Sat. Jan 18th, 2025

ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനായി അമേരിക്ക സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യൂബയും സന്ദര്‍ശിച്ചേക്കും. ഇതിനുള്ള ആലോചനകള്‍ നടക്കുന്നതായും തീയതി തീരുമാനിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടാനിരിക്കുന്നതേയുള്ളൂ. മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു.

ലോക കേരളസഭയുടെ മേഖല സമ്മേളനം അമേരിക്കയിലും സൗദി അറേബ്യയിലുമാണ് നടക്കുന്നത്. ജൂണ്‍ മാസം അമേരിക്കയിലും സെപ്റ്റംബര്‍ മാസം സൗദി അറേബ്യയിലും. ഇതിന് വേണ്ടി ചീഫ് സെക്രട്ടറി ചെയര്‍മാനായി സബ് കമ്മിറ്റി രൂപീകരിച്ചിരുന്നു. സൗദി അറേബ്യയിലെ സമ്മേളനത്തിന് ചീഫ് സെക്രട്ടറി ചെയര്‍മാനായ 7 അംഗ സബ് കമ്മിറ്റിയാണ് രൂപീകരിച്ചത്. അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തില്‍ ജൂണ്‍ 9 മുതല്‍ 11 വരെയാണ് ലോക കേരള സഭയുടെ മേഖലാ സമ്മേളനം. സമ്മേളനത്തില്‍ നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാര്‍ പി.ശ്രീരാമകൃഷ്ണന്‍, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഹരികൃഷ്ണന്‍ നമ്പൂതിരി, നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത് കോലശേരി എന്നിവര്‍ പങ്കെടുക്കും. ഇവരുടെ യാത്രയും മറ്റ് അനുബന്ധ ചെലവുകളും നോര്‍ക്ക വകുപ്പാണ് വഹിക്കുക. ഇവരുടെ യാത്രക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.