Mon. Dec 23rd, 2024

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ. ഐസിസിയുടെ വര്‍ഷാവസാന റാങ്കിംഗില്‍ ഓസ്ട്രേലിയയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. 121 പോയിന്റോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. 15 മാസങ്ങള്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ശേഷമാണ് ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തെത്തിയത്. അതേസമയം ഐസിസിയുടെ ടി20 റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയും ചെയ്തു.

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്ന സാഹചര്യത്തില്‍ റാങ്കിംഗിലെ കുതിപ്പ് ടീം ഇന്ത്യക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ഫൈനലില്‍ എതിരാളികള്‍ കൂടിയായ ഓസ്ട്രേലിയയെ പിന്നിലാക്കിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. ജൂണ്‍ ഏഴ് മുതല്‍ ഇംഗ്ലണ്ടിലെ ഓവലിലാണ് ടെസ്റ്റ് ഫൈനല്‍ നടക്കുന്നത്. ഇംഗ്ലണ്ടാണ് മൂന്നാം റാങ്കിംഗില്‍. സൗത്ത് ആഫ്രിക്ക നാലും ന്യൂസിലന്‍ഡ് അഞ്ചും സ്ഥാനങ്ങളിലാണുള്ളത്. പാകിസ്താന്‍, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സിംബാബ്വെ എന്നിവരാണ് ശേഷിക്കുന്ന റാങ്കുകളില്‍.

2020 മുതലുള്ള ടെസ്റ്റ് പരമ്പരകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് കണക്കാക്കിയത്. പുതിയ പട്ടിക ഇറങ്ങുന്നതിന് മുന്‍പ് 122 പോയിന്റാണ് ഓസ്ട്രേലിയയ്ക്ക് ഉണ്ടായിരുന്നത്. ഇന്ത്യക്ക് 119 പോയിന്റും. എന്നാല്‍ പുതിയ പട്ടികയില്‍ 2020 മേയ് മാസത്തിന് മുന്‍പുള്ള ടെസ്റ്റ് പരമ്പരകളിലെ ഫലങ്ങള്‍ ഒഴിവാക്കിയതോടെയാണ് ഇന്ത്യ 121 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഓസ്ട്രേലിയയുടെ പോയിന്റ് 116 ആയി കുറയുകയും ചെയ്യുകയായിരുന്നു.

ഐസിസിയുടെ ടി20 റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനം സുരക്ഷിതമാക്കി. രണ്ട് പോയിന്റ് കൂടി സ്വന്തമാക്കി 267 റേറ്റിംഗ് പോയിന്റോടെയാണ് ഇന്ത്യ ആധിപത്യം തുടര്‍ന്നത്. ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്. 259 റേറ്റിംഗ് പോയിന്റാണ് ഇംഗ്ലീഷ് പടയ്ക്കുള്ളത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.