Thu. May 2nd, 2024

നിലവിലെ കരാര്‍ അവസാനിക്കുന്നതോടെ ലയണല്‍ മെസി പാരീസ് സെന്റ് ജെര്‍മെയ്ന്‍ വിടുമെന്ന് റിപ്പോര്‍ട്ട്. അര്‍ജന്റീനിയന്‍ സൂപ്പര്‍ താരവുമായുള്ള കരാര്‍ പിഎസ്ജി പുതുക്കില്ലെന്നാണ് വിവരം. മെസിയുടെ അനധികൃത സൗദി യാത്ര, താരവും ക്ലബും തമ്മിലുള്ള ബന്ധം തകര്‍ത്തതായി പത്രപ്രവര്‍ത്തകന്‍ ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു

ടീം വിടാനുള്ള തീരുമാനം മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി പിഎസ്ജിയെ അറിയിച്ചതായി ട്രാന്‍സ്ഫര്‍ വിദഗ്ധന്‍ ഫാബ്രിസിയോ റൊമാനോ അവകാശപ്പെടുന്നു. ക്ലബ്ബിന്റെ അനുമതിയില്ലാതെ മിഡില്‍ ഈസ്റ്റിലേക്ക് യാത്ര ചെയ്തതിന്, മെസിക്ക് ഫ്രഞ്ച് ഭീമന്മാര്‍ രണ്ടാഴ്ചത്തെ സസ്പെന്‍ഷന്‍ നല്‍കിയതിന് പിന്നാലെയാണ് ഈ വാര്‍ത്ത വരുന്നത്.

ഞായറാഴ്ച ലോറിയന്റിനോട് പിഎസ്ജിയുടെ ഹോം തോല്‍വി (3-1) ഏറ്റുവാങ്ങിയതിന് പിന്നാലെ, മെസ്സി മിഡില്‍ ഈസ്റ്റിലേക്ക് യാത്ര പോയിരുന്നു. ഗള്‍ഫ് രാജ്യങ്ങളുടെ ടൂറിസം അംബാസഡര്‍ എന്ന നിലയിലുള്ള തന്റെ ചുമതലയുടെ ഭാഗമായാണ് മെസി യാത്ര നടത്തിയതെന്നാണ് കരുതുന്നത്. എന്നാല്‍ അന്ന് പരിശീലനം നിശ്ചയിച്ചിരുന്നതിനാല്‍ യാത്രയ്ക്ക് ക്ലബ് അനുമതി നല്‍കിയിരുന്നില്ല. പിന്നാലെയാണ് രണ്ടാഴ്ചത്തെ സസ്‌പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്.

സസ്‌പെന്‍ഷന്‍ കാലത്ത് മെസിക്ക് കളിക്കാനും പരിശീലിക്കാനും അനുമതിയില്ല. ഈ കാലയളവില്‍ പ്രതിഫലവും ക്ലബ്ബ് നല്‍കില്ല. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തുന്ന മെസ്സിക്ക് ഈ സീസണില്‍ ഇനി കളിക്കാനാകുക മൂന്നു മല്‍സരങ്ങള്‍ മാത്രമാകും. പിഎസ്ജിക്ക് വേണ്ടി 71 മത്സരങ്ങളില്‍ നിന്ന് 31 ഗോളുകള്‍ മെസി നേടിയിട്ടുണ്ട്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.