Mon. Dec 23rd, 2024

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റിലായി. കരുമംകുളം സ്വദേശി ശബരിയെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ശബരിമല സ്ത്രീ പ്രവേശന വിവാദ സമയത്താണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്.

കേസില്‍ ആദ്യ അന്വേഷണത്തില്‍ അട്ടിമറി നടന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ആദ്യം അന്വേഷണ സംഘങ്ങള്‍ ശേഖരിച്ച ഫോണ്‍ രേഖകളും കയ്യെഴുത്തു പ്രതിയും സിസിടിവി ദൃശ്യങ്ങളുടെ വിവരങ്ങളുമാണ് നഷ്ടമായതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇടപെട്ട കേസായിരുന്നു ഇത്. പൂജപ്പുര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ആദ്യം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെയും പിന്നീട് കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണറുടെയും നേതൃത്വത്തിലുള്ള സംഘമാണ് അഞ്ചുമാസത്തിലധികം അന്വേഷിച്ചത്. ഇതിനു ശേഷം കേസ് ഫയല്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയപ്പോഴാണ് പ്രധാന തെളിവുകള്‍ നഷ്ടമായത്.

പ്രതികള്‍ ആശ്രമത്തിന് മുന്നില്‍ ഷിബുവിന് ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്ത് വച്ചിരുന്നു. ഈ കൈയെഴുത്ത് പൊലീസ് തെളിവായി കസ്റ്റഡിലെടുത്തുവെന്ന് മഹസറില്‍ രേഖപ്പെടുത്തി കോടതിയില്‍ നല്‍കി. കോടതി സ്റ്റേഷനില്‍ സൂക്ഷിക്കാനായി ഈ കൈയെഴുത്ത് മടക്കി നല്‍കി. പക്ഷെ ഇതിപ്പോള്‍ കേസ് ഫയലിലില്ല. സംഭവ ദിവസത്തെ കുണ്ടമണ്‍കടവ് ഭാഗത്തെ ഐഡിയ, വോഡോഫോണ്‍ കമ്പനികളുടെ ടവറില്‍ നിന്നുള്ള ഫോണ്‍ വിളി വിശദാംശങ്ങള്‍ ആദ്യ സംഘം കമ്പനിയില്‍ നിന്ന് ശേഖരിച്ചു. പക്ഷെ ഈ വിവരങ്ങളും ഇപ്പോള്‍ കാണാനില്ല. അഞ്ച് സി സി ടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയതില്‍ പ്രതികള്‍ സഞ്ചരിച്ച ബൈക്ക് വ്യക്തമായി തെളിഞ്ഞ രണ്ട് ദൃശ്യങ്ങളും കേസ് ഫയലില്ല. ഈ ദൃശ്യങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് ബൈക്ക് പ്രതികള്‍ നശിപ്പിച്ചതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. തെളിവുകള്‍ നഷ്ടമായതെന്നറിഞ്ഞിട്ടും ആദ്യം കേസന്വേഷിച്ച ക്രൈം ബ്രാഞ്ച് സംഘം ഇക്കാര്യം പുറത്തുപറയുകയോ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്തിരുന്നില്ല. എസ്പി സദാനന്ദന്റെ നേതൃത്വത്തില്‍ തുടരന്വേഷണം നടത്തിയ സംഘമാണ് ചോര്‍ച്ച കണ്ടെത്തി വിവരം ക്രൈം ബ്രാഞ്ച് എഡിജിപിയെ അറിയിച്ചത്.

ആദ്യ അന്വേഷണ സംഘം പലതും ഒളിച്ചുവെന്നാണ് സന്ദീപാനന്ദഗിരിയുടെയും പരാതി. എസ്പി സുനില്‍ കുമാറിന്റെയും ഡിവൈഎസ്പി എം.ഐ.ഷാജിയും നേതൃത്വത്തിലുളള നാലാമത്തെ സംഘമാണ് ആശ്രമം കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്തത്. നിലവില്‍ രണ്ട് പേരാണ് അറസ്റ്റിലായിട്ടുള്ളത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.