Sat. Dec 28th, 2024

വേനലവധി ക്ലാസുകള്‍ പൂര്‍ണ്ണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. എല്‍ പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ സ്‌കൂളുകളിലും നിരോധന ബാധകമാണ്. സിബിഎസ്ഇ സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.

വേനലവധിക്ക് കുട്ടികളെ പഠനത്തിനും പഠന ക്യാംമ്പുകള്‍ക്കും നിര്‍ബന്ധിക്കരുതെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മറ്റു തരത്തിലുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കാത്തപക്ഷം സ്‌കൂളുകള്‍ മാര്‍ച്ച് മാസത്തെ അവസാന പ്രവൃത്തിദിനത്തില്‍ അടയ്‌ക്കേണ്ടതും ജൂണ്‍മാസത്തെ ആദ്യ പ്രവൃത്തി ദിനത്തില്‍ തുറക്കേണ്ടതുമാണ്. ഈ വിഷയത്തില്‍ അതത് അധ്യയന വര്‍ഷത്തേക്ക് സ്‌കൂള്‍ കലണ്ടര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്നുമുണ്ട്.

എന്നാല്‍, ഇതിനു വിരുദ്ധമായി സംസ്ഥാനത്ത് പല വിദ്യാലയങ്ങളും അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നുണ്ട്. കുട്ടികളോടുള്ള ഇത്തരം സമീപനം അവരില്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും വേനല്‍ ചൂട് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഗവ. എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, സിഐഎസ്‌സി എന്നിങ്ങനെയുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധിക്കാലത്ത് ക്ലാസുകള്‍ നടത്തരുതെന്ന് സര്‍ക്കാര്‍ അനുശാസിക്കുന്നത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.