Wed. Nov 6th, 2024

ചില രാജ്യങ്ങളില്‍ ഉഷ്ണ തരംഗം കൂടുതലായി അനുഭപ്പെടാമെന്ന് ഗവേഷകര്‍. അഫ്ഗാനിസ്ഥാന്‍, പപ്പുവ ന്യൂ ഗ്വിനിയ , മധ്യ അമേരിക്ക എന്നീ രാജ്യങ്ങളില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്നും ജനജീവിതം ദുസ്സഹമാകുമെന്നുമാണ് ഗവേഷകരുടെ വെളിപ്പെടുത്തല്‍. കാലാവസ്ഥ വ്യതിയാനവും കൊടും ചൂടിനെ പ്രതിരോധിക്കാനുള്ള ക്ഷമത ജനങ്ങള്‍ക്കില്ലാത്തതും വെല്ലുവിളി സൃഷ്ടിക്കുകയാണെന്ന് ഗവേഷകര്‍ പറയുന്നു. വര്‍ധിച്ചുവരുന്ന ജനസംഖ്യയും പരിമിതമായ ആരോഗ്യ സംരക്ഷണവുമാണ് ഈ രാജ്യങ്ങളെ ഈ അവസ്ഥയിലേക്ക് നയിച്ചതെന്നുമാണ് ഗവേഷകരുടെ വിലയിരുത്തല്‍. നേച്ചര്‍ കമ്യൂണിക്കേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിരീക്ഷിച്ച 31 ശതമാനം പ്രദേശങ്ങളിലും ചൂട് അസാധാരണമാകും വിധം വര്‍ധിച്ചുവരികയാണെന്ന് പഠനം വ്യക്തമാക്കുന്നു. ബീജിംഗിലെയും മധ്യ യൂറോപ്പിലെയും ചില പ്രദേശങ്ങളില്‍ കൊടും ചൂടില്‍ നദികള്‍ വറ്റിവളരുകയും ജനങ്ങള്‍ ജലത്തിനായി വലയുകയും ചെയ്യുന്ന അവസ്ഥയാണ് ഉള്ളതെന്നാണ് കണ്ടെത്തല്‍. ഇതിനോടകം തന്നെ ചൈനയുടേയും യൂറോപ്പിന്റെയും ചില പ്രദേശങ്ങളില്‍ കടുത്ത വരള്‍ച്ച അനുഭവപ്പെടുകയും ചെയ്തു. മുന്‍ കാലങ്ങളെ അപേക്ഷിച്ച് വരും ദിനങ്ങളില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്നും ഇത് മനുഷ്യരെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.കൊടും ചൂടും ഉഷ്ണ തരംഗവും മനുഷ്യരേയും ജീവി വര്‍ഗങ്ങളേയും മരണത്തിലേക്ക് തള്ളിവിടുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം