Tue. Apr 30th, 2024

ഐപിഎലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ്ങ് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം. പോയിന്റ് ടേബിളില്‍ ഗുജറാത്ത് ഒന്നാമതും രാജസ്ഥാന്‍ നാലാമതുമാണ്. ഇന്നത്തെ കളി വിജയിച്ചാല്‍ രാജസ്ഥാന്‍ പട്ടികയില്‍ ഒന്നാമതെത്തും. രാജസ്ഥാന്‍ തോറ്റാല്‍ ഗുജറാത്ത് ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിക്കും.

ശക്തമായ ഒരു സ്‌ക്വാഡ് ഉണ്ടായിട്ടും മോശം തീരുമാനങ്ങള്‍ കൊണ്ട് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. മുംബൈയോട് കഴിഞ്ഞ കളിയില്‍ നേരിട്ട തോല്‍വിയടക്കം മോശം തീരുമാനങ്ങള്‍ കാരണമായിരുന്നു. ബാറ്റിംഗ് ഓര്‍ഡര്‍ തന്നെയാണ് ജയിക്കാമെന്നുറപ്പുള്ള പല മത്സരങ്ങളും രാജസ്ഥാനെ പരാജയപ്പെടുത്തിയത്. അശ്വിന്റെ ബാറ്റിംഗ് ഓര്‍ഡര്‍, ദേവ്ദത്തിന്റെ ബാറ്റിംഗ് ഓര്‍ഡര്‍, ഹോള്‍ഡറിന്റെ അണ്ടര്‍ യൂട്ടലൈസേഷന്‍ തുടങ്ങിയ തീരുമാനങ്ങളൊക്കെ തിരിച്ചടിച്ചു. പല മത്സരങ്ങളിലും നേരിയ മാര്‍ജിനിലാണ് രാജസ്ഥാന്‍ തോറ്റത്. ഈ പരാജയങ്ങളില്‍ മേല്പറഞ്ഞ മോശം തീരുമാനങ്ങള്‍ നിര്‍ണായകമായി. ജോസ് ബട്ട്‌ലര്‍, സഞ്ജു സാംസണ്‍, ഷിംറോണ്‍ ഹെട്‌മെയര്‍ എന്നീ പ്രധാന താരങ്ങളൊന്നും ഫോമിലല്ലാതിരുന്നിട്ടും രാജസ്ഥാന് വലിയ സ്‌കോറുകള്‍ പടുത്തുയര്‍ത്താന്‍ കഴിയുന്നു എന്നത് ശ്രദ്ധേയമാണ്. ഡെത്ത് ഓവര്‍ ബൗളര്‍മാരുടെ പോരായ്മയുണ്ടെങ്കിലും ടീമില്‍ മാറ്റമുണ്ടാവില്ല.

ഇന്റിമിഡേറ്റിങ്ങ് ആയ ബൗളിംഗ് നിരയുടെ കരുത്തുമായാണ് ഗുജറാത്ത് എത്തുന്നത്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ഡല്‍ഹിയോട് പരാജയപ്പെട്ടെങ്കിലും ഗുജറാത്ത് കരുത്തരാണ്. ഷമി, റാഷിദ്, ഹാര്‍ദിക്, ജോഷ്വ, നൂര്‍, മോഹിത് എന്നിങ്ങനെ ക്വാളിറ്റി ബൗളര്‍മാരുടെ ഒരു നീണ്ട നിരയാണ് ഗുജറാത്തിലുള്ളത്. ബാറ്റിംഗ് നിര സ്ഥിരമായി ഫോം കാത്തുസൂക്ഷിക്കുന്നില്ലെങ്കിലും പല മത്സരങ്ങളില്‍ പല താരങ്ങളാണ് തിളങ്ങാറുള്ളത്. അതുകൊണ്ട് തന്നെ ഗുജറാത്തിനെതിരായ ഗെയിം പ്ലാന്‍ എതിരാളികള്‍ക്ക് തലവേദനയാണ്. ടീമില്‍ മാറ്റമുണ്ടായേക്കില്ല.

ആദ്യ പാദ മത്സരത്തില്‍ ഗുജറാത്തിനെതിരെ ആവേശജയം നേടിയ രാജസ്ഥാന് ഇന്ന് കാര്യങ്ങള്‍ എളുപ്പമാവില്ല. സ്പിന്നര്‍മാരെ തുണയ്ക്കുമെന്ന് കരുതപ്പെടുന്ന പിച്ചില്‍ ഗുജറാത്തിന്റെ അഫ്ഗാന്‍ സ്പിന്‍ ദ്വയം വലിയ ഭീഷണി ആയേക്കും. രാജസ്ഥാനാവട്ടെ, ചഹാല്‍ -അശ്വിന്‍ സഖ്യത്തിന്റെ റോള്‍ നിര്‍ണായകമാവും.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.