മെയ്തേയി സമുദായത്തിന് പട്ടികവർഗ പദവിക്ക് നൽകിയതിനെ ചൊല്ലി പ്രതിഷേധം ശക്തമായ മണിപ്പൂരില്‍ സംഘർഷം രൂക്ഷമാകുന്നു. കലാപകാരികളെ അടിച്ചമർത്താനായി ഷൂട്ട് അറ്റ് സൈറ്റിന് ഗവർണറുടെ ഉത്തരവ്. അതിനിടെ മണിപ്പൂർ സംഘർഷത്തിൽ ബിജെപി എംഎൽഎക്ക് ഗുരുതര പരിക്കേറ്റു. കലാപകാരികളുടെ ആക്രമണത്തിലാണ് വുംഗ്സാഗിൻ വൽത എംഎല്‍എയ്ക്ക് പരിക്കേറ്റത്. സംഘർഷത്തിനിടെ പൊലീസ് ട്രെയിനിംഗ് കോളെജിൽ കടന്ന അക്രമികൾ ആയുധങ്ങൾ കവർന്നത് വലിയ ആശങ്കയ്ക്ക് വഴി വെച്ചിട്ടുണ്ട്.
സംഘർഷ സാഹചര്യം കണക്കിലെടുത്ത് മണിപ്പൂരിലേക്ക് ഇന്ന് കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും. നാഗാലാൻഡിൽ നിന്ന് അടക്കമുള്ള സൈനികരെയാണ് മണിപ്പൂരിലേക്ക് അയക്കുക. കലാപത്തെ തുടർന്ന് ഒൻപതിനായിരം പേരെ ഇതുവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കലാപത്തില്‍ നിരവധി വീടുകളും വാഹനങ്ങളും ആരാധനാലായങ്ങളും അക്രമികൾ തകർത്തു. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ കലാപത്തെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റർനെറ്റ് ബന്ധം പലയിടത്തും വിച്ഛേദിച്ചിരിക്കുകയാണ്. സംഘർഷ മേഖലകളായ ജില്ലകളിൽ നിരോധനാജ്ഞയും ഇൻറർനെറ്റ് നിരോധനവും ഇന്നും തുടരും.