ഐപിഎലില്‍ പഞ്ചാബിനെതിരെ മുംബൈയ്ക്ക് ആറുവിക്കറ്റ് ജയം. പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സെന്ന വിജയലക്ഷ്യം ഏഴ് പന്ത് ശേഷിക്കെ മുംബൈ മറികടന്നു. മുംബൈയ്ക്കായി ഇഷാന്‍ കിഷന്‍ 75 റണ്‍സും സൂര്യകുമാര്‍ യാദവ് 66 റണ്‍സുമെടുത്തു. രോഹിത് ശര്‍മ പൂജ്യത്തിന് പുറത്തായി. ഐപിഎലില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്താകുന്ന താരമായി രോഹിത്. പതിനഞ്ചാം തവണയാണ് പൂജ്യത്തിന് മടങ്ങുന്നത്. പഞ്ചാബിനായി ലിയാം ലിവിങ്സ്റ്റന്‍ 42 പന്തില്‍ 82 റണ്‍സുമായി പുറത്താകാതെ നിന്നു. ജിതേഷ് ശര്‍മ 49 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ട് 53 പന്തില്‍ 119 റണ്‍സ് നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെ തുടക്കം പതിഞ്ഞ താളത്തോടെയായിരുന്നു. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിനെ (7 പന്തില്‍ 9) അവര്‍ക്കു നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാനും (20 പന്തില്‍ 30), മാത്യും ഷോര്‍ട്ടും (26 പന്തില്‍ 27) എന്നിവര്‍ ചേര്‍ന്ന് 49 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും സ്‌കോറിങ്ങിനു വേഗത കൈവന്നില്ല. പവര്‍പ്ലേ ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 50/1 എന്ന നിലയിലായിരുന്നു പഞ്ചാബ്. എട്ടാം ഓവറില്‍ ശിഖര്‍ ധവാനെയും 12ാം ഓവറില്‍ മാത്യു ഷോര്‍ട്ടിനെയും പീയൂഷ് ചൗളയാണ് പുറത്താക്കിയത്. ഇതിനുശേഷമാണ് ലിവിങ് ലിവിങ്സ്റ്റനും ജിതേഷ് ശര്‍മയും ഒന്നിച്ചത്. ഇതോടെ പഞ്ചാബ് ഇന്നിങ്‌സിന്റെ സ്‌കോറിങ് ടോപ് ഗിയറിലായി. ആദ്യ പത്ത് ഓവറില്‍ 78 റണ്‍സ് മാത്രം നേടിയ പഞ്ചാബ്, അവസാന പത്ത് ഓവറില്‍ 136 റണ്‍സാണ് അടിച്ചുകൂട്ടിയത്. അവസാന അഞ്ച് ഓവറില്‍ മാത്രം 69 റണ്‍സ്. 42 പന്തില്‍ നാല് സിക്‌സും ഏഴു ഫോറും സഹിതമാണ് ലിവിങ്സ്റ്റന്‍ 82 റണ്‍സെടുത്തത്. ജിതേഷ് ശര്‍മ രണ്ടു സിക്‌സും അഞ്ചു ഫോറും അടിച്ചു