ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളും ഡല്‍ഹി പൊലീസും തമ്മില്‍ ഉന്തും തള്ളും. സമരക്കാരെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ചുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. സംഘര്‍ഷത്തിനിടെ പൊലീസ് മര്‍ദ്ദിച്ചതായി ഗുസ്തി താരങ്ങള്‍ പരാതി ഉന്നയിച്ചു. മദ്യപിച്ച പൊലീസുകാരാണ് മര്‍ദ്ദിച്ചതെന്നാണ് ആരോപണം.
രാത്രികാലങ്ങളില്‍ സമരപ്പന്തലിലെ വൈദ്യുതി പൊലീസ് വിച്ഛേദിക്കുന്നതടക്കമുള്ള ആരോപണങ്ങള്‍ നേരത്തെയും സമരക്കാര്‍ ഉന്നയിച്ചിരുന്നു. സമരം ആരംഭിച്ച ഘട്ടം മുതല്‍ തന്നെ ഡല്‍ഹിപൊലീസിന്റെ ഭാഗത്തുനിന്നും ചില ഇടപെടലുകള്‍ ഉണ്ടായി എന്നുള്ള ആരോപണവും ഗുസ്തി താരങ്ങള്‍ക്കുണ്ട്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് നിലവിലെ സംഘര്‍ഷം.
ലൈംഗിക പീഡന പരാതിയില്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ സമരം പതിനൊന്നാം ദിവസത്തിലാണ്. ഇതിനിടെയാണ് ഡല്‍ഹി പൊലീസുമായുള്ള ഏറ്റുമുട്ടല്‍. നിലവില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ ഉന്നത പൊലീസുകാരടക്കം സ്ഥലത്തുണ്ട്. സ്ഥിതിഗതികള്‍ ശാന്തമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ പൊലീസ് സേനയെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അതേസമയം മദ്യപിച്ച പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യമാണ് ഗുസ്തി താരങ്ങള്‍ ഉന്നയിക്കുന്നത്.
അതേസമയം സമരം ചെയ്യുന്ന ഗുസ്തി താരങ്ങളും പൊലീസും തമ്മിലുള്ള സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ജന്തർ മന്തറിൽ പൊലീസ് സുരക്ഷാ വിന്യാസം ശക്തമാക്കി. ജന്തർ മന്തറിലേക്കുള്ള എല്ലാ വഴികളും പൊലീസ് ബാരിക്കേട് വെച്ച് തടഞ്ഞു. ഗുസ്തി താരങ്ങൾ സമരം ചെയ്യുന്ന വേദിയിലേക്ക് മാധ്യമങ്ങൾക്കും പ്രവേശനമില്ല എന്ന് പൊലീസ്. രാവിലെ 9 മണിയോടെ പിന്തുണയ്ക്കുന്ന എല്ലാവരോടും സമര പന്തലിൽ എത്താൻ താരങ്ങൾ ആഹ്വാനം ചെയ്തു. ഇനിയും നടപടികൾ നീളുകയാണെങ്കിൽ എല്ലാ താരങ്ങളും നേടിയ മെഡലുകൾ രാഷ്ട്രപതിക്ക് തിരിച്ചു നൽകി കളി നിർത്തും എന്നും സമരക്കാർ പറഞ്ഞു. കൂടുതൽ സംഘടനകൾ ഇന്ന് പിന്തുണയുമായി ജന്തർ മന്തറിൽ എത്തും.