ഇ പോസ് സംവിധാനം തകരാറിലായി സംസ്ഥാനത്തെ റേഷന്‍ വിതരണം താളം തെറ്റിയ സംഭവത്തില്‍ പരസ്പരം പഴിചാരി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സോഫ്റ്റ്വെയര്‍ അപ്ഗ്രഡേഷന് കേരളം തയ്യാറായില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള വിമര്‍ശനം. എന്നാല്‍ എന്‍ഐസിക്ക് കീഴിലെ ആധാര്‍ സര്‍വ്വീസിംഗ് ഏജന്‍സി സംവിധാനത്തിലേക്ക് ആധാര്‍ ഓതന്റിക്കേഷന്‍ മാറ്റിയാല്‍ തീരുന്ന പ്രശ്‌നമേ ഇപ്പോഴുള്ളൂവെന്നാണ് കേരളത്തിന്റെ വിശദീകരണം.
ഇ പോസ് സംവിധാനത്തിലെ പിഴവ് സംസ്ഥാനത്തെ റേഷന്‍ വിതരണ സംവിധാനത്തെയാകെ തകിടം മറിച്ചതോടെയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുന്നത്. സമയക്രമം വച്ചുള്ള റേഷന്‍ വിതരണമായിരിക്കും ഇന്നും സംസ്ഥാനത്ത് നടക്കുക. ഇതിനിടെയാണ് കാലഹരണപ്പെട്ട പിഡിഎസ് സംവിധാനം ഒഴിവാക്കാന്‍ കേരളത്തോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നെന്നും ഇത് നടപ്പാക്കത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും കേന്ദ്രം വാദിച്ചത്.
നിലവില്‍ റേഷന്‍ വിതരണത്തിലെ ആധാര്‍ ഓഥന്റിക്കേഷന് വേണ്ടി കേരള ഐടി മിഷന്റെ സംവിധാനമാണ് ഉപയോഗിക്കുന്നത്. ബിഎസ്എന്‍എല്‍ ഹൈദരാബാദാണ് ഓതന്റിക്കേഷന്‍ സര്‍വ്വീസ് ഏജന്‍സി. പ്രസ്തുത ഏജന്‍സിക്ക് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ ഓതന്റിക്കേഷന്‍ പൂര്‍ണ്ണമായും പരാജയപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. എന്നാല്‍ എന്‍ഐസിയ്ക്ക് അഞ്ചില്‍പരം ആധാര്‍ സര്‍വ്വീസ് ഏജന്‍സികളുടെ സര്‍വ്വീസ് ലഭ്യമാണ്. അതിനാല്‍ തകരാര്‍ വന്നാലും സേവനം പൂര്‍ണ്ണമായും പരാജയപ്പെടുകയില്ല. ആധാര്‍ ഓതന്റിക്കേഷന്‍ എന്‍ഐസിയുടെ കീഴിലുള്ള ആധാര്‍ സര്‍വ്വീസിംഗ് ഏജന്‍സി സംവിധാനത്തിലേയ്ക്ക് മാറ്റണമെന്ന് കേരളം അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അപേക്ഷ പരിഗണിക്കുന്ന പക്ഷം നിലവിലെ സാങ്കേതിക തകരാര്‍ പൂര്‍ണ്ണമായും പരിഹരിക്കുവാന്‍ സാധിക്കുമെന്നുമാണ് സംസ്ഥാന നിലപാട്.