Wed. Nov 6th, 2024

ലോകബാങ്കിന്റെ തലപ്പത്ത് ഇന്ത്യന്‍ വംശജന്‍. 63കാരനായ അജയ് ബംഗയെ ലോകബാങ്കിന്റെ അടുത്ത പ്രസിഡന്റായി തെരഞ്ഞെടുത്തു. ലോകബാങ്കിന്റെ 14-ാമത് പ്രസിഡന്റാണ് ബംഗ. ലോകബാങ്കിന്റെ 25 അംഗ എക്സിക്യൂട്ടീവ് ബോര്‍ഡാണ് ബുധനാഴ്ച മുന്‍ മാസ്റ്റര്‍ കാര്‍ഡ് സിഇഒ അജയ് ബംഗയെ അഞ്ച് വര്‍ഷത്തേക്ക് പ്രസിഡന്റായി തെരഞ്ഞെടുത്തത്, ജൂണ്‍ 2 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. കാലാവസ്ഥാ വ്യതിയാനവും മറ്റ് ആഗോള പ്രതിസന്ധികളും നേരിടാന്‍ വായ്പാ ദാതാക്കളെ നവീകരിക്കാനുള്ള ചുമതല കൂടി മുന്നില്‍ കണ്ടാണ് ഇന്ത്യന്‍ വംശജനായ ധനകാര്യ വിദഗ്ധനെ നിയമിച്ചത്.

ബംഗയെ ഫെബ്രുവരി അവസാനത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഈ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യുകയായിരുന്നു, ട്രംപ് ഭരണകാലത്ത് നിയമിതനായ സാമ്പത്തിക വിദഗ്ധനും മുന്‍ യുഎസ് ട്രഷറി ഉദ്യോഗസ്ഥനുമായ ഡേവിഡ് മാല്‍പാസിന് പകരക്കാരനാവാനുള്ള ഏക മത്സരാര്‍ത്ഥിയായിരുന്നു അദ്ദേഹം.

മഹാരാഷ്ട്രയിലെ പൂനെയിലാണ് അജയ് ബംഗയുടെ ജനനം. അജയിന്റെ കുടുംബം ജലന്ധറില്‍ നിന്നും പൂനെയിലേക്ക് കുടിയേറിയവരാണ്. പിതാവ് ആര്‍മി ഉദ്യോഗസ്ഥനായിരുന്നു. ഷിംല, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലായിട്ടായിരുന്നു വിദ്യാഭ്യാസം.

2007ല്‍ ബംഗയ്ക്ക് അമേരിക്കന്‍ പൗരത്വം ലഭിച്ചു.1981ല്‍ നെസ്ലെയില്‍ മാനേജ്മെന്റ് ട്രെയിനിയായിട്ടാണ് ബംഗയുടെ കരിയര്‍ തുടങ്ങുന്നത്. 13 വര്‍ഷം ബംഗ സെയില്‍സ്, മാര്‍ക്കറ്റിംഗ്, ജനറല്‍ മാനേജ്മെന്റ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചു.പിന്നീട് അദ്ദേഹം പെപ്സികോയില്‍ ചേര്‍ന്നു. പിസ്സ ഹട്ട്, കെഎഫ്സി എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഫാസ്റ്റ് ഫുഡ് ഫ്രാഞ്ചൈസികളുടെ സമാരംഭത്തില്‍ പങ്കാളിയായി.2010ലാണ് മാസ്റ്റര്‍കാര്‍ഡിന്റെ സി.ഇ.ഒ ആകുന്നത്.

2015 ഫെബ്രുവരിയില്‍, പ്രസിഡന്റ് ബരാക് ഒബാമ, വ്യാപാര നയത്തിനും ചര്‍ച്ചകള്‍ക്കുമുള്ള പ്രസിഡന്റിന്റെ ഉപദേശക സമിതിയില്‍ അംഗമായി പ്രവര്‍ത്തിക്കാന്‍ ബംഗയെ നിയമിച്ചു.വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ഒരു ബാഹ്യ ഉപദേഷ്ടാവാണ് ബംഗ.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.