Sat. Apr 27th, 2024

സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് കോട്ടയം കടുത്തുരുത്തിയില്‍ ആതിര ജീവനൊടുക്കിയ കേസിലെ പ്രതി അരുണ്‍ വിദ്യാധരന്‍ ആത്മഹത്യ ചെയ്ത നിലയില്‍. കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ അപ്‌സര ലോഡ്ജിലാണ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മെയ് മാസം രണ്ടിനാണ് രാകേഷ് കുമാര്‍ പെരിന്തല്‍മണ്ണ എന്ന പേരില്‍ അരുണ്‍ ഇവിടെ മുറിയെടുത്തത്. കൂടുതല്‍ സമയവും മുറിക്കുള്ളില്‍ ചിലവഴിച്ച ഇയാള്‍ ഭക്ഷണം കഴിക്കാന്‍ മാത്രമായിരുന്നു പുറത്തിറങ്ങാറുണ്ടായിരുന്നതെന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നത്. മുറി തുറക്കാതായതോടെ ജീവനക്കാര്‍ പൊലീസ് സഹായത്തോടെ പരിശോധിച്ചപ്പോഴാണ് റൂമില്‍ നിന്നും ഐഡി കാര്‍ഡ് കണ്ടെത്തിയത്. വോട്ടര്‍ ഐഡി കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സുമാണ് മുറിയില്‍ നിന്നും കണ്ടെത്തിയത്. ഇതോടെയാണ് കോട്ടയത്തെ സൈബര്‍ കേസിലെ പ്രതിയെന്ന് പൊലീസിന് ഉറപ്പായത്.

നാല്‍പതംഗ പൊലീസ് സംഘം നാല് ദിവസമായി അന്വേഷണം നടത്തിയിട്ടും അരുണ്‍ വിദ്യാധരനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കിയിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അരുണ്‍ ആതിരക്കെതിരെ അപകീര്‍ത്തികരമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത്. ഇതിന് പിന്നാലെ തന്നെ പൊലീസ് അരുണിനായി അന്വേഷണം തുടങ്ങിയിരുന്നെങ്കിലും അപ്പോഴേക്കും അരുണ്‍ ഒളിവില്‍ പോയി. തിങ്കളാഴ്ച ആതിര ജീവനൊടുക്കി. പിന്നാലെ അരുണിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായി. തമിഴ്‌നാട് കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. ഇതിനിടെയാണ് കാസര്‍കോട്ട് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് കോട്ടയം പൊലീസിന് വിവരം ലഭിച്ചത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.