Sun. May 5th, 2024

കൂടത്തായി കൂട്ടക്കൊലക്കേസിലും കൂറുമാറ്റം. കേസിലെ നൂറ്റിയമ്പത്തിയഞ്ചാം സാക്ഷിയായ കട്ടാങ്ങല്‍ സ്വദേശി സിപിഎം പ്രാദേശിക നേതാവ് പ്രവീണ്‍ കുമാര്‍ എന്നയാളാണ് പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറിയത്. കോഴിക്കോട് കട്ടാങ്ങല്‍ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് പ്രവീണ്‍. കേസിലെ ഒന്നാം പ്രതി ജോളിക്കും നാലാം പ്രതി മനോജ് കുമാറിനും അനുകൂലമായാണ് ഇയാള്‍ കോടതിയില്‍ മൊഴി നല്‍കിയത്. കേസില്‍ ആദ്യമായാണ് ഒരാള്‍ കൂറുമാറുന്നത്.

ജോളിയുമായി ചേര്‍ന്ന് വ്യജ വില്‍പ്പത്രം തയ്യാറാക്കിയെന്ന കേസില്‍ നാലാം പ്രതിയാണ് മനോജ് കുമാര്‍. നേരത്തെ പഞ്ചായത്ത് അംഗമായിരുന്ന ഇയാളെ അടുത്തറിയാമെന്നും 15 വര്‍ഷം ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നുവെന്നുമാണ് പ്രവീണ്‍ നല്‍കിയ മൊഴി. തെളിവെടുപ്പ് വേളയില്‍ പൊലീസിന്റെ മഹദ്‌സറില്‍ സാക്ഷിയായി ഒപ്പ് വെച്ചതും പ്രവീണായിരുന്നു. എന്നാല്‍ തനിക്ക് പ്രതികളെ അറിയില്ലെന്നും പൊലീസ് തന്ന ഒരു രേഖയിലും ഒപ്പിട്ടിട്ടില്ലെന്നുമാണ് ഇന്ന് വിചാരണ വേളയില്‍ ഇയാള്‍ കോടതിയില്‍ പറഞ്ഞത്. ഒന്നാം പ്രതി ജോളിയുടെ സഹോദരന്മാര്‍ അടക്കം 46 പേരെയാണ് പ്രത്യേക കോടതി ഇന്ന് വിസ്തരിച്ചത്. ഇതില്‍ പ്രവീണ്‍ കുമാര്‍ മാത്രമാണ് കൂറുമാറിയത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.