Wed. Jan 22nd, 2025

വിവാദ എ ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ ഉടന്‍ പിഴയീടാക്കില്ല. കെല്‍ട്രോണും മോട്ടോര്‍ വാഹന വകുപ്പും തമ്മിലുള്ള ധാരണാ പത്രം വൈകും. അന്വേഷണങ്ങള്‍ക്ക് ശേഷം ധാരണ പത്രം മതിയെന്നാണ് നിലവിലെ തീരുമാനം. വിവാദ വിഷയത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്ത ശേഷമാകും ഇരുകൂട്ടരും തമ്മില്‍ ധാരണാ പത്രം ഒപ്പിടുക. ആദ്യം ബോധവത്ക്കരണം പിന്നീട് മെയ് 20 മുതല്‍ പിഴയീടാക്കാമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. നിലവില്‍ ധാരണാ പത്രത്തില്‍ ഒപ്പിടില്ലെന്ന് ഉറപ്പായതോടെ പിഴയീടാക്കുന്നതും വൈകും. ഗതാഗതനിയമ ലംഘനം കണ്ടുപിടിക്കാന്‍ എ ഐ ക്യാമറകള്‍ സ്ഥാപിച്ചതില്‍ അഴിമതിയാരോപണം പ്രതിപക്ഷം ശക്തമാക്കിയ സാഹചര്യത്തില്‍ കൂടിയാണ് ഈ തീരുമാനം.

എഐ ക്യാമറയില്‍ ഗതാഗത നിയമലംഘനം കണ്ടെത്തിയാല്‍ കേന്ദ്രസര്‍ക്കാരിന്റെ പരിവാഹന്‍ സോഫ്റ്റുവയര്‍ വഴി വാഹന ഉടമയ്ക്ക് ആദ്യം എസ്എംഎസും പിന്നാലെ ഇ-ചെല്ലാനും കിട്ടുന്നതാണ് സേഫ് കേരള പദ്ധതി. എന്നാല്‍ ഒരു മാസത്തേക്ക് പിഴ വേണ്ട, ബോധവത്കരണം മതിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചതോടെ പദ്ധതി നടത്തിപ്പുകാരായ കെല്‍ട്രോണ്‍ വെട്ടിലായി. പിഴ ചുമത്താതെ നോട്ടീസ് പ്രിന്റെടുത്ത് രജിസ്റ്റേഡ് താപാലില്‍ അയക്കാനുള്ള പണം മോട്ടോര്‍ വാഹനവകുപ്പ് വഹിക്കണമെന്ന് കെല്‍ട്രോണ്‍ നിലപാട് സ്വീകരിച്ചു. എന്നാല്‍ കരാര്‍ പ്രകാരം ഇതെല്ലാം കെല്‍ട്രോണ്‍ തന്നെ ചെയ്യണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് നിലപാടെടുത്തു. ഇതോടെ തമ്മില്‍ തര്‍ക്കമായി. ധാരണാ പത്രം ഒപ്പിടാനുമായില്ല.

726 എഐ ക്യാമറകളാണ് സംസ്ഥാനമാകെ സ്ഥാപിച്ചത്. ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് പിഴയില്‍ നിന്നും ഇളവുണ്ട്. നഗര- ഗ്രാമ വ്യത്യസമില്ലാതെ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അനധികൃത പാര്‍ക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. 250 രൂപയാണിത്. അമിതവേഗം, സീറ്റ് ബെല്‍റ്റും- ഹെല്‍മറ്റും ധരിക്കാതെയുളള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുളള മൊബൈല്‍ ഉപയോഗം, രണ്ടുപേരില്‍ കൂടുതല്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നത്, റെഡ് ലൈറ്റ് മറികടക്കല്‍ എന്നി നിയമലംഘനങ്ങളാണ് എഐ ക്യാമറകള്‍ പിടികൂടുക.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.