Sat. Jan 18th, 2025

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടും. ഉച്ചയ്ക്ക് ശേഷമാകും മഴ ശക്തമാകുക. മലയോര മേഖലകളിലുള്ളവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. അതിശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാന്‍ ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. കേരള, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.

ഇന്നലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ കനത്ത മഴ രേഖപ്പെടുത്തിയിരുന്നു. കര്‍ണാടക തീരം മുതല്‍ വിദര്‍ഭ തീരം വരെയായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദപാത്തിയുടെ സ്വാധീനഫലമായാണ് മഴ ശക്തമായത്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മറ്റന്നാളോടെ മഴ കുറഞ്ഞേക്കും.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.