർട്ടികളോടും സംഘടനകളോടും എടുക്കുന്ന അനുഭാവ പൂർണ നിലപാടുകളും തീർച്ചയായും ചോദ്യം ചെയ്യപ്പെടും. അതുകൊണ്ട് എതിര് എന്ന കൃതിക്ക് പിന്തുടർച്ചകൾ ഉണ്ടാകേണ്ടതുണ്ട്.

ദളിത് വിഭാഗത്തിൽ നിന്നുള്ള എഴുത്തുകാരിൽ നിന്നും ചിന്തകരിൽ നിന്നുമാണ് അത് ഉണ്ടാവേണ്ടത്. രാജ്യത്തെ അപകടപ്പെടുത്തുന്ന മതഭീകരവാദത്തോടുള്ള സന്ധിയില്ലാത്ത നിലപാടാണ് അവയിൽ പ്രതിഫലിക്കേണ്ടത്. അത് ഉണ്ടാവുക തന്നെ ചെയ്യും കാരണം കാലം അത് ആവശ്യപ്പെടുന്നു.

FAQs

ആരാണ് ഇ എം എസ്?

ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും കേരളീയ കമ്മ്യൂണിസത്തിന്റെ താത്വികാചാര്യനും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു ഇ എം എസ്.

എന്താണ് സംഘ പരിവാർ?

രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ (ആർഎസ്എസ്) പ്രവർത്തകർ രൂപം നൽകിയ സംഘടനകളുടെ ഗണമാണ് സംഘ പരിവാർ എന്നറിയപ്പെടുന്നത്. രാഷ്ട്രീയ സ്വയംസേവക സംഘവും മറ്റു പല ചെറുതും വലുതുമായ ഹൈന്ദവ സംഘടനകളുമാണ് ഇതിലെ അംഗങ്ങൾ.

Quotes

“എൻ്റെ സാമൂഹ്യ ദർശനം മൂന്ന് വാക്കുകളിൽ സംഗ്രഹിക്കാവുന്നതാണ്. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം.” – ഡോ. ബി ആർ അംബേദ്കർ.

ജൂലി ഡി എം: എഴുത്തുകാരിയും അധ്യാപികയുമാണ്. തിരുവനന്തപുരം സ്വദേശി. ഓൺലൈൻ മാധ്യമങ്ങളിൽ എഴുതുന്നു

By ജൂലി ഡി എം

എഴുത്തുകാരിയും അധ്യാപികയുമാണ്. തിരുവനന്തപുരം സ്വദേശി. ഓൺലൈൻ മാധ്യമങ്ങളിൽ എഴുതുന്നു.