Tue. May 14th, 2024

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്ന് എട്ട് ലക്ഷത്തിലേറെ പേര്‍ രാജ്യം വിടുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് യുഎന്‍ തയ്യാറാക്കിയ കണക്കുകളും റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍. പൗരന്മാരടക്കം 815,000 ത്തിലധികം പേര്‍ സുഡാനില്‍ നിന്ന് അയല്‍ രാജ്യങ്ങളിലേക്ക് നീങ്ങുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് യുഎന്‍ എച്ച് ആര്‍ അസിസ്റ്റന്‍ഡ് ഹൈക്കമീഷണര്‍ റവൂഫ് മൗസൗ പറഞ്ഞു. രാജ്യത്തെ പൗരന്മാര്‍ ഏഴ് അയല്‍രാജ്യങ്ങളിലേക്കായി പലായനം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യം വിടുന്നവരില്‍ 580,000 ത്തിലധികം പേര്‍ സുഡാന്‍ പൗരന്‍മാരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, 73,000ത്തിലേറെ പേര്‍ ഇതിനോടകം തന്നെ സുഡാനില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പാലായനം ചെയ്തിട്ടുണ്ട്. സുഡാനില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് നിന്നും ഇനിയും പലായന സാധ്യതയുണ്ടെന്ന് യു എന്‍ എച്ച് ആര്‍ മേധാവി ഫിലിപ്പ് ഗ്രാന്‍ഡില്‍ ട്വീറ്റ് ചെയ്തു. സൈന്യവും അര്‍ധസൈന്യവും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യം തകര്‍ച്ചയുടെ വക്കിലാണെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി. സുഡാനില്‍ ഭക്ഷണത്തിനും ജലത്തിനും ക്ഷാമം നേരിടുകയാണ്. 400ലേറെ പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ പറയുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം